ആശുപത്രിയിലേക്കു പോവുകയായിരുന്ന യുവതി ആംബുലന്‍സില്‍ പ്രസവിച്ചു: പ്രസവം എടുത്തത് ഭര്‍ത്താവ്

കാസര്‍കോട് :ലോക് ഡൗണിനെ തുടര്‍ന്നു കര്‍ണാടക പൊലീസ് അതിര്‍ത്തി അടച്ചതോടെ ആശുപത്രിയിലേക്കു പോവുകയായിരുന്ന യുവതി ആംബുലന്‍സില്‍ പ്രസവിച്ചു. പ്രസവം എടുത്തത് ഭര്‍ത്താവും. മഞ്ചേശ്വരം കുഞ്ചത്തൂര്‍ തുമ്മിനാട് പദവിലെ വാടക വീട്ടില്‍ താമസക്കാരനായ ദിന്‍നാന്ദ് സാഹയുടെ ഭാര്യ ഗുരിയ ദേവി (34) ആണ് ആംബുലന്‍സില്‍ പെണ്‍കുഞ്ഞിനു ജന്മം നല്‍കിയത്.
മഞ്ചേശ്വരത്തെ ഫാക്ടറിയിലെ തൊഴിലാളിയാണ് യുവതിയുടെ ഭര്‍ത്താവ്. മംഗളൂരുവിലെ ആശുപത്രിയിലായിരുന്നു ഇതുവരെ ചികിത്സ തേടിയിരുന്നത്. പ്രസവത്തിനായി 26നു മംഗളൂരുവിലേക്കു ആംബുലന്‍സില്‍ തലപ്പാടി അതിര്‍ത്തി വരെ എത്തിയെങ്കിലും വാഹനം കര്‍ണാടക പൊലീസ് തടഞ്ഞതോടെ മടങ്ങി. ഇന്നലെ രാവിലെ 10.45നു യുവതിക്ക് പ്രസവവേദന ആരംഭിച്ചതോടെ ആംബുലന്‍സിന്റെ സേവനം തേടുകയായിരുന്നു.
ആംബുലന്‍സ് ഡ്രൈവര്‍മാരായ മുസ്തഫയും അസ്‌ലാം കുഞ്ചത്തൂരും യുവതിയെയും ഭര്‍ത്താവിനെയും കൊണ്ട് മംഗളൂരു ആശുപത്രിയിലേക്കു യാത്ര തിരിച്ചെങ്കിലും തലപ്പാടി അതിര്‍ത്തിയില്‍ കര്‍ണാടക പൊലീസ് തടഞ്ഞു. പ്രസവവേദനായല്‍ പുളയുന്ന യുവതിയുടെ നിലവിളി കേട്ടിട്ടും ഭര്‍ത്താവ് കേണപേക്ഷിച്ചിട്ടും കര്‍ണാടക പൊലീസിന്റെ മനസ്സലിഞ്ഞില്ല. കേരളത്തില്‍ നിന്നുള്ള വാഹനങ്ങളൊന്നും അതിര്‍ത്തി കടത്തേണ്ടയെന്നും അത്യാസന്ന നിലയിലുള്ള രോഗിയെ പോലും എത്തിക്കേണ്ടതില്ലയെന്നാണ് ആശുപത്രി അധികൃതരുടെ നിലപാടെന്നു കര്‍ണാടക പൊലീസ് മറുപടി നല്‍കിയതായി ഇവര്‍ പറയുന്നു.
തുടര്‍ന്നു കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്കു മടങ്ങുന്നതിനിടെ മൊഗ്രാലില്‍ വച്ചു പ്രസവ വേദന ശക്തമായതോടെ വാഹനം നിര്‍ത്തി ആംബുലന്‍സ് പ്രസവമുറിയാക്കുകയായിരുന്നുവെന്നു ഡ്രൈവര്‍മാര്‍ പറഞ്ഞു
Your comment?