അടൂര്‍: ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും ഫലപ്രദമായി വിതരണം ചെയ്യുന്നതിന് പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തി. സന്നദ്ധപ്രവര്‍ത്തകരും സര്‍ക്കാര്‍ സംവിധാനവും ഇതിനായി യോജിച്ച് പ്രവര്‍ത്തിക്കും. സന്നദ്ധ പ്രവര്‍ത്തകര്‍ക്കുള്ള നിര്‍ദേശങ്ങള്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ സ്പെഷല്‍ ഓഫീസര്‍ എസ്. ഹരികിഷോറും ജില്ലാ കളക്ടര്‍ പി.ബി. നൂഹും നല്‍കി.
ജില്ലയിലേക്കു വരുന്ന സഹായ വസ്തുക്കള്‍ അടൂര്‍ മാര്‍ത്തോമ്മ യൂത്ത് സെന്റര്‍ പ്രധാന കേന്ദ്രമായി ശേഖരിക്കും. ഇവിടെ നിന്നും ജില്ലയിലെ വിവിധ ക്യാമ്പുകളിലേക്ക് സാധനങ്ങള്‍ നേരിട്ട് എത്തിക്കും.
അടൂരിലെ മാര്‍ത്തോമ്മ യൂത്ത് സെന്ററിലെ പ്രധാന കേന്ദ്രത്തിനു പുറമേ ജില്ലയിലെ ആറ് താലൂക്കുകളിലും അതതു മേഖലയിലെ ക്യാമ്പുകളിലെ ആവശ്യകത കണ്ടെത്തി സാധനങ്ങള്‍ എത്തിക്കുന്നതിന് കോ-ഓര്‍ഡിനേറ്റര്‍മാരെയും നിയോഗിച്ചിട്ടുണ്ട്. ക്യാമ്പുകളിലേക്ക് അവശ്യവസ്തുക്കളും സേവനവും നല്‍കാന്‍ താല്‍പര്യമുള്ളവര്‍ 9446540551, 9447087356, 9497328374, 9656945086, 9747266803, 9539161943 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണം. കളക്ടറേറ്റിലെ ഡെപ്യുട്ടി കളക്ടര്‍ അജന്താ കുമാരി ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും. ഇതുമായി ബന്ധപ്പെട്ട് സാമൂഹിക സേവനം അനുഷ്ഠിക്കാന്‍ താല്‍പര്യമുള്ളവര്‍ 9447197224 എന്ന നമ്പരില്‍ ബന്ധപ്പെടണം.
Your comment?