കണ്ണൂര്‍: ഫുട്ബോള്‍ കുടുംബത്തില്‍ നിന്നും ക്രിക്കറ്റ് പിച്ചിലെത്തി കേരളത്തിന്റെ രഞ്ജി ട്രോഫി ക്രിക്കറ്റ് ടീം നായകനായ അശോക് ശേഖര്‍ (73) അന്തരിച്ചു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഏതാനും ദിവസങ്ങളായി ചികിത്സയിലായിരുന്നു.കേരളത്തിന്റെ സന്തോഷ് ട്രോഫി ഫുട്ബോള്‍ താരങ്ങളായയ സി.എം. ചിദാനന്ദന്റെയും സി.എം. തീര്‍ഥാനന്ദന്റെയും ഇളയ സഹോദരനാണ്. ചിദാനന്ദനും തീര്‍ഥാനന്ദനും 2017ലാണ് മരിച്ചത്.
വിക്കറ്റ്കീപ്പര്‍ ബാറ്റ്സ്മാനായിരുന്ന അശോക് ശേഖര്‍ 1970-71, 72-73, 74-75 സീസണുകളിലാണ് കേരള ടീമിനെ നയിച്ചത്.
പതിനൊന്ന് മത്സരങ്ങളില്‍ ടീമിനെ നയിച്ചു. ഇതില്‍ ഒരു മത്സരത്തില്‍ മാത്രമാണ് ജയം സമ്മാനിക്കാനായത്. 1971ല്‍ കണ്ണൂര്‍ പോലീസ് പരേഡ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ആന്ധ്രയെയാണ് കേരളം പരാജയപ്പെടുത്തിയത്. 1975ല്‍ കര്‍ണാടകയ്ക്കെതിരേയായിരുന്നു നായകനായ അവസാന മത്സരം.
കേരളത്തിനുവേണ്ടി 35 ഫസറ്റ് ക്ലാസ് മത്സരങ്ങള്‍ കളിച്ച അശോക് ശേഖര്‍ 68 ഇന്നിങ്സുകളില്‍ നിന്നായി 808 റണ്‍സാണ് നേടിയത്. 49 റണ്‍സാണ് ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍.
1997-98, 98-99 സീസണുകളില്‍ ബി.സി.സി.ഐയുടെ മാച്ച് റഫറിയായിരുന്നു.
എസ്.ബി.ടിയില്‍ ഉദ്യോഗസ്ഥനായിരുന്നു.
പരേതരായ കണ്ണൂര്‍ ചെറ്റിയാറക്കുളം ചെറുവാരി ശേഖരന്റെയും മഠത്തില്‍ കല്ല്യാണിയുടെ മകനായി 1946 ഫെബ്രുവരി ഒന്നിനായിരുന്നു ജനനം. മൂന്ന് രണ്ട് സഹോദരന്മാരും ഫുട്ബോളിന്റെ വഴിയേ പോയപ്പോള്‍ അശോക് മാത്രമാണ് വഴിമാറി ക്രിക്കറ്റിന്റെ ലോകത്തെത്തിയത്. മൂത്ത രണ്ട് സഹോദരന്മാരും ഒന്നിച്ചാണ് കേരളത്തിനുവേണ്ടി സന്തോഷ് ട്രോഫി കളിച്ചത്. ബാലന്‍ പണ്ഡിറ്റിന്റെ ശിഷ്യനായിരുന്നു അശോക് ശേഖര്‍.
സജിനിയാണ് ഭാര്യ. മക്കള്‍: അമിത് (ഓസ്ട്രേലിയ), അഖിലേഷ് (ചെന്നൈ), അവിനാശ് (ദുബായ്). മരുമക്കള്‍: സബിത, അങ്കിത, നീരജ.
സംസ്‌കാരം തിങ്കളാഴ്ച കണ്ണൂരില്‍.
Your comment?