ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം ചുഴലിക്കാറ്റായി
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം ചുഴലിക്കാറ്റായി. ബുള്‍ബുള്‍ എന്നുപേരിട്ട ഈ ചുഴലി വെള്ളിയാഴ്ച അതിതീവ്ര ചുഴലിക്കാറ്റായി മാറും. ഇത് ഇപ്പോഴത്തെ പാതയില്‍നിന്നുതിരിഞ്ഞ് പശ്ചിമബംഗാള്‍, ബംഗ്ലാദേശ് തീരത്തേക്കു പോകുമെന്ന് ഇന്ത്യന്‍ കാലാവസ്ഥാവകുപ്പ് അറിയിച്ചു.
അതേസമയം, അറബിക്കടലില്‍ രൂപംകൊണ്ട ‘മഹ’ ചുഴലിക്കാറ്റിന്റെ ശക്തികുറഞ്ഞു. ഇത് ന്യൂനമര്‍ദമായി മാറി. ബുള്‍ബുളിന്റെ സ്വാധീനംകാരണം കേരളത്തില്‍ കൂടുതല്‍ മഴ പ്രതീക്ഷിക്കുന്നുണ്ട്. എന്നാല്‍, കഴിഞ്ഞദിവസം പ്രഖ്യാപിച്ച മഞ്ഞജാഗ്രതയില്‍ കാലാവസ്ഥാവകുപ്പ് മാറ്റംവരുത്തി. ശനിയാഴ്ചയും ഞായറാഴ്ചയും കൂടുതല്‍ ജില്ലകളില്‍ ശക്തമായ മഴപെയ്യാന്‍ സാധ്യതയുണ്ട്.
ഏറ്റവും ഒടുവിലത്തെ വിശകലനമനുസരിച്ച് വെള്ളിയാഴ്ച ഇടുക്കി ജില്ലയില്‍ മാത്രമാണ് കൂടുതല്‍ മഴ പ്രതീക്ഷിക്കുന്നത്. ശനിയാഴ്ച പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിലും ഞായറാഴ്ച കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം ജില്ലകളിലും മഞ്ഞജാഗ്രത നിലവിലുണ്ട്.
Your comment?