അടൂര്‍: കല്ലടയാറും കലഞ്ഞൂര്‍ വലിയ തോടും കരകവിഞ്ഞ് അടൂര്‍, കലഞ്ഞൂര്‍ മേഖലയില്‍നിന്ന് 120 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. ഏനാത്ത് ജങ്ഷനില്‍ 22 കടകള്‍ കല്ലടയാറ്റില്‍ നിന്നുള്ള വെള്ളം കയറിയത് കാരണം തുറക്കാന്‍ പറ്റാത്ത അവസ്ഥയിലാണ്. മണ്ണടി മേഖലയിലെ നിലമേല്‍, പാണ്ടിമലപ്പുറം, കല്ലുവിളേത്ത്, രാമന്‍ചിറ, ഇടയന്‍പാലം, പനങ്കുന്നേല്‍, മണ്ണടി പ്രദേശങ്ങള്‍ കല്ലടയാറ്റിലെ വെള്ളം കയറിയത് കാരണം ഒറ്റപ്പെട്ട നിലയിലാണ്. ഈ പ്രദേശങ്ങളില്‍നിന്നാണ് 103 കുടുംബങ്ങളെ രണ്ടിടത്ത് ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയത്.
കലഞ്ഞൂര്‍ വലിയതോട് കരകവിഞ്ഞ് മണ്ണില്‍, കുറ്റുമണ്‍ പ്രദേശങ്ങളില്‍ വെള്ളം കയറി. ഇവിടെ നിന്ന് 17 കുടുംബങ്ങളെ കലഞ്ഞൂര്‍ ഗവ. എല്‍.പി. സ്‌കൂളില്‍ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. കലഞ്ഞൂര്‍ പഞ്ചായത്തിലെ പാടം വണ്ടണി മലയില്‍ ഉരുള്‍പൊട്ടാന്‍ സാധ്യത കണ്ട് പോലീസും റവന്യൂവകുപ്പും ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. ഇവിടെ മലയില്‍നിന്ന് നീരുറവ പ്രത്യക്ഷപ്പെട്ടതാണ് ജനങ്ങള്‍ക്ക് ഭീതി ഉണ്ടാക്കുന്നത്. അഞ്ചുമാസം മുന്‍പ് ഇവിടെ ഉരുള്‍ പൊട്ടി റോഡും വീടുകളും തകര്‍ന്നിരുന്നു.
https://www.facebook.com/adoorvartha/videos/1130727507081058/
Your comment?