5:32 pm - Thursday November 24, 7831

ഗതാഗത മന്ത്രി തോമസ് ചാണ്ടി രാജിവെച്ചു

Editor

തിരുവനന്തപുരം: ഗതാഗത മന്ത്രി തോമസ് ചാണ്ടി രാജിവെച്ചു. എന്‍സിപി സംസ്ഥാന പ്രസിഡന്റ് ടി.പി.പീതാംബരന്‍ മാസ്റ്റര്‍ രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറി. ഗവര്‍ണര്‍ക്ക് രാജിക്കത്ത് അയച്ചതായി മുഖ്യമന്ത്രി പറഞ്ഞു. അതേസമയം തോമസ് ചാണ്ടി ആലപ്പുഴയിലേക്ക് പോയി.രാജിക്കത്ത് ടിപി പീതാംബരനെ ഏല്‍പ്പിച്ചാണ് ചാണ്ടി ആലപ്പുഴയിലേക്ക് പോയത്. പൊലീസ് സുരക്ഷയില്‍ ഔദ്യോഗിക വാഹനത്തിലാണ് തോമസ് ചാണ്ടിയുടെ യാത്ര.

ഇന്ന് ചേര്‍ന്ന എന്‍സിപി നേതൃയോഗത്തിലാണ് തോമസ് ചാണ്ടി രാജിവെക്കാന്‍ സന്നദ്ധത അറിയിച്ചത്. ഈ തീരുമാനത്തിന് എന്‍സിപി കേന്ദ്ര നേതൃത്വവും അംഗീകാരം നല്‍കി. രണ്ട് മണിയോടെ എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ടി പി പീതാംബരന്‍ മാസ്റ്റര്‍ മാധ്യമങ്ങളെ കാണും.

ഉപാധികളോടെയാണോ രാജിയെന്ന കാര്യം ഇനിയും വ്യക്തമായിട്ടില്ല. ഇക്കാര്യം പറയാനാകില്ലെന്ന് എ കെ ശശീന്ദ്രന്‍ എംഎല്‍എയും പറഞ്ഞു. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ തല്‍ക്കാലം മാറിനില്‍ക്കാമെന്നാണ് തോമസ് ചാണ്ടി അറിയിച്ചത്. ആരോപണങ്ങള്‍ സത്യമല്ലെന്ന് തെളിയിക്കുന്നതുവരെ മന്ത്രിസ്ഥാനത്ത് നിന്ന് മാറിനില്‍ക്കാന്‍ സന്നദ്ധനാണ്. സുപ്രീംകോടതിയില്‍ നിയമപോരാട്ടം നടത്തി സത്യം തെളിയിക്കുമെന്നും ചാണ്ടി വ്യക്തമാക്കിയെന്നാണ് അറിയുന്നത്.

ദേശീയ നേതൃത്വവുമായി ചര്‍ച്ച വേണമെന്ന് എന്‍സിപി ആവശ്യപ്പെട്ടിരുന്നു. ഈ യോഗത്തിന് ശേഷം തീരുമാനം അറിയിക്കാമെന്നായിരുന്നു എന്‍സിപി മുഖ്യമന്ത്രിയെ അറിയിച്ചത്. അതുപ്രകാരം ദേശീയനേതൃത്വുമായി ചര്‍ച്ച നടത്തുകയായിരുന്നു. ഒടുവില്‍ രാജി തീരുമാനത്തിലേക്ക് എന്‍സിപി എത്തിച്ചേരുകയായിരുന്നു.

രാവിലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തോമസ് ചാണ്ടിയുടെ രാജി സംബന്ധിച്ച് ചര്‍ച്ച ചെയ്തില്ലെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. യോഗത്തില്‍ തോമസ് ചാണ്ടി പങ്കെടുത്തിരുന്നു. ഇതില്‍ പ്രതിഷേധിച്ച് സിപിഐ മന്ത്രിമാര്‍ മന്ത്രിസഭാ യോഗത്തില്‍ പങ്കെടുത്തില്ല. മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കേണ്ടെന്ന് പാര്‍ട്ടി നേതൃത്വം തീരുമാനിച്ചതിനാല്‍ യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയാണെന്ന് സിപിഐ മന്ത്രിമാരുടെ കത്ത് മന്ത്രിസഭാ യോഗത്തില്‍ ലഭിച്ചു. എന്നാല്‍ മുന്നണി മര്യാദ പാലിച്ച് തോമസ് ചാണ്ടിക്ക് മന്ത്രിസഭായോഗത്തില്‍ പങ്കെടുക്കാമെന്നാണ് പിന്നീട് വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞത്. യോഗത്തില്‍ തോമസ് ചാണ്ടി പങ്കെടുത്തതില്‍ തെറ്റില്ല. സിപിഐ മന്ത്രിമാര്‍ വിട്ടുനിന്നത് അസാധാരണ നടപടിയാണ്. എല്ലാ കാര്യങ്ങളും ചര്‍ച്ച ചെയ്യാനുള്ളതാണ് മന്ത്രിസഭാ യോഗം. അതില്‍ നിന്ന് മന്ത്രിമാര്‍ വിട്ടുനിന്നത് അസാധാരണ നടപടിയാണെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്.

