രണ്ടാം പ്രളയം: 10 മരണം:പുതുമലയില്‍ രാത്രിയുണ്ടായ ഉരുള്‍പൊട്ടലില്‍ നിരവധി പേര്‍ മരിച്ചു

Editor

തിരുവനന്തപുരം: കേരളത്തെ വീണ്ടുമൊരു പ്രളയത്തിന്റെ കുത്തൊഴുക്കിലേക്ക് എടുത്തെറിഞ്ഞ് വടക്കന്‍ ജില്ലകളിലും മദ്ധ്യകേരളത്തിലും അതിശക്തമായി തുടരുന്ന മഴ വ്യാപക നാശവും തോരാദുരിതവും വിതച്ചു. വിവിധ ജില്ലകളിലെ മഴക്കെടുതികളില്‍ ഒരു വയസുള്ള പെണ്‍കുഞ്ഞും മൂന്നു സ്ത്രീകളും ഉള്‍പ്പെടെ പത്ത്‌പേര്‍ മരിച്ചു

വയനാട് മേപ്പാടി പുതുമലയില്‍ രാത്രിയുണ്ടായ ഉരുള്‍പൊട്ടലില്‍ നിരവധി പേര്‍ അകപ്പെട്ടതായി സംശയിക്കുന്നു. അവിടെ രക്ഷാപ്രവര്‍ത്തനത്തിന് കണ്ണൂര്‍ ടെറിട്ടോറിയല്‍ ആര്‍മിയുടെ ഒരു കമ്പനി രാത്രിയില്‍ പുറപ്പെട്ടു.മലപ്പുറം നാടുകാണിയില്‍ വീട് ഒലിച്ചുപോയി രണ്ടു സ്ത്രീകളെ കാണാതായി. വിവിധ ജില്ലകളിലായി നൂറുകണക്കിന് വീടുകള്‍ പൂര്‍ണമായും ആയിരത്തോളം വീടുകള്‍ ഭാഗികമായും തകര്‍ന്നു.
വയനാട്, ഇടുക്കി ജില്ലകളിലാണ് ഏറ്റവും കനത്ത നാശം. സംസ്ഥാനത്താകെ അയ്യായിരത്തിലധികം പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്കു മാറ്റി. തിരുവനന്തപുരവും കൊല്ലവും ഒഴികെ 12 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി നല്‍കി. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് സൈന്യത്തിന്റെ സഹായം തേടിയിട്ടുണ്ട്.

ഇടുക്കി ചിന്നക്കനാലില്‍ തൊഴിലാളികളുടെ ലയത്തിനു മീതെ മണ്ണിടിഞ്ഞു വീണാണ് ഒരു വയസുകാരി മഞ്ജുശ്രീ മരിച്ചത്. ലയങ്ങള്‍ക്കു മുകള്‍ഭാഗത്ത് റോഡ് നിര്‍മ്മാണത്തിനായി സംഭരിച്ചിരുന്ന ലോഡ് കണക്കിനു മണ്ണ് കനത്ത മഴയില്‍ ഇടിഞ്ഞു വീഴുകയായിരുന്നു.
ഇടുക്കിയില്‍ മൂന്നിടത്തും കണ്ണൂരില്‍ രണ്ടിടത്തും ഉരുള്‍പൊട്ടി. ഇടുക്കിയില്‍ മൂന്നാറും മാങ്കുളവും മറയൂരും ഒറ്റപ്പെട്ടു. കണ്ണൂര്‍ ഇരിട്ടി, ശ്രീകണ്ഠപുരം പട്ടണങ്ങളില്‍ നിരവധി വ്യാപാര സ്ഥാപനങ്ങള്‍ വെള്ളത്തിനടിയിലായി. കോഴിക്കോട്ട് ചാലിയാറും ഇരുവഴിഞ്ഞിപ്പുഴയും കടലുണ്ടിപ്പുഴയും കരകവിഞ്ഞു.

താഴ്ന്ന മേഖലകളിലെ വീടുകളുടെ താഴത്തെ നില പൂര്‍ണമായും മുങ്ങി. തോരാതെ പെയ്യുന്ന മഴയിലും,പുഴകള്‍ കരകവിഞ്ഞും കുതിച്ചെത്തുന്ന വെള്ളം ഇപ്പോഴും ഉയരുകയാണ്. കൈയിലെടുക്കാവുന്ന സാധനങ്ങളുമായി ആളുകള്‍ ഉയര്‍ന്ന സ്ഥലങ്ങളിലേക്ക് പലായനം ചെയ്യുന്നു. മഴ ശക്തമായ മിക്ക ജില്ലകളിലും അണക്കെട്ടുകള്‍ മുന്നറിയിപ്പില്ലാതെ തുറന്നുവിട്ടു. പമ്പാനദി കരകവിഞ്ഞ്,പത്തനംതിട്ടയിലെ താഴ്ന്ന മേഖലകള്‍ വെള്ളത്തിനടിയിലായി.

ജലവിഭവ വകുപ്പിന്റെ കുറ്റ്യാടി, മലങ്കര, കാരാപ്പുഴ, മംഗലം, കാഞ്ഞിരപ്പുഴ ഡാമുകള്‍ തുറന്നുവിട്ടു. വയനാട്ടിലും ഇടുക്കിയിലും മണ്ണിടിഞ്ഞും മരങ്ങള്‍ വീണും പലേടത്തും ഗതാഗതം പൂര്‍ണമായും സ്തംഭിച്ചു. ഇടുക്കി മലപ്പുറം, വയനാട്, കോഴിക്കോട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നിലമ്പൂരില്‍ വടപുറം പാലം വെള്ളത്തില്‍ മുങ്ങിയതോടെ മേഖല പൂര്‍ണമായും ഒറ്റപ്പെട്ടു.

പെരിയാര്‍ കരകവിഞ്ഞ് ആലുവ ശിവക്ഷേത്രത്തില്‍ വെള്ളം കയറി. കോട്ടയം- കുമളി ദേശീയ പാതയില്‍ ഗതാഗതം നിരോധിച്ചു. എറണാകുളം- ആലപ്പുഴ റൂട്ടില്‍ മരം വീണ് ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. തിങ്കളാഴ്ച വരെ ശക്തമായ കാറ്റിനും തിരമാലയ്ക്കും സാദ്ധ്യതയുള്ളതിനാല്‍ മീന്‍പിടിത്തക്കാര്‍ക്ക് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പ്രളയബാധിത ജില്ലകളില്‍ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ മുഖ്യമന്ത്രി മന്ത്രിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു.11 ജില്ലകളില്‍ നാളെ അവധി: പരീക്ഷകള്‍ മാറ്റി

പത്തനംതിട്ടയില്‍ ഇന്ന് അതിശക്തമായ മഴയ്ക്കു സാധ്യത: സംസ്ഥാനത്ത് രണ്ടു ദിവസത്തെ മഴയില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ 45 ആയി

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