ന്യൂഡല്‍ഹി: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ മിസോറം ഗവര്‍ണറായി നിയമിച്ചു. മിസോറമിലെ ഇപ്പോഴത്തെ ഗവര്‍ണര്‍ നിര്‍ഭയ് ശര്‍മയുടെ കാലാവധി മെയ് 28ന് അവസാനിക്കുന്ന ഒഴിവിലേക്കാണ് നിയമനം. ഒഡിഷ ഗവര്‍ണറായി പ്രൊഫ. ഗണേഷി ലാലിനെയും നിയമിച്ചിട്ടുണ്ട്. രാഷ്ട്രപതിഭവന്റെ വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്.
ബിജെപി കേരള സംസ്ഥാന ഘടകത്തിന്റെ അധ്യക്ഷനും ഹിന്ദു ഐക്യവേദിയുടെ മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായിരുന്നു.1987ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം ഈസ്റ്റ് മണ്ഡലത്തില്‍ ഹിന്ദുമുന്നണി സ്ഥാനാര്‍ഥിയായിരുന്നു.കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവില്‍നിന്നും കുമ്മനം മത്സരിച്ചു.
കോട്ടയത്തെ കുമ്മനത്ത് ജനിച്ച കുമ്മനം രാജശേഖരന്‍ സി.എം.എസ് കോളേജില്‍ നിന്ന് ബിരുദം പൂര്‍ത്തിയാക്കി. പത്രപ്രവര്‍ത്തനത്തില്‍ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയ കുമ്മനം വിവിധ പത്രസ്ഥാപനങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്. ദീപിക പത്രത്തിലായിരുന്ന പത്രപ്രവര്‍ത്തന ജീവിതത്തിന്റെ തുടക്കം.1976ലാണ് അദ്ദേഹം സര്‍ക്കാര്‍ സര്‍വീസില്‍ ചേരുന്നത്. കൊച്ചിയിലെ ഫുഡ് കോര്‍പ്പറേഷനിലെ ജോലിയില്‍ നിന്ന് വിരമിച്ച ശേഷമാണ് പൊതുപ്രവര്‍ത്തന രംഗത്ത് സജീവമാവുന്നത്.
1979-ല്‍ വിശ്വഹിന്ദുപരിഷത്ത് കോട്ടയം ജില്ലാ പ്രസിഡന്റായ കുമ്മനം 1981-ല്‍ സംസ്ഥാന ജോയിന്റ് സെക്രട്ടറിയായി. 1985-ല്‍ ഹിന്ദുമുന്നണി ജനറല്‍ സെക്രട്ടറിയായി. ക്ഷേത്രസംരക്ഷണസമിതി, ഹിന്ദുമുന്നണി എന്നിവയുടെ തലപ്പത്തും ഇദ്ദേഹമുണ്ടായിരുന്നു.
വിവിധ ഹൈന്ദവവിഭാഗങ്ങളെ ഒന്നിപ്പിച്ച് ഹിന്ദു ഐക്യവേദി എന്ന കുടക്കീഴില്‍ കൊണ്ടുവന്നത് കുമ്മനമാണ്. അച്ഛന്‍ അഡ്വ. രാമകൃഷ്ണപിള്ള എന്‍.എസ്.എസ്. താലൂക്ക് യൂണിയന്‍ നേതാവായിരുന്നു. ശിവഗിരി സമരസഹായസമിതി, മാറാട് കൂട്ടക്കൊലയ്‌ക്കെതിരെ രൂപവത്കരിച്ച ആക്ഷന്‍ കൗണ്‍സില്‍, ആറന്മുള ഹെറിറ്റേജ് വില്ലേജ് ആക്ഷന്‍ കൗണ്‍സില്‍ തുടങ്ങി നിരവധി സമരങ്ങള്‍ക്ക് അമരക്കാരനായിരുന്നു അദ്ദേഹം.
Your comment?