മന്ത്രിസഭയ്ക്ക് കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടുവെന്ന് ഹൈക്കോടതിയില്‍ പറഞ്ഞതും ഇപ്പോള്‍ സിപിഐ മന്ത്രിമാര്‍ യോഗത്തില്‍ നിന്നും വിട്ടുനിന്നതും മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടുവെന്ന് തെളിയിക്കുന്നതല്ലേയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം ഇപ്പോഴും നഷ്ടപ്പെട്ടിട്ടില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

തോമസ് ചാണ്ടി വിഷയത്തില്‍ തീരുമാനം എടുക്കാന്‍ മുഖ്യമന്ത്രിയെയും ഒരു തീരുമാനം പാര്‍ട്ടി നേതൃത്വവുമായി ചര്‍ച്ച ചെയ്തെടുക്കാന്‍ എന്‍സിപി നേതൃത്വത്തെയും ചുമതലപ്പെടുത്തുകയാണ് കഴിഞ്ഞ എല്‍ഡിഎഫ് യോഗം ചെയ്തത്. ഇതിന് പിന്നാലെയാണ് ഇന്നലെ ഹൈക്കോടതിയുടെ ഉത്തരവ് വന്നത്. അതോടെ കാര്യങ്ങളില്‍ വ്യക്തത വന്നു. ഇന്നലെ തോമസ് ചാണ്ടിയും പീതാംബരന്‍ മാസ്റ്ററും കൊച്ചിയിലായിരുന്നു. അതുകൊണ്ട് അവരുമായി ചര്‍ച്ച നടത്താന്‍ കഴിഞ്ഞില്ല. ഇന്ന് രാവിലെ ചര്‍ച്ച ചെയ്യാന്‍ ധാരണയായി. ഇന്ന് രാവിലെ പീതാംബരന്‍ മാസ്റ്ററും തോമസ് ചാണ്ടിയും എന്നെ വന്ന് കണ്ടു. ദേശീയ നേതൃത്വവുമായി ആലോചിക്കണം, അതിന് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടു. ഒരു മുന്നണി സംവിധാനത്തില്‍ അത് പറ്റില്ലെന്ന് പറയാന്‍ കഴിയില്ല. അതുകൊണ്ട് സമയം അനുവദിച്ചു. എത്രയും വേഗം ചര്‍ച്ച നടത്തി തീരുമാനം അറിയിക്കണമെന്ന് അവരോട് പറഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

കായല്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട കലക്ടറുടെ റിപ്പോര്‍ട്ട് തിരുത്തണമെന്ന ആവശ്യവുമായി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയതോടെയാണ് ചാണ്ടിയുടെ രാജി നിര്‍ബന്ധിതമായത്. സര്‍ക്കാരിനെതിരെ മന്ത്രി തന്നെ ഹര്‍ജിയുമായെത്തിയതിനെതിരെ ഹൈക്കോടതി ഇന്നലെ രൂക്ഷ വിമര്‍ശനമുന്നിയിച്ചിരുന്നു. മന്ത്രിസഭാ യോഗത്തില്‍ തോമസ് ചാണ്ടിക്കെതിരെ രൂക്ഷ വിമര്‍ശനമുയര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഈ സാഹചര്യത്തിലാണ് രാജി സന്നദ്ധത തോമസ് ചാണ്ടി അറിയിച്ചത്. തോമസ് ചാണ്ടിക്ക് പകരക്കാരനായി എ കെ ശശീന്ദ്രന്‍ എത്തുമോയെന്നതാണ് അറിയാനുള്ളത്.

കോടതി ഉത്തരവ് ഉണ്ടായിട്ടും തോമസ് ചാണ്ടി രാജി വെക്കാത്തത് മുഖ്യമന്ത്രിയുടെ പ്രതിച്ഛായയെ ബാധിച്ചിട്ടില്ലേയെന്നും തോമസ് ചാണ്ടി ഒരു ധനാഢ്യനായത് കൊണ്ടാണ് രാജി വെപ്പിക്കാന്‍ കഴിയാത്തതെന്നും അഭിപ്രായമുയര്‍ന്നിട്ടുണ്ടല്ലോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മുന്നണി സംവിധാനത്തില്‍ ബന്ധപ്പെട്ട കക്ഷികളുടെ അഭിപ്രായം കൂടി അറിഞ്ഞ ശേഷമേ തീരുമാനം എടുക്കാന്‍ കഴിയൂ എന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ചു. ധനാഢ്യന്റെ കാര്യമൊന്നും പറയണ്ട. അദ്ദേഹം വിദേശത്ത് പോയി പണമുണ്ടാക്കിയതാണ്. അതിന് ഇതുമായി ബന്ധമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

തോമസ് ചാണ്ടിയുടെ രാജി പ്രശ്നത്തേക്കാള്‍ സിപിഐ മന്ത്രിമാര്‍ മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കാത്തതാണ് മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചതെന്ന് തെളിയിക്കുന്നതായിരുന്നു വാര്‍ത്താസമ്മേളനം.

 

News Feed
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

ജിഎസ്ടി ഏകീകരിച്ചതോടെ ഹോട്ടല്‍ ഭക്ഷണവില ഇന്ന് മുതല്‍ കുറയും

കുട്ടനാട്ടിലേക്കു മടങ്ങിയ തോമസ് ചാണ്ടിക്ക് നേരെ അടൂരില്‍ വെച്ച് കരിങ്കൊടിയും ചീമുട്ടയേറും

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