സ്വാമി വിവേകാനന്ദ ബാലാശ്രമത്തിലെ അന്തേവാസികളായ കുട്ടികളെ മര്‍ദിച്ച കേസില്‍ 2 വാര്‍ഡന്‍മാര്‍ അറസ്റ്റില്‍
അടൂര്‍: ചേന്നമ്പള്ളിയിലുള്ള സ്വാമി വിവേകാനന്ദ ബാലാശ്രമത്തിലെ അന്തേവാസികളായ കുട്ടികളെ മര്‍ദിച്ച കേസില്‍ 2 വാര്‍ഡന്‍മാര്‍ അറസ്റ്റില്‍. പന്തളം തെക്കേക്കര പൊങ്ങലടി വള്ളിതുണ്ടില്‍ പടിഞ്ഞാറ്റതില്‍ ആര്‍.വിജയകുമാര്‍ (51), വടശേരിക്കര ചൊവ്വൂര്‍ക്കടവ് കാര്യാട്ട് വീട്ടില്‍ അശോക് കുമാര്‍ (53) എന്നിവരാണ് അറസ്റ്റിലായത്. വെള്ളിയാഴ്ച രാത്രിയിലായിരുന്നു സംഭവം. പ്രായപൂര്‍ത്തിയാകാത്ത 7 കുട്ടികള്‍ക്കാണ് മര്‍ദനമേറ്റത്. ഇവരെ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടു പേരുടെ തലയ്ക്കാണ് പരുക്ക്. കുട്ടികള്‍ പ്രാര്‍ഥനയ്ക്കായി വരിവരിയായി ഇരിക്കാത്തതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് മര്‍ദനത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.
വാര്‍ഡന്‍മാരുടെ തെറ്റായ പ്രവണതകള്‍ ചോദ്യം ചെയ്തതിലുള്ള വൈരാഗ്യമാണ് മര്‍ദനത്തിനു കാരണമെന്നും കസേര കൊണ്ടുളള അടിയേറ്റാണ് 2 പേരുടെ തലയ്ക്കു പരുക്കേറ്റതെന്നും കുട്ടികള്‍ പൊലീസിനു നല്‍കിയ മൊഴിയില്‍ പറഞ്ഞു. അതേസമയം, സംഭവത്തെക്കുറിച്ച് കൂടുതല്‍ അറിയില്ലെന്ന് വിവേകാനന്ദ ബാലാശ്രമം പ്രസിഡന്റ് കൃഷ്ണകുമാര്‍ പറഞ്ഞു. അന്തേവാസികളായ ചില കുട്ടികള്‍ നിത്യേനയുള്ള പ്രാര്‍ഥനയില്‍ പങ്കെടുക്കാതെ പ്രശ്‌നമുണ്ടാക്കുന്നതായും ഇവര്‍ സിസിടിവി ക്യാമറകള്‍ നശിപ്പിച്ചതായും അദ്ദേഹം പറഞ്ഞു.
സംഭവമറിഞ്ഞ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ ടി.സക്കീര്‍ ഹുസൈന്‍, അംഗങ്ങളായ ആര്‍.സുരേഷ്‌കുമാര്‍, അജിതകുമാരി, ശിശു സംരക്ഷണ ജില്ലാ ഓഫിസര്‍ നിതാ ദാസ് എന്നിവര്‍ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ എത്തി കുട്ടികളെയും തുടര്‍ന്ന് ബാലാശ്രമവും സന്ദര്‍ശിച്ചു. മര്‍ദനത്തെക്കുറിച്ച് അന്വേഷിക്കാന്‍ സ്‌പെഷല്‍ ജുവനൈല്‍ പൊലീസ് യൂണിറ്റിനും ജില്ലാ ശിശു സംരക്ഷണ ഓഫിസര്‍ക്കും നിര്‍ദേശം നല്‍കി. ആശുപത്രിയിലുള്ള കുട്ടികളെ ബാലാശ്രമത്തിലേക്ക് അയയ്ക്കില്ലെന്നും മറ്റെവിടേക്കെങ്കിലും മാറ്റുമെന്നും സക്കീര്‍ ഹുസൈന്‍ പറഞ്ഞു.
Your comment?