
പെരിങ്ങര:പ്രളയം കനത്ത നാശം വിതച്ച അപ്പര്‍കുട്ടനാട്ടിലെ പെരിങ്ങര ജിഎച്ച്എസിലെ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്ന കുടുംബങ്ങളിലെ കുട്ടികള്‍ക്കൊപ്പം ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസിന്റെ തിരുവോണം. ഇന്നലെ ഉച്ചയ്ക്ക് മന്ത്രി എത്തിയതോടെ ക്യാമ്പ് ഉണര്‍ന്നു. മുതിര്‍ന്നവരും കുട്ടികളും ഒന്നിച്ച് അണിനിരന്നു വിശിഷ്ടാതിഥിയെ ഓണഘോഷത്തിലേക്കു സ്വാഗതം ചെയ്തു. 42 കുടുംബങ്ങളിലെ 154 പേരാണ് ഈ ക്യാമ്പില്‍ കഴിയുന്നത്. കുട്ടികള്‍ തയാറാക്കിയ മനോഹരമായ അത്തപ്പൂക്കളം മന്ത്രി സന്ദര്‍ശിച്ചു. അത്തപ്പൂക്കളം തയാറാക്കിയ കുട്ടികള്‍ ഓരോരുത്തരെയും മന്ത്രി അഭിനന്ദിച്ചു. തുടര്‍ന്ന് കുട്ടികള്‍ക്കൊപ്പമിരുന്ന് അദ്ദേഹം ഓണസദ്യ കഴിച്ചു.
പ്രളയക്കെടുതിക്കിരയായവര്‍ക്ക് എല്ലാ സഹായവും നല്‍കുമെന്നും സര്‍ക്കാര്‍ ഒപ്പമുണ്ടെന്നും മന്ത്രി പറഞ്ഞു. ഓണസദ്യ ഒരുക്കാന്‍ അതത് സ്ഥലത്തെ ജനപ്രതിനിധികളും ക്യാമ്പ് നടത്തുന്നവരും പരിശ്രമിച്ചു. വില്ലേജ് ഓഫീസില്‍ നിന്നും ലഭ്യമാക്കിയ അരിക്കു പുറമേ തദ്ദേശീയമായി പച്ചക്കറി ഉള്‍പ്പെടെ സംഘടിപ്പിച്ചു. വിഷമഘട്ടത്തിലും ഓണസദ്യ ഇല്ലാത്ത സ്ഥിതി വരാതിരിക്കാന്‍ എല്ലാവരും ശ്രമിച്ചു. ഇതിനായി മുന്‍കൈയെടുത്ത എല്ലാവരേയും അഭിനന്ദിക്കുന്നു. ആഹ്ളാദതിമിര്‍പ്പ് ഇല്ലെങ്കിലും ഓണസദ്യ എന്ന പരമ്പരാഗത ആചാരം എല്ലാ ദുരിതാശ്വാസ ക്യാമ്പുകളിലും യാഥാര്‍ഥ്യമാക്കാന്‍ കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു. ക്യാമ്പിന്റെ പ്രവര്‍ത്തനം മന്ത്രി വിലയിരുത്തി. ക്യാമ്പില്‍ കഴിയുന്നവരോട് നേരിട്ടു ചോദിച്ച് അദ്ദേഹം കാര്യങ്ങള്‍ പരിശോധിച്ചു. തുടര്‍ന്ന് വിഷമങ്ങള്‍ ഒരു നിമിഷം മറന്ന് ക്യാമ്പിലെ കുട്ടികള്‍ താരക പെണ്ണാളേ… എന്ന ഗാനം ആലപിച്ചു. മന്ത്രിയും ക്യാമ്പിലെ മറ്റുള്ളവരും ശ്രോതാക്കളായി. പെരിങ്ങര പഞ്ചായത്ത് 12-ാം വാര്‍ഡ് മെമ്പര്‍ സിബിച്ചന്‍, പ്രമോദ് ഇളമണ്‍, ഗീത പ്രസാദ്, അശോക് കുമാര്‍, കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
Your comment?