അടൂര്‍ : എല്ലാവര്‍ക്കും വീടും ജീവനോപാധിയും ലക്ഷ്യമിട്ടും എല്ലാ വാര്‍ഡുകളിലേയും വികസനത്തിനും ഊന്നല്‍ നല്‍കിയും പറക്കോട് മാര്‍ക്കറ്റില്‍ വികസനം നടപ്പാക്കുന്നതിനും അടൂര്‍ നഗരസഭാ ബജറ്റില്‍ മുന്‍ഗണന. നഗരസഭാ ടൗണ്‍ ഹാള്‍ കെട്ടിടം നിര്‍മിക്കുന്നതിനും നഗരസഭാ ഓഫിസ് കം ഷോപ്പിങ് കോംപ്ലക്‌സ് പണി കഴിപ്പിക്കുന്നതിനും തുക വകയിരുത്തിയതു കൂടാതെ ആരോഗ്യ, വിദ്യാഭ്യാസ, കൃഷി മേഖലയിലും വനിതാ വികസനത്തിനും വലിയതോട് നവീകരണത്തിനും എല്ലാ വാര്‍ഡുകളിലും വികസനം എത്തിക്കുന്നതിനും വരുന്ന സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്.
31.47 കോടി രൂപ വരവും 30.99 കോടി രൂപ ചെലവും 48.29 ലക്ഷം രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് നഗരസഭാ ഉപാധ്യക്ഷന്‍ ജി. പ്രസാദാണ് അവതരിപ്പിച്ചത്. ബജറ്റിലെ പ്രധാന നിര്‍ദേശങ്ങള്‍ പറക്കോട്, അടൂര്‍ ചന്തകളുടെ വികസനം വരുന്ന സാമ്പത്തിക വര്‍ഷത്തിനുള്ളില്‍ പറക്കോട് അനന്തരാമപുരം ചന്തയില്‍ വികസനം നടപ്പാക്കും.
ചന്തയിലെ അശാസ്ത്രീയമായ നിര്‍മിതികള്‍ എല്ലാം പൊളിച്ചു മാറ്റി സ്റ്റാളുകള്‍ സ്ഥാപിക്കുന്നതിനായി 38 ലക്ഷം രൂപയുടെ പണികള്‍ ആരംഭിച്ചു. ഇതിന്റെ തുടര്‍ പ്രവര്‍ത്തനത്തിനായി 20 ലക്ഷം രൂപ കൂടി ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. അടൂര്‍ ശ്രീമൂലം ചന്തയില്‍ തീരദേശ വികസന കോര്‍പറേഷന്‍ മുഖാന്തരം രാജ്യാന്തര നിലവാരത്തിലുള്ള മീന്‍ ചന്ത സ്ഥാപിക്കും. ഇതിനായി 30 ലക്ഷം രൂപ നീക്കി വച്ചു.
സ്റ്റേഡിയം നഗരസഭയുടെ സ്വപ്നമായിരുന്ന ആധുനിക രീതിയിലുള്ള സ്റ്റേഡിയത്തിന് സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷത്തെ ബജറ്റില്‍ വകകൊള്ളിച്ചിരുന്ന 10 കോടി രൂപ കൂടാതെ സ്റ്റേഡിയം നിര്‍മാണത്തിന് ആവശ്യമായ സ്ഥലം ഏറ്റെടുത്ത് പണി പൂര്‍ത്തിയാക്കുന്നതിന് ഒരുകോടി രൂപയാണ് നഗരസഭാ ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ടൗണ്‍ഹാള്‍ നഗരസഭയുടെ ഹൃദയഭാഗത്ത് ആധുനിക രീതിയില്‍ ടൗണ്‍ഹാള്‍ നിര്‍മിക്കും. ഇതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി 10 ലക്ഷം രൂപ.
