അടൂരില്‍ കെവിന്‍ മോഡല്‍ തട്ടിക്കൊണ്ടു പോകല്‍: പൊലീസ് ഇരയെയും രണ്ടു വേട്ടക്കാരെയും പിടികൂടി

Editor

അടൂര്‍: കോട്ടയത്ത് കെവിന്‍ എന്ന യുവാവിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയതിന്റെ ഞെട്ടലില്‍ നിന്നും കേരളം ഇനിയും മുക്തമായിട്ടില്ല. അതിനിടെ ഇന്നലെ രാത്രി അടൂരില്‍ അരങ്ങേറിയ കെവിന്‍ മോഡല്‍ തട്ടിക്കൊണ്ടു പോകല്‍. പരാതി കിട്ടി അരമണിക്കൂറിനകം പൊലീസ് ഇരയെയും രണ്ടു വേട്ടക്കാരെയും പിടികൂടി. സംഭവം ഇങ്ങനെ.

അടൂര്‍ മുത്തൂറ്റ് ഹോണ്ടയില്‍ സര്‍വീസ് എന്‍ജിനീയറായ കൊട്ടാരക്കര കുളക്കട ലക്ഷ്മി വിലാസത്തില്‍ ആര്‍ സൂരജിനെ(23)യാണ് ഇന്നലെ രാത്രി ഏഴേ മുക്കാലോടെ സഹപ്രവര്‍ത്തകയുടെ ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് കോട്ടമുകള്‍ ഗവ ഗസ്റ്റ് ഹൗസിന് സമീപത്തു നിന്ന് തട്ടിക്കൊണ്ടു പോയത്. ഗസ്റ്റ് ഹൗസിന് സമീപം സ്‌കൂട്ടര്‍ നിര്‍ത്തി മൊബൈല്‍ ഫോണില്‍ സംസാരിക്കുകയായിരുന്നു സൂരജ്. ഈ സമയം പിന്നിലായി ഒരു വാഗണര്‍ കാര്‍ കൊണ്ടു നിര്‍ത്തി. പന്തി കേട് തോന്നിയ ഇയാള്‍ ഉടന്‍ തന്നെ കൂട്ടുകാരനെ വിളിച്ച് താന്‍ കോട്ടമുകള്‍ ഗസ്റ്റ് ഹൗസിന് മുന്നില്‍ നില്‍ക്കുകയാണെന്നും ഓടി വരണമെന്നും സഹായിക്കണമെന്നും ആവശ്യപ്പെട്ടു. ഇതു കേട്ട കൂട്ടുകാരന്‍ മിനിട്ടുകള്‍ക്കുള്ളില്‍ അവിടെ എത്തിയപ്പോള്‍ സൂരജിന്റെ സ്‌കൂട്ടര്‍ മാത്രമാണ് കാണാന്‍ കഴിഞ്ഞത്. സൂരജിന്റെ മൊബൈല്‍ ഫോണിലേക്ക് വിളിച്ചെങ്കിലും റിങ് ചെയ്തതല്ലാതെ ആരും ഫോണ്‍ എടുത്തില്ല. കൂട്ടുകാരന്‍ ഉടന്‍ തന്നെ പോലീസ് സ്റ്റേഷനില്‍ ചെന്ന് പരാതിപ്പെട്ടു. സ്ഥലത്തുണ്ടായിരുന്ന ഇന്‍സ്പെക്ടര്‍ ജി സന്തോഷ്‌കുമാര്‍ ഡിവൈഎസ്പി ആര്‍ ജോസിനെ വിളിച്ച് അറിയിച്ചു. കോന്നി സ്റ്റേഷനില്‍ ഒരു യാത്രയയപ്പ് ചടങ്ങില്‍ പങ്കെടുത്തു കൊണ്ടിരുന്ന ഡിവൈഎസ്പി പാഞ്ഞെത്തി. ഇതിനിടെ ഇന്‍സ്പെക്ടറുടെ ഫോണില്‍ നിന്ന് സൂരജിന്റെ ഫോണിലേക്ക് വിളിച്ചപ്പോള്‍ എടുത്തു. സ്പീക്കര്‍ മോഡിലിട്ട് സൂരജാണോയെന്ന് ചോദിച്ചപ്പോള്‍ ആണെന്ന് പറഞ്ഞു. എന്നാല്‍, ഇത് സൂരജിന്റെ ശബ്ദമല്ലെന്ന് കൂട്ടുകാരന്‍ പൊലീസിനോട് പറഞ്ഞു. ഇതോടെ കോള്‍ കട്ട് ചെയ്തു. പിന്നെ വിളിച്ചെങ്കിലും ഫോണ്‍ എടുത്തില്ല. മറ്റൊരു നമ്പരില്‍ നിന്ന് പൊലീസ് തുടര്‍ച്ചയായി വിളിച്ചു കൊണ്ടിരുന്നു. അവസാനം കോള്‍ എടുത്തു. താന്‍ സൂരജാണെന്നും പഴകുളത്തുണ്ടെന്നും അവിടെ നിന്ന് അടൂരിലേക്ക് വരികയാണെന്നും അറിയിച്ചു. ഇത് സൂരജിന്റെ ശബ്ദം തന്നെയാണെന്ന് കൂട്ടുകാരന്‍ തിരിച്ചറിഞ്ഞു. ഉടന്‍ തന്നെ ഡിവൈഎപിയുടെയും ഇന്‍സ്പെക്ടറുടെയും നേതൃത്വത്തില്‍ പൊലീസ് പഴകുളത്തേക്ക് കുതിച്ചു. 14-ാം മൈല്‍ ലൈഫ്ലൈന്‍ ആശുപത്രിക്ക് സമീപത്തു വച്ച് അടൂരിലേക്ക് നടന്നു വരുന്ന സൂരജിനെ കണ്ടു.

