ശിവഗിരി: ശിവഗിരിയിലെ ശ്രീനാരായണഗുരു തീര്‍ഥാടന ടൂറിസം സര്‍ക്യൂട്ട് നിര്‍മാണോദ്ഘാടനവേദിയില്‍ സന്ന്യാസിമാര്‍ക്കെതിരേ രാഷ്ട്രീയ വിമര്‍ശനവുമായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. മന്ത്രിക്ക് അതേനാണയത്തില്‍ സന്ന്യാസിമാര്‍ മറുപടിനല്‍കിയതോടെ പരിപാടി വാക്‌പോരിന്റെ വേദിയായി. മന്ത്രിക്കുശേഷം എ. സമ്പത്ത് എം.പി.യും സന്ന്യാസിമാരെ പരോക്ഷമായി വിമര്‍ശിച്ചു.
അധ്യക്ഷപ്രസംഗത്തില്‍ ശിവഗിരിമഠം പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ കേന്ദ്രസര്‍ക്കാരിനെ പ്രകീര്‍ത്തിച്ചിരുന്നു. അനേകം സര്‍ക്കാരുകള്‍ വന്നുപോയിട്ടും ഇപ്പോഴാണ് കേന്ദ്രത്തിന്റെ കണ്ണ് ഈ വിശുദ്ധഭൂമിയില്‍ പതിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
തുടര്‍ന്നാണ് കേന്ദ്രത്തിനും ശിവഗിരി സന്ന്യാസിമാര്‍ക്കുമെതിരേ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വിമര്‍ശനമുന്നയിച്ചത്. സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതി കേന്ദ്രം ബൈപാസ് ചെയ്യുകയായിരുന്നെന്ന് മന്ത്രി വിമര്‍ശിച്ചു. പദ്ധതി യാഥാര്‍ഥ്യമാകുന്നതിന്റെ അവസാനനാളുകളില്‍ ഗൂഢശ്രമങ്ങളിലൂടെ സംസ്ഥാനസര്‍ക്കാരിനെ ഒഴിവാക്കി കാര്യങ്ങള്‍ നേരിട്ടുചെയ്യാനാണ് ശ്രമിച്ചത്.
സംസ്ഥാനസര്‍ക്കാരിനെ മറികടന്ന് ഏകപക്ഷീയമായി തീരുമാനമെടുക്കുന്നത് കേന്ദ്ര-സംസ്ഥാന ബന്ധത്തിന് പോറലേല്‍പ്പിക്കും. സന്ന്യാസിമാര്‍ക്കും ഒപ്പംനില്‍ക്കുന്നവര്‍ക്കും സങ്കുചിത രാഷ്ട്രീയതാത്പര്യമുണ്ടാകുന്നത് ആശാവഹമല്ല. ശിവഗിരിക്കായി സംസ്ഥാനസര്‍ക്കാര്‍ചെയ്ത കാര്യങ്ങള്‍ പറയാന്‍ സന്ന്യാസിമാര്‍ വല്ലാതെ വിഷമിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ധര്‍മസംഘം ട്രസ്റ്റ് ട്രഷറര്‍ സ്വാമി ശാരദാനന്ദയാണ് മന്ത്രിക്ക് മറുപടി നല്‍കിയത്. ഗൂഢനീക്കങ്ങളൊന്നും സന്ന്യാസിമാരുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ലെന്നും അത് തങ്ങളുടെ ശൈലിയല്ലെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിയുടെ നിര്‍വഹണം ഐ.ടി.ഡി.സി. ഏറ്റെടുക്കണമെന്ന് താത്പര്യമുണ്ടായിരുന്നു. അത് കേന്ദ്രഅതോറിറ്റിയെ അറിയിച്ചു. സംസ്ഥാനസര്‍ക്കാരിനോടും കേന്ദ്രസര്‍ക്കാരിനോടും യാതൊരു പക്ഷപാതവുമില്ലെന്നും സ്വാമി പറഞ്ഞു.
Your comment?