തിരുവനന്തപുരം: ചരക്ക്-സേവന നികുതി (ജി.എസ്.ടി.)യില്‍നിന്ന് കേരളത്തിന് ഒക്ടോബറില്‍ കിട്ടിയത് 1817 കോടി രൂപ. കഴിഞ്ഞവര്‍ഷം ജൂലായില്‍ ജി.എസ്.ടി. നിലവില്‍വന്നശേഷം ആദ്യമായാണ് ഇത്രയും വരുമാനം കേരളത്തിന് കിട്ടുന്നത്.സംസ്ഥാനത്തിനകത്തെ വില്പനയില്‍നിന്ന് (എസ്.ജി.എസ്.ടി.) 749 കോടി രൂപയും മറ്റുസംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലേക്ക് കൊണ്ടുവരുന്ന സാധനങ്ങളുടെ നികുതി (ഐ.ജി.എസ്.ടി.)യില്‍നിന്ന് 1068 കോടിരൂപയുമാണ് ഒക്ടോബറില്‍ കിട്ടിയത്.
ദേശീയാടിസ്ഥാനത്തിലും ഒക്ടോബറില്‍ ജി.എസ്.ടി. വരുമാനം മെച്ചപ്പെട്ടു. ഈ വര്‍ഷം ഏപ്രിലിനുശേഷം ദേശീയതലത്തിലെ വരുമാനം ഒരുലക്ഷംകോടി കവിഞ്ഞു. കേരളത്തില്‍ കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ 1563.12 കോടി രൂപയാണ് കിട്ടിയത്. ഇതുമായി താരതമ്യം ചെയ്താല്‍ 307.88 കോടിരൂപയുടെ വര്‍ധന ഈ വര്‍ഷമുണ്ടായി.പ്രളയം കച്ചവടമേഖലയെ ബാധിച്ചതിനാല്‍ ഈ വര്‍ഷം ഓഗസ്റ്റിലും സെപ്റ്റംബറിലും നികുതി വരുമാനം കുറഞ്ഞിരുന്നു. ഓഗസ്റ്റില്‍ 1273.72 കോടിയും സെപ്റ്റംബറില്‍ 1175.2 കോടിയുമായിരുന്നു നികുതിവരുമാനം. രണ്ടുമാസത്തെ നികുതി ഒരുമിച്ച് കണക്കിലെടുത്താണ് കേന്ദ്രം നഷ്ടപരിഹാരം നിശ്ചയിക്കുന്നത്. ഓഗസ്റ്റ്-സെപ്റ്റംബറിലെ നഷ്ടപരിഹാരവും സംസ്ഥാനത്തിന് കിട്ടാനുണ്ട്.
Your comment?