നവകേരള സൃഷ്ടിക്കായി മലയാള ഭാഷയുടെ ആത്മാവിനെ അറിയണമെന്ന് വീണാ ജോര്‍ജ് എംഎല്‍എ പറഞ്ഞു. ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെയും ആഭിമുഖ്യത്തില്‍ കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച കേരളപ്പിറവി ദിനാഘോഷത്തിന്റെയും ഔദ്യോഗിക ഭാഷാ വാരാചരണത്തിന്റെയും ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു എംഎല്‍എ.
അമ്മയെ അറിയാതെ മറ്റുള്ളവരെ അറിയാന്‍ കഴിയില്ല. അതുപോലെ മാതൃഭാഷ ശരിയായി അറിയാതെ മറ്റു ഭാഷകള്‍ അറിയാന്‍ കഴിയില്ല. ഭരണഭാഷ പൂര്‍ണമായും മലയാളമാകുമ്പോള്‍ നവകേരള സൃഷ്ടിക്കായി സര്‍ക്കാര്‍ നടത്തുന്ന ഇടപെടലുകള്‍ പൂര്‍ണ വിജയം കാണും. കേരള നിയമസഭയുടെ വജ്രജൂബിലിയോടനുബന്ധിച്ച് പഴയ അസംബ്ലി ഹാളില്‍ ചേര്‍ന്ന നിയമസഭാ സമ്മേളനത്തില്‍ ഔദ്യോഗിക ഭാഷാ ബില്‍ പാസാക്കിയതോടെ ഭരണരംഗത്ത് മലയാള ഭാഷയുടെ ഉപയോഗം നിര്‍ബന്ധമായി. ഇത് കേരളത്തിന്റെ ചരിത്രത്തിലെ ഒരു വഴിത്തിരിവായി മാറും. ഭരണരംഗത്ത് പ്രവര്‍ത്തിക്കുന്ന എല്ലാവരും നവകേരള സൃഷ്ടിക്കായി സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാകണമെന്നും എംഎല്‍എ പറഞ്ഞു.
സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ഹരിതകേരളം, ആര്‍ദ്രം, പൊതുവിദ്യാഭ്യാസ സംരക്ഷണം, ലൈഫ് എന്നീ വികസന മിഷനുകള്‍ കേരളത്തില്‍ ഒരു വലിയ മാറ്റത്തിനാണ് തുടക്കമിട്ടിട്ടുള്ളത്. നദികളുടേയും ജലസ്രോതസുകളുടേയും പുനരുജ്ജീവനവും മാലിന്യ നിര്‍മാര്‍ജനവും നാടിന്റെ ഹരിതാഭ വീണ്ടെടുക്കലുമാണ് ഹരിത കേരളം മിഷനിലൂടെ ലക്ഷ്യമിടുന്നത്. ജില്ലയിലെ വരട്ടാറിന്റെ പുനരുജ്ജീവനം ഹരിതകേരളം മിഷനില്‍ ഏറ്റെടുത്ത ഏറ്റവും ശ്രദ്ധേയമായ ഒരു പദ്ധതിയായിരുന്നു. ജനകീയ കൂട്ടായ്മയിലൂടെ വരട്ടാര്‍ പുനര്‍ജനിച്ചപ്പോള്‍ അത് ഒരു നാടിന്റെ സംസ്‌കാരത്തിനും ജലസമൃദ്ധിക്കും പുത്തന്‍ ഉണര്‍വേകി. ജലസ്രോതസുകള്‍ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ജില്ലയില്‍ നടത്തിയ നദീ പുനരുജ്ജീവന പ്രവര്‍ത്തനങ്ങളിലൂടെ കഴിഞ്ഞതായും എംഎല്‍എ പറഞ്ഞു.
ഇന്ത്യക്ക് ആകെ മാതൃകയാകുന്ന ഭൂപരിഷ്‌കരണം പോലെയുള്ള വിപ്ലവകരമായ നിയമങ്ങള്‍ക്ക് അടിത്തറ പാകിയ സംസ്ഥാനമാണ് കേരളമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച എഡിഎം അനു എസ്. നായര്‍ പറഞ്ഞു. അടുത്തിടെ നിയമസഭ പാസാക്കിയ ഔദ്യോഗിക ഭാഷാ ബില്‍ ഭൂപരിഷ്‌കരണ നിയമം പോലെ കേരളത്തിന്റെ ഭരണരംഗത്ത് ഒരു വലിയ മാറ്റം ഉണ്ടാക്കും. ഭരണത്തെക്കുറിച്ച് ജനങ്ങള്‍ക്ക് കൂടുതല്‍ അറിയുന്നതിന് ഔദ്യോഗിക ഭാഷ മലയാളമാക്കിയതിലൂടെ സാധിക്കും. ഇതിലൂടെ ഭരണരംഗം കൂടുതല്‍ സുതാര്യവും ജനകീയവുമായി മാറുമെന്നും അദ്ദേഹം പറഞ്ഞു.
