
കടമ്പനാട്: ജില്ലാ അതിര്‍ത്തിയില്‍ കടമ്പനാട്ട് സര്‍വ്വത്ര മോഷണം. കടകളും കള്ളുഷാപ്പ്, കോഴിക്കട, ക്ഷീരസംഘം എന്നിവയും കുത്തിത്തുറന്നു. ശാസ്താംകോട്ട, ഏനാത്ത് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍പെടുന്ന സ്ഥലങ്ങളിലാണ് ബുധനാഴ്ച രാത്രിയില്‍ മോഷണ പരമ്പര നടന്നത്. കടമ്പനാട്, വേമ്പനാട്ട് ജംക്ഷന്‍ എന്നിവിടങ്ങളിലാണ് കടകളില്‍ മോഷണവും മോഷണ ശ്രമവും നടന്നത്.
വേമ്പനാട്ട് ജംക്ഷനില്‍ പാലവിളതെക്കേതില്‍ ശന്തന്റെ സ്റ്റേഷനറി കടയുടെ പൂട്ടു പൊളിച്ചു മോഷണം നടത്തി. മേശയ്ക്കുള്ളില്‍ സൂക്ഷിച്ചിരുന്ന നാണയങ്ങള്‍ ഉള്‍പ്പെടെ 1000 രൂപ മോഷ്ടിച്ചു. ബേക്കറി സാധനങ്ങളും കൊണ്ടുപോയി. ഇതിനു സമീപത്തായി ജോര്‍ജിന്റെ ഉടമസ്ഥതയിലുള്ള ഹോട്ടല്‍ ഇംപാലയുടെ ഗ്രില്ലിന്റെ പൂട്ടു പൊളിക്കാന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.
തൊട്ടടുത്തായി വേമ്പനാട്ടുമുക്ക് സുജിത് ഭവനില്‍ സുധാമണിയുടെ ഉടമസ്ഥതയിലുള്ള സ്റ്റേഷനറി കടയില്‍ നിന്ന് 20,000 രൂപയുടെ സാധനങ്ങളും മേശയ്ക്കുള്ളില്‍ സൂക്ഷിച്ചിരുന്ന നാണയങ്ങളും മോഷ്ടിച്ചു. വെളിച്ചെണ്ണ, സസ്യ എണ്ണ, ബേക്കറി സാധനങ്ങള്‍, കറി പൗഡര്‍, പൊടിയരി എന്നീ സാധനങ്ങളാണ് മോഷ്ടിച്ചത്.
ഇതിനു സമീപത്തുള്ള കോഴിക്കടയുടെയും കള്ള് ഷാപ്പിന്റെയും വാതിലുകളുടെ പൂട്ടു പൊളിച്ചെങ്കിലും മോഷണം നടന്നില്ല. കടമ്പനാട് ജംക്ഷനില്‍ വില്ലേജ് ഓഫിസിനു സമീപമുള്ള കുഞ്ഞമ്മയുടെ കടയിലും മോഷണ ശ്രമം നടന്നു. കുഴിക്കാല ജംക്ഷനിലുള്ള ക്ഷീരോല്‍പാദക സഹകരണ സംഘത്തിന്റെ പൂട്ടു പൊളിച്ച് അകത്തുകയറി മേശയ്ക്കുള്ളില്‍ സൂക്ഷിച്ചിരുന്ന 80 രൂപയും മോഷ്ടിച്ചു.
മോഷണം നടന്ന സ്ഥലങ്ങളില്‍ ഏനാത്ത്, ശാസ്താംകോട്ട സ്റ്റേഷനുകളില്‍ നിന്നും പൊലീസ് എത്തി പരിശോധന നടത്തി.
കുഴിക്കാല തെക്കെചാങ്കൂര്‍ സാറാമ്മയുടെ വീടിനോടു ചേര്‍ന്നുള്ള പൂട്ടിയിട്ടിരുന്ന പഴയ വീട്ടിലാണ് മോഷണം നടന്നത്.
അലമാരയ്ക്കുള്ളില്‍ സൂക്ഷിച്ചിരുന്ന എട്ടു ഗ്രാമിന്റെ സ്വര്‍ണാഭരണം മോഷണം പോയതായി വീട്ടുടമ പറഞ്ഞു.കുഴിക്കാല ജംക്ഷനില്‍ കുഴിക്കാല സ്വദേശി സജിയുടെ ഉടമസ്ഥതയിലുള്ള ഹോട്ടലില്‍ മേശയ്ക്കുള്ളില്‍ സൂക്ഷിച്ചിരുന്ന 2,000 രൂപയും മോഷ്ടിച്ചു. ബുധനാഴ്ച രാത്രിയിലാണ് രണ്ടിടത്തും മോഷണം നടന്നത്.
Your comment?