മുഖ്യമന്ത്രിക്ക് 4 ഐടി ഫെലോകളെ നിയമിക്കുന്നു: മാസം 2 ലക്ഷം രൂപ
തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് 4 ഐടി ഫെലോകളെ നിയമിക്കുന്നു. ടാലന്റ്, അടിസ്ഥാന സൗകര്യവികസനവും നിക്ഷേപവും, ബ്രാന്‍ഡിങ് ആന്‍ഡ് മാര്‍ക്കറ്റിങ്, സ്റ്റാര്‍ട്ടപ്പുകളും എസ്എംഇകളും എന്നീ മേഖലകളിലായിരിക്കും നിയമനം. നിയമനം നടത്താന്‍ ടെക്‌നോപാര്‍ക്ക് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറെ ചുമതലപ്പെടുത്തി സര്‍ക്കാര്‍ ഉത്തരവിറക്കി.
ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ഒരു ഐടി ഫെലോ ആണ് ഉണ്ടായിരുന്നത്. സ്വര്‍ണക്കടത്തു കേസ് വന്നപ്പോള്‍ അദ്ദേഹത്തിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതെത്തുടര്‍ന്നാണ് ഒഴിവാക്കിയത്. മുന്‍പ് ഒഴിവാക്കിയ ആളിനെ വീണ്ടും 4 ഐടി ഫെലോകളില്‍ ഒരാളായി കൊണ്ടുവരാനാണു ശ്രമം എന്നും ആരോപണമുണ്ട്.
ഐടി രംഗത്തേക്കു നിക്ഷേപം ആകര്‍ഷിക്കുന്നതിനായി ഈ മേഖലയിലെ വിദഗ്ധരെ ഉള്‍പ്പെടുത്തി രൂപീകരിച്ച ഹൈപവര്‍ ഐടി കമ്മിറ്റിയെ സഹായിക്കുകയാണ് ഫെലോകളുടെ ചുമതല. കമ്മിറ്റിയുടെ തീരുമാനം അനുസരിച്ചാണ് ഫെലോകളെ നിയമിക്കുന്നതെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. ഇവര്‍ക്ക് ഓരോരുത്തര്‍ക്കും ശമ്പളവും ആനുകൂല്യങ്ങളും മറ്റുമായി മാസം 2 ലക്ഷത്തോളം രൂപ ലഭിക്കും എന്നാണ് സൂചന.
Your comment?