
കൊച്ചി: ഷൂട്ടിങ് മുടങ്ങിയതോടെ ഏപ്രില്‍ ആദ്യംമുതല്‍ മിനി സ്‌ക്രീനില്‍ സീരിയലുകളുടെ സംപ്രേഷണം നിലയ്ക്കും. സീരിയലുകള്‍ക്കു പുറമേ റിയാലിറ്റി ഷോ, വെബ് സീരീസ് തുടങ്ങിയവയുടെ സംപ്രേഷണവും താത്കാലികമായി അവസാനിപ്പിക്കേണ്ട സ്ഥിതിയാണ്. സംപ്രേഷണം ചെയ്തുകൊണ്ടിരിക്കുന്ന മിക്ക സീരിയലുകളുടെയും ഷോകളുടെയും ഷൂട്ടുചെയ്ത എപ്പിസോഡുകള്‍ തീര്‍ന്നുവെന്നാണ് സൂചന.
മാര്‍ച്ച് 31 വരെ സീരിയലുകളുടെ ഷൂട്ടിങ് നിര്‍ത്തിവെക്കാന്‍ രണ്ടാഴ്ചമുമ്പ് മലയാളം ടെലിവിഷന്‍ ഫ്രറ്റേണിറ്റി തീരുമാനിച്ചിരുന്നു. എന്നാല്‍, ഏപ്രില്‍ 14 വരെ അടച്ചിടല്‍ പ്രഖ്യാപിച്ചതോടെ എല്ലാ ഷൂട്ടിങ്ങും അനിശ്ചിതകാലത്തേക്ക് നീണ്ടു.
ഇതോടെ മേഖലയിലെ നൂറുകണക്കിന് ദിവസവേതനക്കാര്‍ കടുത്ത പ്രതിസന്ധിയിലായെന്ന് ഷൂട്ടിങ് ലൊക്കേഷന്‍ ഉടമ ടിഷ്യ ജോണ്‍ പറഞ്ഞു. ജനപ്രിയ സീരിയല്‍ ‘ഉപ്പും മുളകും’ ഉള്‍പ്പെടെ ഷൂട്ടുചെയ്യുന്നത് ടിഷ്യയുടെ എറണാകുളം വാഴക്കാലയിലുള്ള വീട്ടിലാണ്. ”താരങ്ങള്‍ക്ക് വലിയ പ്രശ്‌നമില്ല. എന്നാല്‍, പണിയും കൂലിയുമില്ലാതെ കഷ്ടപ്പെടുന്ന ഒരുപാടുപേരെ എനിക്കറിയാം.” -ടിഷ്യ പറയുന്നു.
Your comment?