
മാമല്ലപുരം: ചെന്നൈ ഉച്ചകോടി ഇന്ത്യ – ചൈന ബന്ധത്തില്‍ സഹകരണത്തിന്റെ പുതിയൊരു യുഗപ്പിറവിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. രണ്ട് ദിവസങ്ങളിലായി ആറ് മണിക്കൂറുകളോളം ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിംഗുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷം സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ചെന്നൈ ഉച്ചകോടിയോടെ പരസ്പര ബന്ധത്തില്‍ പുതിയൊരു അദ്ധ്യായം തുറക്കും. ഇരു രാജ്യങ്ങളുടെയും ആശങ്കകള്‍ പരസ്പരം മനസിലാക്കി, അഭിപ്രായ വ്യത്യാസങ്ങള്‍ തര്‍ക്കമായി വളരാതെ കൈകാര്യം ചെയ്യും – മോദി പറഞ്ഞു.
ഇന്നലെ താജ് ഫിഷര്‍മാന്‍ ആല്‍ക്കോവ് റിസോര്‍ട്ടില്‍ നടന്ന ചര്‍ച്ചയില്‍ വ്യാപാര ബന്ധങ്ങള്‍ മെച്ചപ്പെടുത്താനും ഭീകരപ്രവര്‍ത്തനത്തെ ഒരുമിച്ച് നേരിടാനും ഇരുനേതാക്കളും തീരുമാനിച്ചു. ഇന്ത്യയിലും ചൈനയിലും നടക്കുന്ന ഭീകരപ്രവര്‍ത്തനവും നിര്‍ബന്ധിത ആശയ പരിവര്‍ത്തനവും ഉയര്‍ത്തുന്ന വെല്ലുവിളികളും സംയുക്തമായി നേരിടും.
ഉച്ചകോടിയില്‍ കാശ്മീര്‍ പ്രശ്നം ചര്‍ച്ച ചെയ്തില്ലെന്ന് വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ മാദ്ധ്യമങ്ങളോട് പറഞ്ഞു.
ഉഭയകക്ഷി വ്യാപാരകമ്മി പരിഹരിക്കാനും നിക്ഷേപം വര്‍ദ്ധിപ്പിക്കാനും ഉന്നതതല സംവിധാനം കൊണ്ടുവരാനും ധാരണയായി. കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമനും ചൈനീസ് ഉപപ്രധാനമന്ത്രിക്കുമായിരിക്കും ഇതിന്റെ ചുമതല. പ്രതിരോധ രംഗത്ത് പരസ്പര വിശ്വാസം ശക്തമാക്കാനുള്ള നടപടികള്‍ കൈക്കൊള്ളാനും തീരുമാനമായി. ഇതിനായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ചൈന സന്ദര്‍ശിക്കും.
അനൗപചാരിക ഉച്ചകോടി തുടരാനും തീരുമാനിച്ചു. അടുത്തവര്‍ഷം ചൈനയില്‍ നടത്തുന്ന ഉച്ചകോടിക്ക് മോദിയെ പ്രസിഡന്റ് ഷി ജിന്‍ പിംഗ് ക്ഷണിച്ചു. മോദി ക്ഷണം സ്വീകരിച്ചു. തീയതികള്‍ തീരുമാനിച്ചിട്ടില്ല.
ഇന്ത്യ-ചൈന ബന്ധത്തിന്റെ എഴുപതാം വാര്‍ഷികമായ അടുത്ത വര്‍ഷം വിശാലമായ സാംസ്‌കാരിക കൈമാറ്റത്തിനായി വിനിയോഗിക്കണമെന്ന് ഷി ജിന്‍പിംഗ് നിര്‍ദ്ദേശിച്ചു.
ഇന്ത്യയുമായുള്ള വ്യാപാര കമ്മി കുറയ്ക്കാന്‍ ശക്തമായ നടപടികള്‍ എടുക്കാമെന്ന് ഷി ജിന്‍ പിംഗ് പറഞ്ഞു. പ്രാദേശിക സാമ്പത്തിക സഹകരണത്തില്‍ ഇന്ത്യയുടെ ആശങ്കകള്‍ ചര്‍ച്ച ചെയ്യാനും പ്രതിരോധ സഹകരണം ശക്തമാക്കാനും അദ്ദേഹം സന്നദ്ധത പ്രകടിപ്പിച്ചു. ചൈനീസ് വ്യവസായങ്ങള്‍ ഇന്ത്യയില്‍ നിക്ഷേപം നടത്തുന്നതും ചര്‍ച്ച ചെയ്തു.
Your comment?