തിരുവനന്തപുരം: ചിന്തിപ്പിച്ചും ചിരിപ്പിച്ചും കേരളത്തിന്റെ ഭരണ, സാംസ്‌കാരിക, ആത്മീയ രംഗങ്ങളില്‍ നിറഞ്ഞുനിന്ന ഡോ. ഡി.ബാബുപോള്‍ അന്തരിച്ചു. 78 വയസ്സായിരുന്നു. ഒരാഴ്ചയായി അസുഖത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പ്രമേഹംമൂലം കാലില്‍ ഉണ്ടായ മുറിവില്‍നിന്നുള്ള അണുബാധ വൃക്കകളെയും കരളിനെയും ബാധിച്ചതാണ് മരണ കാരണം.
പ്രഗത്ഭനായ ഭരണാധികാരി, എഴുത്തുകാരന്‍, ചിരിയും ചിന്തയും സമന്വയിപ്പിച്ച പ്രഭാഷകന്‍, ഔദ്യോഗിക ജീവിത്തിനൊപ്പം സഭാപ്രവര്‍ത്തനത്തിലും മുഴുകിയ വിശ്വാസി, അഭിപ്രായങ്ങളും അഭിപ്രായവ്യത്യാസങ്ങളും ഉറക്കെപ്പറഞ്ഞ സാമൂഹിക, രാഷ്ട്രീയ നിരീക്ഷകന്‍… കേരളത്തിന് ഇങ്ങനെ പലതുമായിരുന്നു അദ്ദേഹം.
എന്‍ജിനീയറായി ഐ.എ.എസിലേക്ക് എത്തിയ ഡാനിയേല്‍ ബാബുപോള്‍ നാല്‍പ്പതുവര്‍ഷത്തോളം ഭരണരംഗത്ത് പ്രഗത്ഭനായിനിന്നു. അഡീഷണല്‍ ചീഫ് സെക്രട്ടറി, തദ്ദേശ സ്വയംഭരണ ഓംബുഡ്‌സ്മാന്‍ അംഗം, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് ചെയര്‍മാന്‍, കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ തുടങ്ങി നിര്‍ണായക പദവികള്‍ വഹിച്ചു. കേരളത്തിലെ ആദ്യവൈദ്യുത പദ്ധതിയായ ഇടുക്കി ജലവൈദ്യുതി പദ്ധതി യാഥാര്‍ഥ്യമായത് ബാബുപോളിന്റെ നേതൃത്വത്തിലായിരുന്നു. വല്ലാര്‍പ്പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍ പദ്ധതിക്ക് തുടക്കം കുറിച്ചതും അദ്ദേഹമാണ്.
മുപ്പതോളം പുസ്തകങ്ങള്‍ അദ്ദേഹം എഴുതി. ആറുലക്ഷം വാക്കുകള്‍ ഉള്‍പ്പെടുത്തി 22 വര്‍ഷം ഗവേഷണംചെയ്ത് തയ്യാറാക്കിയ ‘വേദശബ്ദ രത്‌നാകാരം’ മലയാളത്തിലെ ആദ്യ ബൈബിള്‍ നിഘണ്ടുവാണ്. ഒമ്പതുവര്‍ഷമെടുത്താണ് അനുപമമായ ഈ നിഘണ്ടു അദ്ദേഹം എഴുതിയത്. ‘മാതൃഭൂമി’ ഉള്‍െപ്പടെ പത്രങ്ങളിലും ആനുകാലികങ്ങളിലും പംക്തികള്‍ എഴുതിയിരുന്നു.
Your comment?