മലയാള ഭാഷയോടുള്ള സ്നേഹം ദിനാചരണങ്ങളില്‍ മാത്രം ഒതുങ്ങരുതെന്ന് ചടങ്ങില്‍ മലയാളദിന സന്ദേശം നല്‍കിയ കവയത്രി എം.കെ. കണിമോള്‍ പറഞ്ഞു. മലയാളിയുടെ ആത്മ തേജസിനെ ഉണര്‍ത്തിയത് ഭാഷാ പിതാവായ തുഞ്ചത്ത് എഴുത്തച്ഛനാണ്. ഇതുപോലെ മലയാള ഭാഷയ്ക്ക് കരുത്തുറ്റ സംഭാവനകള്‍ നല്‍കിയവരാണ് കേരള വര്‍മ വലിയകോയി തമ്പുരാന്‍, എ.ആര്‍. രാജരാജ വര്‍മ്മ തുടങ്ങിയവര്‍. ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ടിനെ പോലുള്ള വിദേശികളുടെ സംഭാവനകളും വിലമതിക്കാനാവാത്തതാണ്. ഭാഷയെ പറ്റിയുള്ള തിരിച്ചറിവ് നിലനില്‍പ്പിനെപ്പറ്റിയുള്ള തിരിച്ചറിവാണ്. മലയാളത്തെ പെറ്റമ്മയായി കാണുമ്പോള്‍ മറ്റു ഭാഷകളെ പോറ്റമ്മയായി കാണണം. പെറ്റമ്മയെ ബഹുമാനിക്കുന്നവര്‍ക്കു മാത്രമേ പോറ്റമ്മയേയും ബഹുമാനിക്കാന്‍ കഴിയൂവെന്നും കണിമോള്‍ പറഞ്ഞു. തന്റെ വീട്ടില്‍ വിരുന്നെത്തുന്ന ഓലഞ്ഞാലി കിളിയുമായുള്ള സൗഹൃദത്തിന്റെ കാവ്യാവിഷ്‌കാരമായ പക്ഷിമാര്‍ഗം എന്ന കവിതയും കണിമോള്‍ അവതരിപ്പിച്ചു.
ഡെപ്യുട്ടി കളക്ടര്‍മാരായ പി.ടി. എബ്രഹാം, എന്‍. ജയശ്രീ, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി. മണിലാല്‍,. ഹുസൂര്‍ ശിരസ്തദാര്‍ സാജന്‍ വി. കുര്യാക്കോസ്, സ്പെഷല്‍ തഹസീല്‍ദാര്‍ വി.ടി. രാജന്‍, പിആര്‍ഡി അസിസ്റ്റന്‍ഡ് എഡിറ്റര്‍ പി.ആര്‍. സാബു, അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.പി. ശ്രീഷ്, ഐടി മിഷന്‍ അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ ഉഷാകുമാരി തുടങ്ങിയവര്‍ പങ്കെടുത്തു.
ചടങ്ങിന് മുന്നോടിയായി കേരളം കേളികൊട്ടുയരുന്ന കേരളം എന്ന മനോഹരമായ കേരളഗാനം കളക്ടറേറ്റിലെ ഗായക സംഘം അവതരിപ്പിച്ചു. ജൂനിയര്‍ സൂപ്രണ്ടുമാരായ അന്നമ്മ കെ. ജോളി, കെ.കെ. സുമ, എസ്. രജീന, ജി. ആനന്ദ്, ജീവനക്കാരായ അനു ലക്ഷ്മി, വി.ആര്‍.രാജി, സൂസന്‍ ജേക്കബ്, ദീപ്തി, രമ, സുമ തുടങ്ങിയവരാണ് ഗായകസംഘത്തില്‍ ഉണ്ടായിരുന്നത്.
കളക്ടറേറ്റിലെ ജീവനക്കാരനും കവിയുമായ രമേശ് അങ്ങാടിക്കല്‍ എഴുതി അവതരിപ്പിച്ച വെറ്റേമ്മാന്‍ എന്ന കവിത ഏറെ ശ്രദ്ധേയമായി. ഭരണാഭാഷാ ഉപയോഗം സാര്‍വത്രികമാക്കല്‍ എന്ന വിഷയത്തില്‍ സ്പെഷല്‍ തഹസീല്‍ദാന്‍ വി.ടി. രാജന്‍ ക്ലാസെടുത്തു.
Your comment?