കോഴഞ്ചേരി: ജില്ലാ ആശുപത്രിയില്‍ അത്യപൂര്‍വ ശസ്ത്രക്രിയ
പത്ത് ലക്ഷം പേരില്‍ വര്‍ഷത്തില്‍ ഒരാള്‍ക്ക് എന്ന തോതില്‍ മാത്രം കാണപ്പെടുന്ന വന്‍കുടലിന്റെ ഇടതുഭാഗത്തുള്ള വളവില്‍ കാണപ്പെടുന്ന ട്യൂമര്‍ അതിസങ്കീര്‍ണമായ ശസ്ത്രക്രിയയിലൂടെ കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ നീക്കം ചെയ്തു. ഒന്നര കിലോ തൂക്കം വരുന്ന ന്യൂറോ എന്‍ഡോക്രൈന്‍ വിഭാഗത്തില്‍പ്പെട്ട ഇത് പൂര്‍ണമായും നീക്കം ചെയ്യാന്‍ അരമീറ്റര്‍ നീളത്തില്‍ വന്‍കുടല്‍ മുറിച്ചുമാറ്റേണ്ടിവന്നു. നിരന്തരമായ വയറുവേദനയും ശോധനക്കുറവും രക്തം പോകുന്നതും മൂലം ബുദ്ധിമുട്ടനുഭവിച്ച കോന്നി സ്വദേശിനിയായ വീട്ടമ്മയാണ് ശസ്ത്രക്രിയയ്ക്ക് വിധേയമായത്. അപൂര്‍വ രോഗമായതിനാല്‍ വിവിധ പരിശോധനകള്‍ക്ക് ശേഷമാണ് രോഗം സ്ഥിരീകരിച്ചത്.
സംസ്ഥാനത്ത് ആരോഗ്യ വകുപ്പ് ആശുപത്രികളില്‍ ആദ്യമായാണ് ഇത്തരം ശസ്ത്രക്രിയ നടത്തുന്നത്. ആന്തരിക അവയവങ്ങളുമായി ഒട്ടിച്ചേര്‍ന്നിരുന്നതിനാലും ദിവസങ്ങളായി ആഹാരം കഴിക്കാന്‍ കഴിയാതിരുന്നതുമൂലം രോഗിയുടെ ആരോഗ്യനില മോശമായതിനാലും ശസ്ത്രക്രിയ അതിസങ്കീര്‍ണമായിരുന്നു. ഹൃദയമിടിപ്പും രക്തസമ്മര്‍ദവും വലിയ വ്യതിയാനങ്ങള്‍ കാണിച്ചുകൊണ്ടിരുന്നതിനാല്‍ അനസ്തീഷ്യ പ്രയാസമേറിയതായി മാറിയെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. പ്രത്യേക ഐസിയു തയാറാക്കിയും ആവശ്യമായ ആധുനിക ഉപകരണങ്ങള്‍ തിയറ്ററില്‍ വരുത്തിയുമാണ് ഓപ്പറേഷന്‍ നടത്തിയത്. സ്വകാര്യ ആശുപത്രികളില്‍ ലക്ഷങ്ങള്‍ ചെലവാകുമായിരുന്ന ഓപ്പറേഷനാണ് ചുരുങ്ങിയ ചെലവില്‍ കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ നടത്തിയത്. രണ്ടാഴ്ചയോളം ഐസിയുവില്‍ കഴിഞ്ഞ രോഗി പൂര്‍ണ ആരോഗ്യത്തോടെ ആശുപത്രി വിട്ടു. വിശദമായ ബയോപ്സി കോട്ടയം മെഡിക്കല്‍ കോളേജില്‍ നടത്തിയതിനുശേഷം തുടര്‍ചികിത്സ നിശ്ചയിക്കുമെന്ന് ഡോ.ജി.വിനു പറഞ്ഞു.
ജില്ലാ ആശുപത്രിയിലെ കണ്‍സള്‍ട്ടന്റ് സര്‍ജന്‍ ഡോ.ജി.വിനുവിന്റെ നേതൃത്വത്തില്‍ നടന്ന ശസ്ത്രക്രിയയ്ക്ക് ഏഴ് മണിക്കൂര്‍ വേണ്ടിവന്നു. റാന്നി താലൂക്ക് ആശുപത്രിയിലെ ഡോ.ബിനു, ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയിലെ ഡോ.ശ്രീജിത്ത്, സീനിയര്‍ നഴ്സ് അംബിക എന്നിവരും ശസ്ത്രക്രിയയില്‍ പങ്കാളികളായി. ഡോ.വാസുദേവന്‍ നമ്പൂതിരി, ഡോ.ധന്യ, ഡോ.വിനോദ് ചെറിയാന്‍ എന്നിവര്‍ അനസ്തേഷ്യ നല്‍കി.
Your comment?