അടൂര്‍: പൊങ്ങലടി മാന്തറയില്‍ അനില്‍കുമാറിന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയവര്‍ സാക്ഷിയായത് വലിയൊരു നന്മയ്ക്ക്. മകള്‍ രേഷ്മയുടെ വിവാഹത്തിനൊപ്പം മറ്റൊരു പെണ്‍കുട്ടിയുടെ വിവാഹം കൂടി നടത്തിയാണ് അനില്‍കുമാര്‍ വേറിട്ട നന്മയുടെ സന്ദേശം നല്‍കിയത്.
മകളുടെ വിവാഹവേദിയില്‍ മറ്റൊരു പെണ്‍കുട്ടിക്ക് കൂടി മംഗല്യം ഒരുക്കണമെന്ന് അനില്‍കുമാര്‍ വര്‍ഷങ്ങള്‍ക്കുമുന്‍പുതന്നെ തീരുമാനിച്ചതാണ്. വീട്ടില്‍ സഹായിയായി എത്തിയ ആളാണ് പൊങ്ങലടി സ്വദേശിനിയായ ഗീതയുടെ കാര്യം പറഞ്ഞത്.
ഗീതയുടെ അമ്മ ഓമന വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരിച്ചുപോയി. ഗീത പഠനത്തിനൊപ്പം ചെറിയ ജോലികള്‍ ചെയ്താണ് കാന്‍സര്‍ രോഗിയായ അച്ഛനെ സംരക്ഷിച്ചിരുന്നത്. എന്നാല്‍ 15 ദിവസം മുന്‍പ് അച്ഛന്‍ കൊച്ചുചെറുക്കനും മരിച്ചു. അനിലിന്റെ മകള്‍ രേഷ്മയെ ഒരുക്കിയതിനൊപ്പം ഗീതയെയും ഒരുക്കി. ബന്ധുക്കളുടെ അനുഗ്രഹം വാങ്ങി രേഷ്മയ്ക്ക് ഒപ്പം ഗീതയും കല്യാണപ്പന്തലിലേക്ക് ഒരുമിച്ചാണ് പോയത്. അനില്‍കുമാറും ഭാര്യ സിന്ധുവും ഗീതയെയും കല്യാണമണ്ഡപത്തിലേക്ക് ആനയിക്കുകയും ചെയ്തു.
കൊട്ടിയം തഴുതാല വീണാലയത്തില്‍ വിഷ്ണു, രേഷ്മയുടെയും പാവുമ്പ തെക്ക് അമ്പീരിശേരില്‍ ശംഭു ഗീതയുടെയും കഴുത്തില്‍ താലി ചാര്‍ത്തി. അടൂര്‍ നഗരത്തിലെ പച്ചക്കറി വ്യാപാരിയാണ് അനില്‍കുമാര്‍. ഗീതയുടെ കല്യാണത്തിന് അണിയുന്നതിനുള്ള സ്വര്‍ണവും നല്‍കി. ജീവിതചെലവുകള്‍ക്കായി രണ്ട് ലക്ഷം രൂപ പോസ്റ്റ് ഓഫീസില്‍ സ്ഥിരനിക്ഷേപമാക്കി നല്‍കുകയും ചെയ്തു. മകന്‍ അനന്തകൃഷ്ണന്റെ വിവാഹത്തിനൊപ്പവും ഇതുപോലെ മറ്റൊരു വിവാഹവും നടത്തുമെന്ന് അനില്‍കുമാര്‍ പറഞ്ഞു.
Your comment?