നഗരസഭാ ഓഫിസ് നഗരത്തിന്റെ സമഗ്ര വികസനം കണക്കിലെടുത്ത് മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡിനോട് ചേര്‍ന്ന് ആധുനിക സൗകര്യങ്ങളോടു കൂടിയ നഗരസഭാ ഓഫിസ് കം ഷോപ്പിങ് കോംപ്ലക്‌സ് നിര്‍മിക്കും. ഇതിനായി ഒരുകോടി രൂപ. ആതുരാലയങ്ങള്‍ അടൂര്‍ ജനറല്‍ ആശുപത്രിയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി 50 ലക്ഷം രൂപ. അടൂര്‍ മരിയാ ആശുപത്രിക്കു സമീപത്തായി നഗരസഭ വക സ്ഥലത്ത് ഹോമിയോ ആശുപത്രി നിര്‍മിക്കുന്നതിന് 25 ലക്ഷം, നഗരസഭ വക ആയുര്‍വേദ ആശുപത്രി കെട്ടിടം പണി കഴിപ്പിക്കുന്നതിന് 10 ലക്ഷം ആരോഗ്യ മേഖല സമഗ്ര ആരോഗ്യ നഗരം പദ്ധതിക്ക് രണ്ടു ലക്ഷം രൂപ.
ഇന്‍ഷുറന്‍സ് കമ്പനികളുമായി ചേര്‍ന്ന് സ്‌കൂള്‍ കുട്ടികള്‍ക്കുള്ള ആരോഗ്യ പരിരക്ഷാ പദ്ധതി നടപ്പാക്കും. ഇതിനായി ഒരുലക്ഷം. ആശുപത്രികളുമായി കൂട്ടായി ചേര്‍ന്ന് ആദ്യഘട്ടത്തില്‍ 60 പേര്‍ക്ക് തിമിര ശസ്ത്രക്രിയ നടത്തുന്നതിനായി 25 ലക്ഷം, പാലിയേറ്റീവ് കെയര്‍ പദ്ധതിക്ക് അഞ്ചു ലക്ഷം, ആരോഗ്യ സംരക്ഷണം ഉറപ്പാക്കി രോഗഭാരം കുറയ്ക്കുന്നതിനും ജീവിത സൗഖ്യം പദ്ധതി നടപ്പാക്കുന്നതിനും ആര്‍ദ്രം മിഷന്‍ നടപ്പാക്കും. </p>
കൃഷി മേഖല സമഗ്ര കാര്‍ഷിക വികസന പദ്ധതിക്ക് അഞ്ചു ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. കൃഷി വകുപ്പിന്റെ സഹായത്തോടെ പച്ചക്കറി കൃഷി വ്യാപിപ്പിക്കുന്നതിന് വാര്‍ഡുകളില്‍ തരിശു ഭൂമി ലഭ്യമാകുന്ന മുറയ്ക്ക് കൂട്ടുകൃഷി ഏര്‍പ്പെടുത്തും. ഇതിലേക്ക് കുടുംബശ്രീ യൂണിറ്റുകള്‍ക്കും കര്‍ഷക സംഘങ്ങള്‍ക്കും സഹായം നല്‍കും. ഇതിനായി നാലു ലക്ഷം, കാര്‍ഷിക പഠന ക്യാംപ് സംഘടിപ്പിക്കുന്നതിനും ജൈവപച്ചക്കറി സ്റ്റാള്‍ തുടങ്ങുന്നതിനും രണ്ടു ലക്ഷം.
