മകരവിളക്കിനൊരുങ്ങി ശബരിമല സന്നിധാനം
ശബരിമല:മകരജ്യോതി ദര്‍ശന പുണ്യത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ശബരിമല സന്നിധാനം അയ്യപ്പഭക്തരാല്‍ നിറഞ്ഞു. അയ്യപ്പസന്നിധിയിലേക്കുള്ള തീര്‍ത്ഥാടകപ്രവാഹം തുടര്‍ന്നു. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ വേണ്ട ക്രമീകരണങ്ങള്‍ പോലീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ശബരിമല പൂങ്കാവനം അയ്യപ്പഭക്തന്മാരാല്‍ നിറഞ്ഞിരിക്കുകയാണ്. സന്നിധാനത്തിന് പുറമേ അപ്പാച്ചിമേട്,നീലിമല, പാണ്ടിത്താവളം, ഉപ്പുപാറ, കൊപ്രാക്കളം, പമ്പ ഹില്‍ടോപ്പ്, പാഞ്ചാലിമേട്, പരുന്തുംപാറ, ചാലക്കയം, അട്ടത്തോട്, നിലയ്ക്കല്‍, ഇലവുങ്കല്‍, അയ്യന്‍മല, പുല്ലുമേട് എന്നിവിടങ്ങളിലും ജ്യോതിദര്‍ശനം സാധ്യമാകും, ഈ സൗകര്യം ഭക്തര്‍ ഉപയോഗപ്പെടുത്തണമെന്നും ജ്യോതിദര്‍ശനത്തിനായി ഏതെങ്കിലും ഒരു പ്രത്യേക സ്ഥലത്ത് മാത്രമായി കൂട്ടംകൂടി നില്‍ക്കരുതെന്നും അധികൃതര്‍ അഭ്യര്‍ത്ഥിച്ചു. തിരക്ക് കണക്കിലെടുത്ത് നെയ്യഭിഷേകത്തിനും ഇന്ന് നിയന്ത്രണമുണ്ട്.
ബുധനാഴ്ച (15ന്)2.09 നാണ് മകരസംക്രമപൂജ. തിരുവാഭരണ ഘോഷയാത്ര വൈകുന്നേരം 6 മണിയോടെ സന്നിധാനത്തെത്തും തുടര്‍ന്ന് തിരുവാഭരണം ചാര്‍ത്തി ദീപാരാധന നടക്കും. തുടര്‍ന്നാണ് ഭക്തലക്ഷങ്ങള്‍ കാത്തിരിക്കുന്ന മകരജ്യോതി ദര്‍ശനം.
Your comment?