സ്റ്റേഷനിലെത്തിച്ച് വിശദമായി കാര്യങ്ങള്‍ ചോദിച്ചപ്പോഴാണ് കിഡ്നാപ്പിങ് കഥ പുറത്തു വരുന്നത്. ഒപ്പം ജോലി ചെയ്യുന്ന യുവതിയുമായി സൂരജ് ഒരു വര്‍ഷമായി അടുപ്പത്തിലാണ്. ഹിന്ദു മതത്തില്‍പ്പെട്ട യുവതി ആറു വര്‍ഷം മുന്‍പ് ആദിക്കാട്ടുകുളങ്ങര സ്വദേശി ഹാഷിമുമായി ഒരുമിച്ച് താമസം തുടങ്ങി. ഈ ബന്ധത്തില്‍ ഒരു കുട്ടിയുമുണ്ട്. രണ്ടു വര്‍ഷം മുന്‍പ് ഇവര്‍ തമ്മില്‍ കലഹം ആരംഭിച്ചു. ഒരു വര്‍ഷമായി യുവതിയും ഹാഷിമും വേര്‍പിരിഞ്ഞാണ് താമസിക്കുന്നത്. ഔദ്യോഗികമായി വിവാഹം കഴിച്ചിട്ടില്ലെങ്കിലും ഗാര്‍ഹിക പീഡനത്തിനും ബന്ധം ഒഴിയുന്നതിനുമായി യുവതി കോടതിയിലും പൊലീസിലും കേസ് നല്‍കിയിട്ടുണ്ട്. ഹാഷിമിന്റെ ഉപദ്രവത്തില്‍ നിന്ന് രക്ഷനേടുന്നതിന് യുവതി പ്രൊട്ടക്ഷനും സമ്പാദിച്ചിട്ടുണ്ട്. മുത്തൂറ്റ് ഹോണ്ടയില്‍ ഒരുമിച്ച് ജോലി ചെയ്യുന്നതിനിടെ യുവതിയും സൂരജുമായി അടുപ്പത്തിലായി. ഇരുവീട്ടുകാരുടെയും സമ്മതത്തോടെ വിവാഹവും നിശ്ചയിച്ചിരിക്കുകയാണ് എന്ന് സൂരജ് പൊലീസിനോട് പറഞ്ഞു. ഇതിനിടെയാണ് ഇന്നലെ വൈകിട്ട് സൂരജിനെ ഹാഷിമും സഹോദരനും മറ്റ് നാലു പേരും ചേര്‍ന്ന് തട്ടിക്കൊണ്ടു പോയത്. വാഹനത്തില്‍ കയറ്റി കെഎസ്ആര്‍ടിസി ജങ്ഷനില്‍ എത്തിയപ്പോള്‍ മര്‍ദനം തുടങ്ങി എന്നു സൂരജ് പൊലീസിനോട് പറഞ്ഞു. ഇവിടെ നിന്ന് ആദിക്കാട്ടുകുളങ്ങരയിലെ ഹാഷിമിന്റെ വീട്ടില്‍എത്തിച്ചു മര്‍ദനം തുടര്‍ന്നു. പൊലീസ് തുടര്‍ച്ചയായി വിളിച്ചതോടെ അക്രമി സംഘം സൂരജിനെ വാഹനത്തില്‍ കയറ്റി 14-ാം മൈല്‍ ആശുപത്രിക്ക് സമീപം ഇറക്കി വിടുകയായിരുന്നു. തനിക്കെതിരേ നല്‍കിയിരിക്കുന്ന കേസുകള്‍ യുവതിയെ കൊണ്ട് പിന്‍വലിപ്പിക്കണം എന്നാവശ്യപ്പെട്ടാണ് ഹാഷിമും കൂട്ടരും യുവാവിനെ മര്‍ദിച്ചത്. നീ പറഞ്ഞാല്‍ അവള്‍ കേള്‍ക്കും. അതു കൊണ്ട് അത് പിന്‍വലിപ്പിക്കണമെന്നും ഹാഷിം പറഞ്ഞതായി സൂരജ് മൊഴി നല്‍കി. ഇതിനിടെ മര്‍ദിക്കുകയും ചെയ്തു.

