
തിരുവനന്തപുരം: പതിനൊന്ന് ജില്ലകളില്‍ കൊറോണ (കോവിഡ്-19) സ്ഥിരീകരിച്ചതോടെ കേരളം കടുത്ത നിയന്ത്രണത്തിലേക്ക്. രോഗം സ്ഥിരീകരിച്ച ജില്ലകള്‍ അവശ്യസേവനങ്ങള്‍ ഉറപ്പാക്കി അടച്ചിടണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചു. ഈ നിയന്ത്രണം കാസര്‍കോട് ജില്ലയില്‍ ഏറക്കുറെ നടപ്പാക്കി. ഇനിയുള്ള നിയന്ത്രണം സംസ്ഥാനത്താകെ മാറുംവിധത്തിലാകും. തിങ്കളാഴ്ച മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ നടക്കുന്ന ഉന്നതതല യോഗം ഇക്കാര്യത്തില്‍ തീരുമാനമെടുക്കും.
കാസര്‍കോട് ജില്ലയില്‍ പൊതുഗതാഗതം പൂര്‍ണമായി നിരോധിച്ചു. അഞ്ചുപേരിലധികം ഒന്നിച്ചുചേരുന്നത് തടയണമെന്ന് പോലീസിനു നിര്‍ദേശം നല്‍കി. എല്ലാ പൊതു-സ്വകാര്യ പരിപാടികള്‍ക്കും നിരോധനമുണ്ട്. ആലപ്പുഴ, എറണാകുളം, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട്, കോട്ടയം, മലപ്പുറം, പത്തനംതിട്ട, തൃശ്ശൂര്‍, തിരുവനന്തപുരം എന്നിങ്ങനെ പത്ത് ജില്ലകള്‍ അടച്ചിടണമെന്നാണു കേന്ദ്ര നിര്‍ദേശം.
കോഴിക്കോട് ജില്ലയില്‍ രണ്ടുപേര്‍ക്ക് ഞായറാഴ്ച രോഗം സ്ഥിരീകരിച്ചതോടെ നിയന്ത്രണം അവിടേക്കും ബാധകമാക്കേണ്ടിവരും.
Your comment?