മണ്ണടി: മുടിപ്പുര ദേവീക്ഷേത്രത്തില്‍ ഉച്ചബലി ഉത്സവത്തിന്റെ ഭാഗമായി നടന്ന തിരുമുടി എഴുന്നള്ളത്ത് ഭക്തസഹസ്രങ്ങള്‍ക്ക് ദര്‍ശനപുണ്യമായി. വൈകിട്ട് അഞ്ചിനു വാദ്യമേളങ്ങളുടെയും കൊടി, കുട, തീവെട്ടി, ആലവട്ടം വെഞ്ചാമരം എന്നിവയുടെ അകമ്പടിയില്‍ തിരുമുടി എഴുന്നള്ളത്ത് പഴയകാവ് ദേവീക്ഷേത്രത്തിലേക്കു പുറപ്പെട്ടു. ആചാര പ്രകാരം തിരുമുടി എഴുന്നള്ളിക്കുന്ന മണ്ണടി നമ്പൂടഴികത്തു വടക്കേതില്‍ ബിജുകുമാര്‍ വാക്കവഞ്ഞിപ്പുഴ മഠത്തിലെത്തി അനുഗ്രഹം വാങ്ങിയ ശേഷം കരക്കാര്‍ക്ക് വെറ്റിലയും പുകയിലയും വച്ച ശേഷമാണു തിരുമുടി എഴുന്നള്ളത്ത് തുടങ്ങിയത്.
വാദ്യമേളങ്ങളുടെയും നൂറുകണക്കിനു ഭക്തരുടെയും അകമ്പടിയില്‍ പുറപ്പെട്ട എഴുന്നള്ളത്ത് പരമ്പരാഗത പാത വഴി വാക്കവഞ്ഞിപ്പുഴ മഠത്തിലെത്തി താളം ചവിട്ടി. തുടര്‍ന്ന് ആവണംപാറ വഴി പഴയകാവ് ദേവീക്ഷേത്രത്തിലെ ആല്മരച്ചുവട്ടിലെത്തിയതോടെ ക്ഷേത്രത്തിനകത്തെ പാട്ടമ്പലത്തില്‍ വര്‍ഷത്തിലൊരിക്കല്‍ തയാറാക്കുന്ന നിവേദ്യം പാകമാക്കി. ഉണക്കലരി, പൊട്ടു വാഴക്കുല, ശര്‍ക്കര, നാളികേരം, കൊത്തച്ചക്ക എന്നിവ ചേര്‍ത്താണു നിവേദ്യം തയാറാക്കുന്നത്.
താളം ചവിട്ടി ആല്‍ത്തറയില്‍ ഇറക്കിവച്ച തിരുമുടി വീണ്ടും കണ്ടു തൊഴുത് അനുഗ്രഹം വാങ്ങാന്‍ ഭക്തര്‍ ആല്മരച്ചുവടിനെ ലക്ഷ്യമാക്കി ഒഴുകിയെത്തി. അര്‍ധരാത്രിയില്‍ ദാരികാ നിഗ്രഹത്തെ അനുസ്മരിപ്പിച്ചു മുടിപ്പേച്ചും നടന്നു. ഭൂതഗണങ്ങളുടെ അകമ്പടിയില്‍ പേച്ചു കളത്തിലേക്ക് എഴുന്നള്ളുന്ന ദേവി വേതാള കല്ലില്‍ താളം ചവിട്ടി ശക്തി വരൂപിണിയായി ദാരികാനിഗ്രഹം നടത്തുന്നുവെന്നാണു വിശ്വാസം. ദാരികാനിഗ്രഹത്തിനായി ഉഗ്ര സ്വരൂപിണിയായി മാറുന്ന ദേവിയെ ശാന്ത സ്വരൂപിണിയായി മാറ്റുന്നതിന് അടവിയും ബലിക്കുടയും നടത്തി.
അതിനു ശേഷം ഭൂതഗണങ്ങള്‍ക്കു വഴിയൂട്ടു നടത്തി അനുഗ്രഹിച്ചു വിട നല്കുന്ന ദേവി പറയിട്ടു സ്വീകരിക്കുന്ന ഭക്ത ജനങ്ങള്‍ക്ക് അനുഗ്രഹം ചൊരിഞ്ഞു തിരികെ മുടിപ്പുര ക്ഷേത്രത്തില്‍ എത്തുന്നുവെന്നാണ് സങ്കല്പം. ഇന്ന് രാവിലെ എട്ടിന് മണ്ണടി നിലമേല്‍ ആല്‍ത്തറയില്‍ നിന്നും താലപ്പൊലി, മുത്തുക്കുട വാദ്യമേളങ്ങള്‍ എന്നിവയുടെ അകമ്പടിയോടെ തിരുമുടിയെ എതിരേറ്റ് മുടിപ്പുര ക്ഷേത്രത്തിലേക്ക് ആനയിക്കും. 9.30ന് എഴുന്നള്ളത്ത് ക്ഷേത്രത്തില്‍ നിന്നു മഠത്തില്‍ പോയി തിരികെ ക്ഷേത്രത്തില്‍ എത്തിച്ചേരുന്നതോടുകൂടി ഉച്ചബലി ഉത്സവം സമാപിക്കും.
Your comment?