എടുക്കുന്ന ലോട്ടറിയൊന്നും അടിക്കാത്തതില്‍ പ്രതിഷേധിച്ച് ജില്ലാ ഭാഗ്യക്കുറി ഓഫീസ് ലോട്ടറി ഏജന്റ് അടിച്ചു തകര്‍ത്തു
പത്തനംതിട്ട: എടുക്കുന്ന ലോട്ടറിയൊന്നും അടിക്കാത്തതില്‍ പ്രതിഷേധിച്ച് ജില്ലാ ഭാഗ്യക്കുറി ഓഫീസ് ലോട്ടറി ഏജന്റ് അടിച്ചു തകര്‍ത്തു. നാരങ്ങാനം സ്വദേശി വിനോദാണ് വെള്ളിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ മിനി സിവില്‍ സ്റ്റേഷനില്‍ ജില്ലാ ട്രഷറിയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഭാഗ്യക്കുറി ഓഫീസില്‍ അതിക്രമം നടത്തിയത്. എടുക്കുന്ന ലോട്ടറി ഒന്നും അടിക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു അക്രമം. ഒരു കാവിമുണ്ട് മാത്രം ധരിച്ച് ഷര്‍ട്ടിടാതെയായിരുന്നു വിനോദിന്റെ വരവ്. ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ഭാഗ്യക്കുറി ഓഫീസിലേക്ക് കയറുന്നതിന് മുന്‍പായി കോടതി വളപ്പിലുളളവരോട് താന്‍ ഓഫീസ് അടിച്ചു തകര്‍ക്കാന്‍ പോവുകയാണെന്ന് ഇയാള്‍ പറഞ്ഞിരുന്നു.
ഓഫീസിലേക്ക് കടന്നു ചെന്ന ഇയാള്‍ റിസപ്ഷനിലിരുന്ന ജീവനക്കാരിക്ക് നേരെ തട്ടിക്കയറി. തുടര്‍ന്ന് അവരുടെ മേശപ്പുറത്തിരുന്ന പ്രിന്റര്‍ എറിഞ്ഞുടച്ചു. പിന്നാലെ അസഭ്യം പറഞ്ഞു കൊണ്ട് കമ്പ്യൂട്ടര്‍ മോണിട്ടര്‍ അടിച്ചു തകര്‍ത്തു. ജീവനക്കാര്‍ ഇടപെട്ടപ്പോള്‍ ഇയാള്‍ അവരെയും കൈയേറ്റം ചെയ്യാന്‍ മുതിര്‍ന്നു. ഓഫീസില്‍ നിന്നു കൊണ്ട് വെല്ലുവിളി തുടര്‍ന്ന ഇയാളെ പൊലീസ് എത്തി സ്റ്റേഷനിലേക്ക് മാറ്റി. അവിടെ കൂടിയവരെയെല്ലാം നോക്കി സലാം വച്ചു കൊണ്ടാണ് ഇയാള്‍ പൊലീസ് വാഹനത്തിലേക്ക് കയറിയത്. ലോട്ടറികള്‍ക്ക് സമ്മാനം നല്‍കാതെ കബളിപ്പിക്കുന്നതാണ് പ്രകോപനത്തിന് കാരണമെന്ന് വിനോദ് മാധ്യമങ്ങളോട് പറഞ്ഞു. ലോട്ടറി ഓഫീസ് കത്തിക്കും എന്ന് പറഞ്ഞാണ് ആക്രമണം നടത്തിയതെന്ന് ജീവനക്കാര്‍ പറഞ്ഞു. ഇയാള്‍ മദ്യലഹരിയിലാണെന്ന് സംശയിക്കുന്നു.
ലോട്ടറി കച്ചവടത്തിന് പുറമേ വിശേഷ ദിവസങ്ങളില്‍ വിനോദ് ഗാന്ധിജിയുടെ വേഷം കെട്ടാറുണ്ട്. ഒറ്റയാന്‍ സമരത്തിലൂടെ പല വിഷയങ്ങള്‍ക്കുമെതിരേ ഇയാള്‍ പ്രതികരിക്കാറുണ്ട്. ഭാഗവത സപ്താഹ പരിപാടികളില്‍ കുചേലന്റെ വേഷവും കെട്ടാറുണ്ട്. മുന്‍പ് ഇയാള്‍ വിദേശത്തായിരുന്നു. നാട്ടിലെത്തിയിട്ട് ഏറെ നാളായി. ചായക്കടയും മറ്റും നടത്തി ജീവിക്കുകയാണ്. നിലവില്‍ കുടുംബവുമായി അകന്നു കഴിയുകയാണ്.
Your comment?