ഗള്‍ഫിലെ ജോലി മതിയാക്കി നാട്ടിലേക്ക് തിരിച്ച ആള്‍ കാറും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചു
ശാസ്താംകോട്:30 വര്‍ഷത്തെ പ്രവാസത്തിനു ശേഷം നാട്ടിലേക്ക് മടങ്ങിയ ആള്‍ക്ക് വീട്ടിലേക്കുള്ള യാത്രയ്ക്കിടെ ദാരുണാന്ത്യം .
ശൂരനാട് വടക്ക് പടിഞ്ഞാറ്റംമുറി അര്‍ച്ചനയില്‍ (നെല്ലിപ്പിള്ളില്‍) രാജന്‍പിള്ള(55)യാണ് കാറും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചത്. കാര്‍ ഓടിച്ച സഹോദരന്‍ ആദിനാട് സ്വദേശി ജയകുമാറിനും രാജന്‍പിള്ളയുടെ ഏക മകന്‍ അമലിനും (20) പരുക്കേറ്റു. കൊല്ലം-തേനി ദേശീയപാതയില്‍ ഭരണിക്കാവ് പുന്നമ്മൂട് കോട്ടവാതുക്കല്‍ ജംക്ഷനില്‍ പുലര്‍ച്ചെ 5.30നാണ് അപകടം.
തലയ്ക്കും വാരിയെല്ലിനും കൈകാലുകള്‍ക്കും ഗുരുതര പരുക്കേറ്റ അമല്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. 30ലേറെ വര്‍ഷമായി ഷാര്‍ജയിലായിരുന്ന രാജന്‍പിള്ള പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുകയായിരുന്നു. പുലര്‍ച്ചെ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയ രാജന്‍ പിള്ളയെ വീട്ടിലേക്ക് കൂട്ടികൊണ്ട് വരുന്നതിനിടെയാണ് അപകടം. മുന്നില്‍ പോയ ബസിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ എതിരെ വന്ന ടൂറിസ്റ്റ് ബസില്‍ കാര്‍ ഇടിച്ചു കയറുകയായിരുന്നു എന്നു നാട്ടുകാര്‍ പറഞ്ഞു.
നെല്ലിമുകള്‍ മുണ്ടപ്പള്ളി നിന്ന് ശിവഗിരിയിലേക്ക് തീര്‍ഥാടകരുമായി പോയതായിരുന്നു ബസ്. ഇടിയുടെ ആഘാതത്തില്‍ പൂര്‍ണമായും തകര്‍ന്ന കാറിന്റെ മുന്‍ഭാഗത്തിരുന്ന രാജന്‍ പിള്ളയെ പുറത്തെത്തിക്കാന്‍ നാട്ടുകാര്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ശാസ്താംകോട്ടയില്‍ നിന്നും അഗ്‌നിരക്ഷാസേനയെത്തി കാര്‍ വെട്ടിപ്പൊളിച്ചാണ് പിള്ളയെ പുറത്തെടുത്തത്. ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചു. മൃതദേഹം മോര്‍ച്ചറിയില്‍. വിജയശ്രീയാണ് ഭാര്യ.
Your comment?