തനിക്ക് പരാതിയില്ല എന്നാണ് സൂരജ് പൊലീസിനോട് ആദ്യം പറഞ്ഞത്. ഇയാളുടെ മൊഴി അടക്കം മുഴുവന്‍ കാര്യങ്ങളും പൊലീസ് വീഡിയോയില്‍ പകര്‍ത്തിയിട്ടുണ്ട്. പരാതി ഇല്ലെന്നും കേസ് വേണ്ടെന്നുമുള്ള സൂരജിന്റെ അഭ്യര്‍ഥന പൊലീസ് മുഖവിലയ്ക്ക് എടുത്തില്ല. കോട്ടയം സംഭവം പാഠമാക്കി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഉടന്‍ തന്നെ അന്വേഷണവും ആരംഭിച്ചു. അങ്ങനെയാണ് ഹാഷിമിന്റെ സഹോദരനെയും സുഹൃത്തിനെയും ഇന്നലെ രാത്രി തന്നെ നാട്ടുകാരുടെ സഹായത്തോടെ കസ്റ്റഡിയില്‍ എടുത്തത്. മറ്റു പ്രതികള്‍ മൊബൈല്‍ ഫോണും ഓഫ് ചെയ്ത് മുങ്ങിയിരിക്കുകയാണ്. ഇവര്‍ക്കായി അന്വേഷണം വ്യാപിപ്പിച്ചുവെന്ന് ഡിവൈഎസ്പി ആര്‍ ജോസും ഇന്‍സ്പെക്ടര്‍ ജി സന്തോഷ്‌കുമാറും പറഞ്ഞു.

Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

മാതാവ് ക്യാന്‍സര്‍ ബാധിച്ച് വാടക വീട്ടില്‍ കിടക്കുമ്പോള്‍ തൊട്ടടുത്ത മുറിയില്‍ അവരുടെ കുട്ടികളെ പീഡിപ്പിച്ചു

അടൂരില്‍ കെവിന്‍ മോഡല്‍ തട്ടിക്കൊണ്ടു പോകല്‍: പൊലീസ് ഇരയെയും രണ്ടു വേട്ടക്കാരെയും പിടികൂടി

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015