അടിമാലി: മദ്യപിച്ചു ലക്കുകെട്ടപ്പോള്‍ പ്രതികള്‍ സത്യം വിളിച്ചുപറഞ്ഞു. പതിനൊന്നുമാസം മുമ്പ് കുന്നനാനിത്തണ്ടിലെ പാറയിടുക്കില്‍ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. കൊല്ലപ്പെട്ടയാളുടെ സുഹൃത്തുക്കളായ രണ്ടുപേരെ അറസ്റ്റു ചെയ്തു.
പണിക്കന്‍കുടി മുള്ളരിക്കുടി കരിമ്പനാനിക്കല്‍ വീട്ടില്‍ സജീവ(ഷാജി-50)ന്റെ മരണമാണ് കൊലപാതകമെന്നു തെളിഞ്ഞത്. മുള്ളരിക്കുടി സ്വദേശികളായ കുന്തനാനിക്കല്‍ സുരേന്ദ്രന്‍ (സുരസ്വാമി-54), വരിക്കാനിക്കല്‍ ബാബു (47) എന്നിവരെയാണ് ചൊവ്വാഴ്ച അറസ്റ്റു ചെയ്തത്. ഒരുമിച്ച് മദ്യപിക്കുന്നതിനിടെ പ്രകോപിതരായ പ്രതികള്‍ സജീവനെ 150 അടി താഴ്ചയിലേക്ക് എറിഞ്ഞു കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ജനുവരി 26-ന് രാവിലെ മുള്ളരിക്കുടിയിലെ കുന്നനാനിത്തണ്ടിനു സമീപമുള്ള പാറക്കെട്ടിന് താഴെയുള്ള കൃഷിയിടത്തിലാണ് സജീവന്റെ മൃതദേഹം കണ്ടെത്തിയത്.
ആത്മഹത്യയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ താഴെയിറങ്ങി മൃതദേഹത്തില്‍നിന്ന് മുണ്ട് അഴിച്ചെടുത്ത് പാറയുടെ മുകളില്‍ കൊണ്ടിടുകയും ആത്മഹത്യയാണെന്ന പ്രചാരണവും നടത്തി.
സജീവന്റെ ഭാര്യ വിജയകുമാരി കൂടുതല്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പോലീസ് മേധാവി കെ.ബി.വേണുഗോപാലിന് പരാതി നല്‍കി. അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കളും നാട്ടുകാരും രംഗത്തെത്തുകയും ചെയ്തു. തുടര്‍ന്ന് സി.ഐ. പി.കെ.സാബുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ എസ്.പി. അന്വേഷണച്ചുമതല ഏല്‍പിക്കുകയായിരുന്നു. ഒരു മദ്യപാന സദസ്സില്‍ മദ്യപിച്ച് ലക്കുകെട്ട ബാബു താന്‍ ഒരാളെ കൊന്നു കൊക്കയിലെറിഞ്ഞിട്ടും ആരും ചോദിച്ചിട്ടില്ലെന്നു പറഞ്ഞതോടെ നാട്ടുകാര്‍ക്ക് സംശയമായി. ഇവര്‍ അന്വേഷണ സംഘത്തെ വിവരമറിയിച്ചു. തുടര്‍ന്ന് പ്രതികളെ ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിക്കുകയായിരുന്നു.
മൂന്നാര്‍ ഡിവൈ.എസ്.പി. ഡി.ബി.സുനീഷ് ബാബു, സി.ഐ. പി.കെ.സാബു, എ.എസ്.ഐ.മാരായ സി.വി.ഉലഹന്നാന്‍, സി.ആര്‍.സന്തോഷ്, സജി എന്‍.പോള്‍, കെ.കെ.ഷാജു, എസ്.സി.പി.ഒ. എ.ബി ഹരികൃഷ്ണന്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. ഇരുവരെയും അടിമാലി കോടതിയില്‍ ഹാജരാക്കി. പോളിടെക്നിക്ക് വിദ്യാര്‍ഥി പ്രവീണ്‍, പ്രിയങ്ക (നഴ്‌സ്) എന്നിവരാണ് കൊല്ലപ്പെട്ട സജീവന്റെ മക്കള്‍.
Your comment?