വിദ്യാഭ്യാസ മേഖല സര്‍ക്കാരിന്റെ ഹൈടെക് വിദ്യാഭ്യാസ പദ്ധതി നഗരസഭയിലും നടപ്പാക്കും. എയ്ഡഡ് സ്‌കൂളുകളില്‍ എട്ടു മുതല്‍ 12 വരെ ക്ലാസ് റൂമുകള്‍ ഹൈടെക് ആക്കും. സ്‌കൂള്‍ പ്രവേശനോത്സവത്തിന്റെ ഭാഗമായി സര്‍ക്കാര്‍ സ്‌കൂളിലെ ഒന്നാം ക്ലാസ് കുട്ടികള്‍ക്ക് ബാഗും കുടയും നല്‍കുന്നതിന് ഒരുലക്ഷം, കുട്ടികളില്‍ വായനാശീലം വളര്‍ത്തുന്നതിന് അവധിക്കാലത്ത് വായനാവാരവും പുസ്തക സംവാദവും സംഘടിപ്പിക്കുന്നതിന് ഒരുലക്ഷം. ഒരുരൂപ ഈടാക്കി നഗരസഭാ പ്രദേശത്തെ എല്ലാ വിദ്യാര്‍ഥികള്‍ക്കും നഗരസഭാ ലൈബ്രറിയില്‍ അംഗത്വം നല്‍കും.
ബഡ്‌സ് സ്‌കൂളിന്റെ പ്രവര്‍ത്തനത്തിനായി അഞ്ചു ലക്ഷം, അങ്കണവാടികള്‍ക്ക് ബേബി ഫ്രണ്ട്‌ലി ശുചിമുറി നിര്‍മാണത്തിന് എട്ടു ലക്ഷം, സര്‍ക്കാര്‍ സ്‌കൂളുകളുടെ അറ്റകുറ്റ പണികള്‍ക്കും വാഹനങ്ങളുടെ പരിപാലനത്തിനുമായി 10 ലക്ഷം. അങ്കണവാടികള്‍ക്ക് സ്ഥലം ഏറ്റെടുക്കുന്നതിനും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും 10 ലക്ഷം. മാലിന്യ സംസ്‌കരണം രണ്ടാം വാര്‍ഡില്‍പെട്ട ഖരമാലിന്യ പ്ലാന്റിന് വസ്തു ഏറ്റെടുത്ത് ചുറ്റുമതില്‍ നിര്‍മിക്കുന്നതിന് 50 ലക്ഷം. എയ്‌റോബിക് കമ്പോസ്റ്റിങ് സംവിധാനത്തിനും ആര്‍ആര്‍സി സ്ഥാപിക്കുന്നതിനുമായി 20 ലക്ഷം, വേസ്റ്റ് ബിന്‍ സ്ഥാപിക്കുന്നതിന് ആറു ലക്ഷം രൂപ, എന്റെ നഗരം നിര്‍മല നഗരം പദ്ധതി പ്രോല്‍സാഹിപ്പിക്കുന്നതിനായി കാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും ഏര്‍പ്പെടുത്തും.
പട്ടികജാതി ക്ഷേമത്തിന് വിവിധ കോളനികളുടെ വികസനത്തിന് 10 ലക്ഷം, പട്ടികജാതി കോളനികളില്‍ ബിപിഎല്‍കാര്‍ക്ക് ഗാര്‍ഹിക ആവശ്യത്തിനായി പൈപ്‌ലൈന്‍ സ്ഥാപിക്കുന്നതിന് 5,000 രൂപ വീതം സബ്‌സിഡി നിരക്കില്‍ 10 ലക്ഷം, ഒന്നാം വാര്‍ഡില്‍ പോസ്റ്റ് മെട്രിക് ഹോസ്റ്റല്‍ സ്ഥാപിക്കും. ഇതിനായി രണ്ടു ലക്ഷം. പ്രീമെട്രിക് ഹോസ്റ്റല്‍ വികസനത്തിന് അഞ്ചു ലക്ഷം, പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍ നല്‍കുന്നതിന് രണ്ടു ലക്ഷം. മൃഗസംരക്ഷണം നഗരസഭാ പ്രദേശത്ത് ആധുനിക സജ്ജീകരണങ്ങളോടു കൂടി മൃഗാശുപത്രി നിര്‍മിക്കും. ഇതിന് 30 ലക്ഷം.
