വനിതാ സംവരണ ബില്ലിന് അംഗീകാരം നല്‍കി കേന്ദ്ര മന്ത്രിസഭാ യോഗം
ന്യൂഡല്‍ഹി: വനിതാ സംവരണ ബില്ലിന് അംഗീകാരം നല്‍കി കേന്ദ്ര മന്ത്രിസഭാ യോഗം. ലോക്‌സഭയിലും നിയമസഭകളിലും വനിതകള്‍ക്കു മൂന്നിലൊന്നു (33 ശതമാനം)സംവരണം ഉറപ്പാക്കുന്നതാണു ബില്‍. 2010 മാര്‍ച്ചില്‍ രാജ്യസഭ ബില്‍ പാസാക്കിയിരുന്നു. ‘ചരിത്രപരമായ തീരുമാനങ്ങള്‍’ ഉണ്ടാകുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചശേഷം ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണു നിര്‍ണായക നീക്കം.
മന്ത്രിസഭാ യോഗത്തിനു ശേഷം തീരുമാനങ്ങള്‍ മാധ്യമങ്ങളിലൂടെ അറിയിക്കുന്ന പതിവ് ഇത്തവണ ഉണ്ടായില്ല. അതിനാല്‍ വനിതാ സംവരണ ബില്‍ അടക്കമുള്ള കാര്യങ്ങളിലെ ഔദ്യോഗിക തീരുമാനം പുറത്തുവന്നിട്ടില്ലെന്നു ദേശീയ മാധ്യമങ്ങള്‍ പറയുന്നു. പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കുമെന്നു സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു.
ദേവെഗൗഡ സര്‍ക്കാരിന്റെ കാലത്ത്, 1996 സെപ്റ്റംബര്‍ 12നാണു വനിതാസംവരണ ബില്‍ ആദ്യം ലോക്‌സഭ പരിഗണിച്ചത്. പിന്നീടു വാജ്‌പേയി സര്‍ക്കാരിന്റെ കാലത്തും അവതരിപ്പിച്ചെങ്കിലും അഭിപ്രായ ഐക്യം സാധ്യമായില്ല. ലോക്‌സഭയിലും നിയമസഭകളിലും 33% സീറ്റ് വനിതകള്‍ക്കായി സംവരണം ചെയ്യുന്നതിനുള്ള ബില്‍ കൊണ്ടുവരണമെന്നു സര്‍വകക്ഷിയോഗത്തില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെ ഒട്ടുമിക്ക പാര്‍ട്ടികളും ആവശ്യപ്പെട്ടിരുന്നു.
രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്ത്, 2010 മാര്‍ച്ച് 9നു വനിതാസംവരണ ബില്‍ രാജ്യസഭ പാസാക്കി. സമാജ്വാദി പാര്‍ട്ടിയുടെയും ആര്‍ജെഡിയുടെയും എതിര്‍പ്പുണ്ടായതിനാല്‍ ബില്‍ ലോക്‌സഭയിലെത്തിയില്ല. വനിതാസംവരണത്തില്‍ത്തന്നെ പട്ടിക വിഭാഗങ്ങള്‍ക്കായി മൂന്നിലൊന്നു സീറ്റ് നീക്കിവയ്ക്കണമെന്നാണു ബിഎസ്പിയും മറ്റും ആവശ്യപ്പെടുന്നത്. 2010ല്‍ രാജ്യസഭ പാസാക്കിയ ബില്ലില്‍ ഇതുണ്ടായിരുന്നു.
Your comment?