തിരുവല്ല: ഓടുന്ന തീവണ്ടിക്കുമുന്നില്‍നിന്ന് സെല്‍ഫിയെടുത്ത് സ്‌കൂള്‍കുട്ടികളുടെ തീക്കളി. കുറഞ്ഞ വേഗത്തില്‍ ഓടിവന്ന തീവണ്ടി നിര്‍ത്തിയതിനാല്‍ അത്യാഹിതം ഒഴിവായി. വ്യാഴാഴ്ച പകല്‍ 11.30-ന് ബെംഗളൂരുവില്‍നിന്നുള്ള ഐലന്‍ഡ് എക്സ്പ്രസിന് മുന്നിലാണ് സംഭവം. കുറ്റൂര്‍ മണിമല റെയില്‍വേപാലത്തിലാണ് സെല്‍ഫിയെടുത്ത് മൂന്നു കുട്ടികള്‍ നിന്നത്. പത്തിലും പ്ലസ് വണിലും പഠിക്കുന്നവരാണ്.
ഹോണ്‍ തുടര്‍ച്ചയായി മുഴക്കിയിട്ടും കുട്ടികള്‍ പാളത്തില്‍തന്നെ നിന്ന് സെല്‍ഫിയെടുക്കല്‍ തുടര്‍ന്നു. വേഗം കുറച്ചെത്തിയ ട്രെയിന്‍ കുട്ടികളുടെ അടുത്തെത്തിയാണ് നിന്നത്. എന്നിട്ടും സെല്‍ഫിക്കാര്‍ പാളത്തില്‍നിന്ന് ഇറങ്ങിയില്ല. ഇതോടെ കുട്ടികളെ തടഞ്ഞുവെക്കാന്‍ പാളത്തില്‍ ജോലിചെയ്തുകൊണ്ടിരുന്ന ഉദ്യോഗസ്ഥരോട് ലോക്കോ പൈലറ്റ് ആവശ്യപ്പെട്ടു. ഇതിനിടെ സംഘത്തിലെ ഒരാള്‍ ഓടിരക്ഷപ്പെട്ടു. വിവരമറിഞ്ഞ് ചെങ്ങന്നൂരില്‍ നിന്ന് എത്തിയ ആര്‍.പി.എഫ്. കുട്ടികളെ ഓഫീസിലേക്ക് കൊണ്ടുപോയി. അവിടേക്ക് രക്ഷാകര്‍ത്താക്കളെ വിളിച്ചുവരുത്തി. ചെയ്ത കുറ്റത്തിന്റെ ഗൗരവം പറഞ്ഞുകൊടുത്ത് മേലില്‍ ആവര്‍ത്തിക്കില്ലെന്ന് ഉറപ്പ് വാങ്ങി കുട്ടികളെ വിട്ടയച്ചു.
Your comment?