
മണ്ണടി: കടമ്പനാട്- ഏഴംകുളം മിനി ഹൈവേയില്‍ മണ്ണടി ആലുമുക്ക് വളവില്‍ വീണ്ടും അപകടം. ബുധനാഴ്ച രാത്രിയില്‍ വളവില്‍ നിയന്ത്രണം വിട്ട കാര്‍ റോഡരികിലെ പറമ്പില്‍ നിന്ന മരത്തിലിടിച്ചു നിന്നു. അപകടത്തില്‍ ആര്‍ക്കും പരുക്കില്ല. മാസങ്ങള്‍ക്കു മുന്‍പ് ഇതെ സ്ഥാനത്ത് മറ്റൊരു കാര്‍ നിയന്ത്രണം വിട്ടു മരത്തിലിടിച്ചു നിന്നിരുന്നു. കൊടും വളവില്‍ അപകടങ്ങള്‍ പതിവായതിനാല്‍ അടുത്ത കാലത്തു മുന്നറിയിപ്പ് സൂചകം സ്ഥാപിച്ചിരുന്നു.
എന്നാല്‍, വളവില്‍ രണ്ടു വാഹനങ്ങള്‍ക്ക് ഒരേ സമയം കടന്നു പോകാന്‍ ഇടമില്ലാത്തതാണ് അപകടങ്ങള്‍ക്കു കാരണം. വേണ്ടെത്ര സ്ഥലം ഏറ്റെടുക്കാതെയാണ് മിനി ഹൈവേയില്‍ പല ഭാഗത്തും റോഡ് വികസിപ്പിച്ചതെന്ന ആരോപണം നേരത്തേ ഉയര്‍ന്നിരുന്നു. പത്തിലധികം കൊടും വളവുകളുള്ള മിനി ഹൈവേയില്‍ വേണ്ടത്ര ഗതാഗത സുരക്ഷയുമില്ല. വളവുകളില്‍ മിക്കയിടത്തും മുന്നറിയിപ്പു സൂചകമില്ല. ഏനാത്ത് മുതല്‍ ഏഴംകുളം വരെയുള്ള ഭാഗത്ത് റോഡിനിരുവശങ്ങളിലും കാടു വളര്‍ന്നു നില്‍ക്കുന്നതു കാരണം കാല്‍നട യാത്രക്കാര്‍ക്കും ഇടമില്ലാത്ത അവസ്ഥയാണ്.
Your comment?