കെഎസ്ആര്‍ടിസിയുടെ ടിക്കറ്റ് ബുക്കിങ് സംവിധാനം പുതിയ പ്ലാറ്റ്‌ഫോമിലേക്ക്
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ ടിക്കറ്റ് ബുക്കിങ് സംവിധാനം ചൊവ്വാഴ്ച മുതല്‍ പുതിയ പ്ലാറ്റ്‌ഫോമിലേക്ക്. www.onlineksrtcswift.com’ എന്ന വെബ്‌സൈറ്റും Ente KSRTC Neo OPRS എന്ന മൊബൈല്‍ ആപ്ലിക്കേഷനിലുമാണു നാളെ മുതല്‍ റിസര്‍വേഷന്‍ സൗകര്യമുള്ളത്.
കെഎസ്ആര്‍ടിസിയുടെ ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സംവിധാനം കൈകാര്യം ചെയ്തിരുന്ന അഭിബസുമായുള്ള (Abhibus) കരാര്‍ 2023 സെപ്റ്റംബര്‍ 30 ഓടെ അവസാനിക്കും. ഇതിനെ തുടര്‍ന്നാണു പുതിയ പ്ലാറ്റ്‌ഫോമിലേക്കു മാറുന്നത്. ഇതിനായി പുതിയ സര്‍വീസ് പ്രൊവൈഡര്‍ക്കു വേണ്ടി കഴിഞ്ഞവര്‍ഷം ഓഗസ്റ്റ് 12നു കെഎസ്ആര്‍ടിസി തന്നെ ടെന്‍ഡര്‍ വിളിച്ചിരുന്നു. തുടര്‍ന്ന് പുതിയ കമ്പനിക്കു വര്‍ക്ക് ഓഡര്‍ നല്‍കി.
കമ്പനിയുടെ പ്രവര്‍ത്തനക്ഷമത നിരീക്ഷിക്കുന്നതിനായി 2023 മേയ് മാസം മുതല്‍ ഓഗസ്റ്റ് 31 വരെ അഞ്ചു മാസക്കാലം കെഎസ്ആര്‍ടിസി സ്വിഫ്റ്റ് സര്‍വീസുകള്‍ക്കു മാത്രം പുതിയ പ്ലാറ്റ്‌ഫോമില്‍ പരീക്ഷണമായി ബുക്കിങ് സംവിധാനം ഒരുക്കിയിരുന്നു. അതു വിജയമായതിനെ തുടര്‍ന്നാണു 2023 സെപ്റ്റംബര്‍ 5 മുതല്‍ കെഎസ്ആര്‍ടിസിയുടെയും കെഎസ്ആര്‍ടിസി സ്വിഫ്റ്റിന്റെയും എല്ലാ സര്‍വീസുകളെയും ഉള്‍പ്പെടുത്തി ഈ പ്ലാറ്റ്‌ഫോമിന്റെ പ്രവര്‍ത്തനം പരീക്ഷണാര്‍ഥം ആരംഭിക്കുന്നത്.
കെഎസ്ആര്‍ടിസി സ്വിഫ്റ്റ് സര്‍വീസുകളുടെ വരുമാനവും കെഎസ്ആര്‍ടിസിയുടെ അക്കൗണ്ടിലാണു വരുന്നത്. അതുപോലെ തന്നെ റിസര്‍വേഷനിലൂടെ വരുന്ന വരുമാനവും കെഎസ്ആര്‍ടിസിയുടെ അക്കൗണ്ടില്‍ മാത്രമാണു ലഭിക്കുക. കെഎസ്ആര്‍ടിസി സ്വിഫ്റ്റ് സര്‍വീസുകളുടെ കളക്ഷന്‍ ശേഖരിക്കുന്ന ഒരു സംവിധാനവും നിലവിലില്ല. വരുമാനം മറ്റു കമ്പനികളിലേക്കു പോകുന്നെന്ന തരത്തിലുള്ള വാര്‍ത്തകള്‍ ജീവനക്കാര്‍ക്കിടയിലും യാത്രക്കാര്‍ക്കിടയിലും തെറ്റിദ്ധാരണ മാത്രമേ ഉണ്ടാക്കുവെന്നും മാനേജ്‌മെന്റ് പറഞ്ഞു.
Your comment?