പത്തനംതിട്ട:കനത്ത മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളതിനാല്‍19/07/2019 മണ്ണെടുപ്പിനും ക്വാറികള്‍ക്കും നിരോധനം ഏര്‍പ്പെടുത്താന്‍ ജില്ലാ കളക്ടര്‍ പി.ബി. നൂഹിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗം തീരുമാനിച്ചു.
അണക്കെട്ടുകളിലും നദികളിലും ജലനിരപ്പ് കുറവായതിനാല്‍ വെള്ളപ്പൊക്കത്തിന് സാധ്യതയില്ലെന്ന് യോഗം വിലയിരുത്തി. കളക്ടറേറ്റിലെ ദുരന്തനിവാരണവിഭാഗവും താലൂക്കുകളിലെ കണ്‍ട്രോള്‍ റൂമുകളും 24 മണിക്കൂറും പതിവു പോലെ പ്രവര്‍ത്തിക്കും. ഫോണ്‍: കളക്ടറേറ്റ്-0468 2322515/ 0468 2222515/ 8078808915, താലൂക്കാഫീസ് തിരുവല്ല-0469 2601303, കോഴഞ്ചേരി-04682222221, മല്ലപ്പളളി-0469 2682293, അടൂര്‍-04734 224826, റാന്നി-04735 227442, കോന്നി-0468 2240087. ഇതിനു പുറമേ എല്ലാ പഞ്ചായത്തുകളിലും കണ്‍ട്രോള്‍ റൂം തുറക്കണമെന്ന് യോഗം നിര്‍ദേശിച്ചു. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ആരോഗ്യവകുപ്പ് കണ്‍ട്രോള്‍ റൂം തുറക്കും. ഫയര്‍ ഫോഴ്‌സും കണ്‍ട്രോള്‍ റൂം തുറക്കും. ഫയര്‍ഫോഴ്‌സ് കണ്‍ട്രോള്‍ റൂം നമ്പര്‍: 0468-2222001. വൈദ്യുതി സംബന്ധമായ അപകടങ്ങള്‍ ഒഴിവാക്കുന്നതിന് കെഎസ്ഇബി ശ്രദ്ധപുലര്‍ത്തണമെന്ന് കളക്ടര്‍ നിര്‍ദേശിച്ചു. റെഡ് അലര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ ജില്ലയിലെ ഉദ്യോഗസ്ഥരുടെ അനിവാര്യമല്ലാത്ത അവധി പിന്‍വലിച്ച് മടങ്ങിയെത്തി സേവന സജ്ജരാകാന്‍ യോഗം നിര്‍ദേശിച്ചു.
അടിയന്തിര സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന് മത്സ്യബന്ധന ബോട്ടുകളുടെ പട്ടികയും ബന്ധപ്പെട്ട വിവരങ്ങളും തയാറാക്കും. ബോട്ടുകള്‍ കൊണ്ടുവരുന്നതിനുള്ള വാഹനങ്ങളും ക്രമീകരിക്കും. റവന്യു വകുപ്പും, ഫയര്‍ ഫോഴ്‌സും ഇതിനുള്ള പട്ടിക പ്രത്യേകം തയാറാക്കും. ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ കൈവശമുള്ള 1200 വീതം ലൈഫ് ബോയ്, ലൈഫ് ജാക്കറ്റ്, 120 അസ്‌കാലൈറ്റ് എന്നിവ ഫയര്‍ഫോഴ്‌സ്, പോലീസ് സേനകള്‍ എന്നിവിടങ്ങളിലേക്ക് നല്‍കുന്നതിനു തീരുമാനിച്ചു.
റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തില്‍ ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലേക്കും ജാഗ്രതാ നിര്‍ദേശം നല്‍കും. മണ്ണിടിച്ചില്‍ ഉണ്ടാകാന്‍ സാധ്യയുള്ള സ്ഥലങ്ങളില്‍ ജനങ്ങള്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് ഒഴിവാക്കുന്നതിന് പോലീസ് ശ്രദ്ധിക്കണം.
ശബരിമല തീര്‍ഥാടകര്‍ ഉള്‍പ്പെടെ നദിയില്‍ ഇറങ്ങാതിരിക്കാന്‍ ശ്രദ്ധിക്കണം. ആവശ്യമായ ജീവന്‍രക്ഷാ മരുന്നുകള്‍, ആംബുലന്‍സുകള്‍, മെഡിക്കല്‍ ടീമുകള്‍ എന്നിവ സജ്ജമാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. കര്‍ക്കിടകവാവ് ബലിയോട് അനുബന്ധിച്ച് അപകട സാധ്യതയുള്ള കടവുകളില്‍ സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനും നിര്‍ദേശം നല്‍കി.
യോഗത്തില്‍ ദുരന്തനിവാരണം ഡെപ്യുട്ടി കളക്ടര്‍ ആര്‍. ബീനാ റാണി, ജില്ലാ ഫയര്‍ ഓഫീസര്‍ എം.ജി. രാജേഷ്, ഡിവൈഎസ്പി എ.സന്തോഷ് കുമാര്‍, ഡെപ്യുട്ടി ഡിഎംഒ ഡോ. സന്തോഷ് കുമാര്‍, കൃഷി ഡെപ്യുട്ടി ഡയറക്ടര്‍ ലില്ലി എഡ്വിന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Your comment?