പത്തനംതിട്ട: മേപ്രാല്‍ സെന്റ് ജോണ്‍സ് പള്ളിയില്‍ സമരങ്ങളില്ലാതെ മുമ്പോട്ട് പോകുവാന്‍ ഓര്‍ത്തഡോക്‌സ്-യാക്കോബായ വിഭാഗങ്ങള്‍ തമ്മില്‍ ധാരണയായി. ജില്ലാ കളക്ടര്‍ പി.ബി. നൂഹിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. സുപ്രീം കോടതി വിധിയനുസരിച്ച് ഇരുകൂട്ടരും പ്രവര്‍ത്തിക്കുമെന്നും ഇനി സംഘര്‍ഷാവസ്ഥ ഉണ്ടാവില്ലെന്നും ഇരുവിഭാഗവും ഉറപ്പു നല്‍കി. ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടായാല്‍ ജില്ലാ ഭരണകൂടം കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ പി.ബി.നൂഹ് പറഞ്ഞു.
പള്ളിയില്‍ ആരാധന നടത്തുന്നത് സംബന്ധിച്ച കാര്യത്തില്‍ കോടതിവിധി അനുസരിച്ച് പ്രവര്‍ത്തിക്കാനും തീരുമാനമായി. യാക്കോബായ വിഭാഗത്തിന്റെ ഉടമസ്ഥതയിലുള്ള 25 സെന്റ് സ്ഥലത്ത് പുതുതായി പള്ളി പണിയുന്നതിന് നിയമാനുസൃതം ലഭിക്കുന്ന അപേക്ഷയില്‍ വേഗം തീരുമാനമെടുക്കുമെന്ന് ജില്ലാ കളക്ടറും ജില്ലാ പോലീസ് മേധാവിയും ഉറപ്പ് നല്‍കി. പുതിയ പള്ളിയുടെ പണി പൂര്‍ത്തീകരിക്കുന്നതുവരെയോ ആരാധനയ്ക്ക് ഒരു സംവിധാനം ഉണ്ടാകുന്നതുവരെയോ യാക്കോബായ വിഭാഗം നിലവില്‍ പ്രാര്‍ഥിക്കുന്ന താത്ക്കാലിക ഷെഡില്‍ ആരാധന നടത്തുന്നതിന് അനുമതി നല്‍കി.
പള്ളിയോടു ചേര്‍ന്നുള്ള അരമന എന്ന് വിളിക്കുന്ന കെട്ടിടത്തിന്റെ അവകാശം സംബന്ധിച്ച കേസ് വിധിയാകുന്നതുവരെ ഇരുവിഭാഗത്തിനും ഈ കെട്ടിടത്തിന്റെ അവകാശം നല്‍കേണ്ട എന്നും ഇരുവിഭാഗത്തിന്റെയും ഉടമസ്ഥതയിലുള്ള ജംഗമ വസ്തുക്കള്‍ ഉഭയകക്ഷി സമ്മതപ്രകാരം വീതം വച്ച് നല്‍കുന്നതിനും ഉടമസ്ഥാവകാശത്തില്‍ തര്‍ക്കമുണ്ടാകുന്ന വസ്തുക്കള്‍ ഈ മുറിയില്‍ തന്നെ സൂക്ഷിച്ച് കെട്ടിടം സീല്‍ ചെയ്യുന്നതിനും യോഗം തീരുമാനിച്ചു. തിരുവല്ല സബ്കളക്ടറുടെ നേതൃത്വത്തില്‍ നടക്കുന്ന ഈ പ്രക്രിയയില്‍ ഓര്‍ത്തഡോക്സ് വിഭാഗത്തെ പ്രതിനിധീകരിച്ച് വികാരി, ട്രസ്റ്റി, സെക്രട്ടറി എന്നിവര്‍ പങ്കെടുക്കും. യാക്കോബായ വിഭാഗത്തെ പ്രതിനിധീകരിച്ച് ട്രസ്റ്റി, സെക്രട്ടറി എന്നിവര്‍ പങ്കെടുക്കും. ലിസ്റ്റ് ഉണ്ടാക്കി സാധനങ്ങള്‍ കൈമാറുന്നതിന് തിരുവല്ല സബ്കളക്ടറെ ചുമതലപ്പെടുത്തി.
യാക്കോബായ വിഭാഗത്തിലെ വ്യക്തികളുടെ സംസ്‌കാര ചടങ്ങുകളില്‍ വിശ്വാസികളായ 35 പേര്‍ക്ക് പങ്കെടുക്കാമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. പള്ളി നില്‍ക്കുന്ന ഭൂമിയുടെ റീസര്‍വെയില്‍ അപാകതയുണ്ടോ എന്ന വിഷയം സമയബന്ധിതമായി പരിഹരിക്കുന്നതാണെന്നും തുടര്‍നടപടിക്കായി ഭൂരേഖാ തഹസീല്‍ദാരുമായി ബന്ധപ്പെടണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു.
ജില്ലാ പോലീസ് മേധാവി ജി.ജയദേവ്, തിരുവല്ല സബ് കളക്ടര്‍ ഡോ: വിനയ് ഗോയല്‍, സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി ആര്‍.ജോസ്, തിരുവല്ല ഡിവൈഎസ്പി ജെ.ഉമേഷ് കുമാര്‍, നിരണം ഭദ്രാസന മെത്രാപോലീത്ത ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത, സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്സ് ചര്‍ച്ച് വികാരി ഫാ.എബി സി മാത്യു, പളളി ട്രസ്റ്റി തോമസ് മാത്യു, ഫാ.റെജി മാത്യു, തോമസ് മാത്യു, മാത്യു പി.ചെറിയാന്‍, പി.ജെ.കുര്യാക്കോസ്, ഇന്‍സ്പെക്ടര്‍ പോലീസ് പി.ആര്‍.സന്തോഷ്, പെരിങ്ങര വില്ലേജ് ഓഫീസര്‍ വി.ആര്‍.ശ്രീലത, തുടങ്ങിയവര്‍ പങ്കെടുത്തു.
Your comment?