അടൂര്‍ :അടൂരില്‍ ചൂട് 40 ഡിഗ്രി സെല്‍ഷ്യസ് കടന്നതായി സ്വകാര്യ കാലാവസ്ഥാ നിരീക്ഷണ ഏജന്‍സികള്‍. സൂര്യപ്രകാശത്തിലെ അള്‍ട്രാവയലറ്റ് രശ്മികളുടെ തോത് (യുവി ഇന്‍ഡക്സ്) 12 യൂണിറ്റ് കടന്നതായും ഈ ഏജന്‍സികള്‍ പറയുന്നു. വാരാന്ത്യത്തോടെ ചിലയിടങ്ങളില്‍ വേനല്‍മഴയെത്തുമെന്നും പ്രവചനമുണ്ട്.
പുറത്തിറങ്ങിയാല്‍ ദേഹം പൊള്ളുന്ന സ്ഥിതിയാണ് കേരളത്തില്‍. സൂര്യന്‍ ഭൂമധ്യരേഖയ്ക്കു നേരെ മുകളില്‍ എത്തിയതാണ് പ്രധാന കാരണമെങ്കിലും മഴമേഘങ്ങള്‍ അകന്ന് തെളിഞ്ഞ ആകാശത്തുകൂടി സൂര്യതാപം നേരിട്ടു പതിക്കുന്നതും ചൂടുകൂടാന്‍ കാരണമായി.
രാജ്യത്തെ തന്നെ ഏറ്റവും മികച്ച ശുദ്ധവായുവുള്ള പ്രദേശമായിട്ടും വിസ്തൃതിയുടെ 50 ശതമാനത്തിലേറെ വനമുണ്ടായിട്ടും പത്തനംതിട്ട ചുട്ടുപൊള്ളുന്നത് പഠനവിധേയമാകേണ്ടതാണെങ്കിലും ഇവിടെ താപനില അളക്കാന്‍ സംവിധാനമില്ല. നഗരമധ്യത്തില്‍ രണ്ടോ മൂന്നോ സെന്റ് സ്ഥലത്ത് ചെറിയ സസ്യങ്ങളും മരങ്ങളും മറ്റും നടത്തുവളര്‍ത്തുന്ന മിയാവാക്കി മാതൃകയിലുള്ള കുട്ടിവനങ്ങള്‍ ചൂടിനെ പ്രതിരോധിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. ജപ്പാനിലെ മിയാവാക്കി മാതൃകയിലുള്ള ഇത്തരം ചെറുവനങ്ങള്‍ തിരുവനന്തപുരത്ത് കനകക്കുന്നില്‍ ടൂറിസം വകുപ്പ് നട്ടുവളര്‍ത്തുന്നു.
അടൂരില്‍ മാധ്യമപ്രവര്‍ത്തകന് സൂര്യാഘാതമേറ്റു
അടൂര്‍: അടൂരില്‍ മാധ്യമ പ്രവര്‍ത്തകനായ അരുണ്‍ നെല്ലിമുകളിലിന് സൂര്യാഘാതമേറ്റു. സ്വകാര്യ ആവശ്യത്തിനായി ബൈക്കില്‍ യാത്ര ചെയ്യുമ്പോള്‍ മുണ്ടപ്പള്ളിയില്‍ വെച്ചാണ് അരുണിന് സൂര്യാഘാതമേറ്റത്.
Your comment?