
ഏനാത്ത്: എം.സി റോഡില്‍ അപകടം കുറയ്ക്കാന്‍ നടപടി തുടങ്ങി. സുരക്ഷാ ഇടനാഴിയായി പ്രഖ്യാപിക്കുന്ന കഴക്കുട്ടം മുതല്‍ അടൂര്‍ വരെയുള്ള ഭാഗത്ത് പൊലീസ് – മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധന ശക്തമാക്കി അപകടത്തിനു പരിഹാരം കാണാനാണു ശ്രമം. ഇതിനായി കെഎസ്ടിപി കരാര്‍ നടപടിയിലൂടെ തിരഞ്ഞെടുത്ത യുകെ ആസ്ഥാനമായ ടിആര്‍എല്‍ (ട്രാന്‍സ്‌പോര്‍ട്ട് റിസര്‍ച്ച് ലബോറട്ടറി) എന്ന കണ്‍സള്‍ട്ടന്‍സിയെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.
ഇവര്‍ ഇതുമായി ബന്ധപ്പെട്ട് പഠനം നടത്തുകയും നടപടി സ്വീകരിക്കുകയും ചെയ്യും. പദ്ധതി യാഥാര്‍ഥ്യമാക്കുന്നതിന് ആദ്യ പടിയായി പൊലീസ് – മോട്ടോര്‍ വാഹന ഉദ്യോഗസ്ഥര്‍ക്ക് ഇംഗ്ലണ്ടില്‍ നിന്നെത്തിയ വിദ്ഗധന്റെ നേതൃത്വത്തില്‍ രാജ്യാന്തര നിലവാരത്തിലുള്ള പരിശീലന ക്ലാസ് തുടങ്ങി.ഏനാത്തുള്‍പ്പടെയുള്ള പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൊട്ടാരക്കര മാര്‍ത്തോമ്മ ഹാളിലാണ് പരിശീലന ക്ലാസ്.
തുടര്‍ച്ചയായി വാഹനങ്ങളുടെ വേഗ പരിശോധന, ഗതാഗത സൂചകങ്ങള്‍ അവഗണിച്ച് വാഹനം ഓടിക്കുന്നവരെ കണ്ടെത്തി പിഴ ചുമത്തുക, കഴക്കൂട്ടം മുതല്‍ അടൂര്‍ വരെ ഒരോ 10 കിലോ മീറ്ററിനുള്ളിലും ആധുനിക സംവിധാനങ്ങളുടെ സഹായത്തോടെ നിരീക്ഷണം ശക്തമാക്കുക, ഗതാഗത സുരക്ഷയ്ക്കായി പ്രത്യേക പരിശീലനം നേടിയ ഉദ്യോഗസ്ഥരെ നിയോഗിക്കുക, ഗതാഗത ബോധവത്കരണം എന്നിവയൊക്കെ നടപടിയുടെ ഭാഗമാണ്. തുടര്‍ന്ന് ലോക ബാങ്ക് സഹായത്തോടെ നിരീക്ഷണ ക്യാമറകള്‍, ക്യാമറ ഘടിപ്പിച്ച വാഹനങ്ങള്‍ തുടങ്ങിയവയും ലഭ്യമാക്കും.
Your comment?