
കടമ്പനാട് : മണ്ണടി ദേവീക്ഷേത്രത്തിലെ തിരുമുടിയെഴുന്നെള്ളത്ത് ദര്‍ശനത്തിനായി പതിനായിരങ്ങള്‍. ഇന്നലെ വൈകിട്ട് 5-ന് മുടിപ്പുര ദേവീക്ഷേത്രത്തില്‍ നിന്ന് മണ്ണടി പഴയകാവ് ദേവീ ക്ഷേത്രത്തിലേക്ക് കൊടി, കുട, തീവെട്ടി, പഞ്ചവാദ്യം, മെഴുവട്ടക്കുട, മുത്തുക്കുടകള്‍, എന്നിവയുടെ അകമ്പടിയോടെ 6- മണിയോടെ പഴയകാവ് ക്ഷേത്ര ആല്‍ത്തറയില്‍ എത്തിച്ചേര്‍ന്നു. വര്‍ഷത്തില്‍ ഒരിക്കല്‍ തയ്യാറാക്കാറുള്ള നിവേദ്യം തയ്യാറാക്കി. ഉണക്കലരി, പൊട്ടുവാഴക്കുല, ശര്‍ക്കര, നാളീകേരം, കൊത്തച്ചക്ക എന്നിവചേര്‍ത്താണ് നിവേദ്യം ഒരുക്കിയത്. അര്‍ദ്ധരാത്രിയോടെ തിരുമുടിപേച്ച് നടന്നു. ഭൂതഗണങ്ങളുടെ അകമ്പടിയോടെ പേച്ച് കളത്തിലേക്ക് എഴുന്നള്ളുന്ന ദേവി വേതാളക്കല്ലില്‍ താളം ചവുട്ടി ശക്തിസ്വരൂപിണിയായാണ് ദാരികനിഗ്രഹം നടത്തുന്നത്. ദാരിക നിഗ്രഹത്തിന് ശേഷം ദേവിയുടെ രൗദ്ര ഭാവത്തിന് ശാന്തത വരുത്തുവാനായി അടവിയും ബലിക്കുടയും നടത്തും. തുടര്‍ന്ന് ഭൂതഗണങ്ങള്‍ക്ക് ബലിതൂകി ദേശാതിര്‍ത്തിയിലൂടെ സഞ്ചരിച്ച് തിരുമുടി മണ്ണടി മുടിപ്പുര ക്ഷേത്രത്തില്‍ എത്തും. ഇന്ന് രാവിലെ നിലമേല്‍ ആല്‍ത്തറയില്‍ നിന്ന് താലപ്പൊലി മുത്തുക്കുട, വാദ്യമേളങ്ങള്‍, എന്നിവയുടെ അകമ്പടിയോടെ മുടിപ്പുര ക്ഷേത്രത്തിലേക്ക് തിരുമുടിയെതിരേല്‍പ്പ് നടക്കും.
Your comment?