സി.ബി.എസ്.ഇ 29 കുട്ടികള്‍ക്ക് പത്താം ക്‌ളാസ് പരീക്ഷ എഴുതാനാകില്ല: സ്‌കൂള്‍ പ്രസിഡന്റും മാനേജരും അറസ്റ്റില്‍
കൊച്ചി: സി.ബി.എസ്.ഇ അംഗീകാരമില്ലെന്നതു മറച്ചുവച്ച് 29 വിദ്യാര്‍ത്ഥികള്‍ക്ക് പത്താം ക്‌ളാസ് പരീക്ഷ എഴുതാന്‍ അവസരം നിഷേധിച്ച് വഞ്ചിച്ചെന്ന കേസില്‍ തോപ്പുംപടി മൂലംകുഴി അരുജാസ് ലിറ്റില്‍ സ്റ്റാര്‍ സ്‌കൂള്‍ നടത്തിപ്പുകാരെ പൊലീസ് അറസ്റ്റു ചെയ്തു. വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും നാട്ടുകാരും പ്രതിഷേധിച്ചതിന് പിന്നാലെയാണ് അറസ്റ്റ്.
സ്‌കൂളിന്റെ ട്രസ്റ്റ് പ്രസിഡന്റ് മെല്‍ബിന്‍ ഡിക്രൂസ്, ഭാര്യയും സ്‌കൂള്‍ മാനേജരുമായ മാഗി അരൂജ എന്നിവരെയാണ് തോപ്പുംപടി പൊലീസ് അറസ്റ്റു ചെയ്തത്. അഫിലിയേഷന്‍ ലഭിച്ചില്ലെന്ന വിവരം മറച്ചുവയ്ക്കുകയും വിദ്യാര്‍ത്ഥികള്‍ക്ക് ബദല്‍ മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ അവസരം നിഷേധിക്കുകയും ചെയ്‌തെന്ന് രക്ഷിതാക്കള്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
ഇന്നലെ ആരംഭിച്ച പത്താം ക്‌ളാസ് പരീക്ഷയ്ക്ക് ഏതാനും ദിവസം മുമ്പ് ഹാള്‍ ടിക്കറ്റ് ലഭിക്കാതെ വന്നതോടെയാണ് 29 വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ സ്‌കൂളിലെത്തി ബഹളമുണ്ടാക്കി?യത്. സ്‌കൂളിലെ 9, 10 ക്ലാസുകള്‍ക്ക് അംഗീകാരമില്ലെന്ന വസ്തുത സ്‌കൂള്‍ അധികൃതര്‍ അപ്പോഴാണ് വെളിപ്പെടുത്തിയത്. സ്‌കൂളിലെ അദ്ധ്യാപകര്‍ക്കു പോലും ഇക്കാര്യം അറിയില്ലായിരുന്നു.
സി.ബി.എസ്.ഇ അംഗീകാരം ലഭിക്കാത്ത സ്‌കൂളുകള്‍ക്ക് മറ്റേതെങ്കിലും അംഗീകൃത സ്‌കൂളിന്റെ പേരില്‍ ഒമ്പതാം ക്‌ളാസില്‍ പേര് രജിസ്റ്റര്‍ ചെയ്യാം. ആ സ്‌കൂളില്‍ പരീക്ഷ എഴുതാനും കഴിയും. അഫിലിയേഷന് അപേക്ഷ സമര്‍പ്പിച്ച് കാത്തിരിക്കുന്ന സ്‌കൂളുകള്‍ ഈ രീതിയാണ് അവലംബിക്കാറ്. കഴിഞ്ഞ വര്‍ഷം തൃശൂരിലെ സ്‌കൂളിലാണ് പത്താംക്‌ളാസുകാരെ പരീക്ഷ എഴുതിപ്പിച്ചത്. ഇക്കുറി തൃശൂരില്‍ കുട്ടികളെ പരീക്ഷയ്ക്ക് ദിവസവും കൊണ്ടുപോകുന്നതില്‍ ചില രക്ഷിതാക്കള്‍ വിയോജിപ്പ് അറിയിച്ചപ്പോള്‍ അഫിലിയേഷന്‍ ലഭിച്ചതായി അവരോട് മാനേജര്‍ പറഞ്ഞു.
Your comment?