പൂസാകാന്‍ മദ്യം തന്നെ വേണമെന്നില്ല: ഒരു കുപ്പി അരിഷ്ടം അടിച്ചാല്‍ ഒന്നരക്കുപ്പി അടിച്ചതു പോലെ: കസ്റ്റഡിയില്‍
അടൂര്‍: മദ്യത്തിന് പകരം ലഹരി അരിഷ്ടം വിറ്റതിന് അച്ഛനും മകനും പിടിയില്‍. മുണ്ടപ്പള്ളി ഷാജി ഭവനത്തില്‍ ഷാജി, പിതാവ് ചന്ദ്രശേഖരന്‍ എന്നിവരാണ് പിടിയിലായത്. പെരിങ്ങനാട് പുത്തന്‍ ചന്തയില്‍ നിന്നും ബൈക്കില്‍ കൊണ്ടു വന്ന 41 കുപ്പി അരിഷ്ടം പിടിച്ചെടുത്തു.
പെരിങ്ങനാട് ഭാഗത്ത് മദ്യത്തിന് പകരമായി അരിഷ്ടം വന്‍തോതില്‍ വില്പന നടത്തുന്നുവെന്ന് എക്സൈസ് കമ്മിഷണര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഷാജിയെ ചോദ്യം ചെയ്തപ്പോള്‍ 14-ാം മൈല്‍ എക്സല്‍ വര്‍ക്ക് ഷോപ്പില്‍ പാര്‍ക്ക് ചെയ്തിരുന്ന ടാറ്റാ ഇന്‍ഡിക്ക കാറില്‍ കാര്‍ട്ടന്‍ ബോക്സില്‍ സൂക്ഷിച്ചു വെച്ചിരുന്ന 285 കുപ്പി അരിഷ്ടം കസ്റ്റഡിയില്‍ എടുത്തു. ആളുകള്‍ ഓര്‍ഡര്‍ ചെയ്യുന്നത് അനുസരിച്ചു അരിഷ്ടം എത്തിച്ചു കൊടുക്കുകയായിരുന്നു.
80 രൂപയുള്ള അരിഷ്ടം ഇരട്ടി വിലക്ക് ആണ് വില്പന നടത്തിയിരുന്നത്. 147 ലിറ്റര്‍ അരിഷ്ടം പിടിച്ചെടുത്തു. ബൈക്കും കാറും കസ്റ്റഡിയില്‍ എടുത്തു. ഇന്‍സ്പെക്ടര്‍ റജിമോന്റെ നേതൃത്വത്തില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ ബിനു, മനോജ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ഹരിഹരനുണ്ണി, വി. അരുണ്‍ എന്നിവര്‍ പങ്കെടുത്തു.
Your comment?