പത്തനംതിട്ട: വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഇനി ഉപരിപഠന തിരക്കിന്റെ നാളുകള്‍. പ്ലസ് ടു പ്രവേശനത്തിനും സാങ്കേതിക വിദ്യാഭ്യാസത്തിനും ജില്ലയില്‍ ആവശ്യമായ സീറ്റുകളും മികച്ച സ്ഥാപനങ്ങളും ഉള്ളത് ആശ്വാസമാകും.99.34 ശതമാനം വിജയവുമായി എസ്എസ്എല്‍സി പരീക്ഷയില്‍ ഇത്തവണ ജില്ല അഭിമാനകരമായ നേട്ടമാണ് കൈവരിച്ചത്. പരീക്ഷ എഴുതിയ 10,852 വിദ്യാര്‍ഥികളില്‍ 10,780 പേരും വിജയിച്ചു. 890 കുട്ടികള്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി.
അതില്‍ 295 പേര്‍ ആണ്‍കുട്ടികളും 595 പേര്‍ പെണ്‍കുട്ടികളുമാണ്.സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ വിജയിച്ച ഒട്ടേറെ കുട്ടികള്‍ ഇതിനു പുറമേയുണ്ട്. പ്ലസ്ടു പ്രവേശനത്തിന് ജില്ലയിലെ വിവിധ സ്‌കൂളുകളിലായി 12,027 സീറ്റുകള്‍ ഉണ്ട്. അതിനു പുറമേ പോളിടെക്‌നിക് കോളജ്, ഐടിഐ, ഐടിസി തുടങ്ങിയ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളും ജില്ലയിലുണ്ട്. അതിനാല്‍ പഠനത്തിനുള്ള എല്ലാ സൗകര്യങ്ങളും ജില്ലയിലുണ്ട്.
പ്ലസ്ടു പ്രവേശനത്തിനുള്ളനടപടികള്‍ ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റ് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ആരംഭിക്കും. ഏകജാലക സംവിധാനത്തിലൂടെയാണ് പ്ലസ്ടു പ്രവേശനത്തിന് അപേക്ഷിക്കേണ്ടത്. അപേക്ഷ പൂരിപ്പിക്കുന്നതിനും സംശയ നിവാരണത്തിനുമായിഎല്ലാ താലൂക്കിലും ഹെല്‍പ്ഡസ്‌ക് തുറക്കുന്നുണ്ട്. അതിനാല്‍ പ്രവേശനം കിട്ടില്ലെന്ന ഭയം കുട്ടികള്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കും വേണ്ടെന്നാണ് ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റിന്റെ നിലപാട്.
മികച്ച വിജയമുള്ള സ്‌കൂളുകളില്‍ പ്ലസ്ടു പ്രവേശനത്തിനു തിരക്ക് ഉണ്ടകാറുണ്ട്.പ്ലസ്ടുവിന് അണ്‍ എയിഡഡ് ബാച്ചുള്ള എയിഡഡ് സ്‌കൂളുകളും ജില്ലയില്‍ ഉണ്ട്.നല്ല വിജയ ശതമാനമുള്ള സര്‍ക്കാര്‍ സ്‌കൂളുകളിലും പ്രവേശനത്തിനു തിരക്കുണ്ട്. എന്നാല്‍ കഴിഞ്ഞ വര്‍ഷം പ്രവേശനം പൂര്‍ത്തിയായ ശേഷം പല സ്‌കൂളുകളിലും സീറ്റ് ഒഴിഞ്ഞു കിടക്കുന്നുണ്ടായിരുന്നു.
Your comment?