തിരുവനന്തപുരം: വ്യവസായ സംരക്ഷണസമിതി ദേശീയ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ആഹ്വാനം ചെയ്ത മോട്ടോര്‍വാഹന പണിമുടക്ക് തുടങ്ങി. ചൊവ്വാഴ്ച അര്‍ധരാത്രിവരെയാണ് പണിമുടക്ക്. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദിഷ്ട മോട്ടോര്‍വാഹന നിയമഭേദഗതി പിന്‍വലിക്കുക, ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധന പിന്‍വലിക്കുക, പെട്രോളിയം ഉത്പന്നങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്. സ്വകാര്യ ബസുകള്‍, ചരക്കു വാഹനങ്ങള്‍, ഓട്ടോ, ടാക്‌സി തുടങ്ങിയവ പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ കെ.എസ്.ആര്‍.ടി.സി. ജീവനക്കാരും 24 മണിക്കൂര്‍ പണിമുടക്കില്‍ പങ്കെടുക്കും. മാനേജ്മെന്റ് നടപടിയില്‍ പ്രതിഷേധിച്ചാണിത്.
സര്‍വകലാശാലകള്‍ ചൊവ്വാഴ്ച നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചു
കോട്ടയം: അഖിലേന്ത്യ തലത്തില്‍ വിവിധ തൊഴിലാളി സംഘടനകള്‍ പ്രഖ്യാപിച്ചിരിക്കുന്ന വാഹന പണിമുടക്കിനെ തുടര്‍ന്ന് വിവിധ സര്‍വകലാശാലകള്‍ ചൊവ്വാഴ്ച നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചു. കാലിക്കറ്റ്, കണ്ണൂര്‍, എംജി സര്‍വകലാശാലകളാണ് ചൊവ്വാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷകള്‍ മാറ്റിയത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും സര്‍വകലാശാലകള്‍ അറിയിച്ചിട്ടുണ്ട്.
ചൊവ്വാഴ്ച നടത്താനിരുന്ന ഹയര്‍ സെക്കന്ററി ഒന്നാം വര്‍ഷ ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി പരീക്ഷകളും പരീക്ഷ ബോര്‍ഡ് മാറ്റിവച്ചിട്ടുണ്ട്.
Your comment?