കാലിത്തീറ്റ, കോഴിത്തീറ്റ എന്നിവയുടെ വിതരണം, ക്ഷീര ഫെസ്റ്റ്, മത്സ്യ ക്ലാസ്, കോഴി വിതരണം എന്നിവ നടപ്പാക്കുന്നതിന് ആറു ലക്ഷം. വഴിവിളക്കുകള്‍ എല്ലാ വാര്‍ഡുകളിലും പൂര്‍ണമായി തെരുവു വിളക്കുകള്‍ സ്ഥാപിച്ച് പരിപാലിക്കും. ഇതിലേക്ക് 15 ലക്ഷം. വാര്‍ഡുകളില്‍ പോസ്റ്റിട്ട് ലൈന്‍ വലിക്കുന്നതിന് 15 ലക്ഷം, എല്ലാ വാര്‍ഡുകളിലും 10 ട്യൂബ് ലൈറ്റുകള്‍ വീതം സ്ഥാപിക്കുന്നതിന് 14 ലക്ഷം.
വനിതാ ക്ഷേമം വനിതകള്‍ക്കായി ഷീ ഓട്ടോ പദ്ധതി നടപ്പാക്കും. ഇതിനായി 20 ലക്ഷം, ജാഗ്രതാ എന്ന പേരില്‍ സ്ത്രീ ശാക്തീകരണ പദ്ധതിക്കായി 50,000. തിര!ഞ്ഞെടുക്കുന്ന വനിതകള്‍ക്ക് തൊഴില്‍ പരിശീലനത്തിന് രണ്ടു ലക്ഷം. സാന്ത്വനം പദ്ധതി സാന്ത്വനം പദ്ധതിയുടെ ഭാഗമായി അരയ്ക്ക് താഴെ തളര്‍ന്ന യുവജനങ്ങള്‍ക്ക് ക്യാംപ് സംഘടിപ്പിച്ച് തൊഴില്‍ പരിശീലനം നല്‍കും. ഇതിനായി രണ്ടു ലക്ഷം, സാന്ത്വനം പദ്ധതിയില്‍ പങ്കെടുക്കുന്നവര്‍ക്ക് ഓണക്കിറ്റ്, ഓണക്കോടി എന്നിവ നല്‍കുന്നതിനായി ഒരുലക്ഷം.
മറ്റ് പ്രധാന നിര്‍ദേശങ്ങള്‍
പാമ്പേറ്റുകുളത്തിന് സമീപം പുതിയ സാംസ്‌കാരിക നിലയം നിര്‍മിക്കുന്നതിന് 10 ലക്ഷം.
ഹരിത കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ശുദ്ധജല സ്രോതസുകളും പൊതുകുളങ്ങളും തോടുകളും സംരക്ഷിക്കുന്നതിന് 10 ലക്ഷം.
ആധുനിക രീതിയില്‍ ശ്മശാനം. നിര്‍മിക്കുന്നതിന് 15 ലക്ഷം.
പറക്കോട് പബ്ലിക് ലൈബ്രറി നവീകരണത്തിന് 15 ലക്ഷം.
പറക്കോട്ട് ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തിന് 10 ലക്ഷം.
ആധുനിക അറവുശാല നിര്‍മാണത്തിന് 35 ലക്ഷം.
അടഞ്ഞു മൂടി ഓടകള്‍ വൃത്തിയാക്കുന്നതിന് 15 ലക്ഷം.
വയോമിത്രം പദ്ധതിക്ക് അഞ്ചു ലക്ഷം.
വഴിയോര കച്ചവടക്കാരുടെ പുനരധിവാസത്തിന് ആദ്യഘട്ടം മൂന്നു ലക്ഷം.
ഗാന്ധിസ്മൃതി മൈതാനം ഏറ്റെടുക്കുന്നതിന് മൂന്നു ലക്ഷം.
അയ്യന്‍കാളി തൊഴിലുറപ്പ് പദ്ധതിക്കായി 25 ലക്ഷം.
പന്നിവിഴ പാമ്പേറ്റുകുളത്തില്‍ കുട്ടികള്‍ക്ക് നീന്തല്‍ പരിശീലനത്തിനായി 30,000.
Your comment?