ഇടുക്കി ജില്ലയില്‍ ഇന്ന് കോണ്‍ഗ്രസ് ഹര്‍ത്താല്‍
തൊടുപുഴ: ഇടുക്കി ജില്ലയില്‍ നിലനില്‍ക്കുന്ന ഭൂപ്രശ്‌നങ്ങളും വന്യജീവിശല്യവും ഉന്നയിച്ച് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി വെള്ളിയാഴ്ച രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെ ജില്ലയില്‍ ഹര്‍ത്താല്‍ നടത്തുമെന്ന് ഡി.സി.സി. പ്രസിഡന്റ് സി.പി. മാത്യു അറിയിച്ചു.
ഡിസാസ്റ്റര്‍ മാനേജ്‌മെന്റിന്റെ പേരില്‍ 13 പഞ്ചായത്തുകളില്‍ ഏര്‍പ്പെടുത്തിയ നിര്‍മാണനിരോധന ഉത്തരവ് പിന്‍വലിക്കുക, സി.എച്ച്.ആറില്‍ സമ്പൂര്‍ണ നിര്‍മാണ നിരോധനമേര്‍പ്പെടുത്തിയ ഉത്തരവ് റദ്ദ് ചെയ്യുക, ഭൂമിപതിവ് നിയമം ഭേദഗതി ചെയ്യുക, ജനവാസമേഖലകള്‍ ബഫര്‍സോണിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കുക, വന്യജീവിശല്യം തടയാന്‍ നടപടി സ്വീകരിക്കുക, ഡിജിറ്റല്‍ റീ സര്‍വേ അപാകം പരിഹരിക്കുക, പട്ടയം നല്‍കാന്‍ നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഹര്‍ത്താല്‍. പാല്‍, പത്രം, ആശുപത്രി, പരീക്ഷ, വിവാഹം, മരണം തുടങ്ങിയ അടിയന്തര കാര്യങ്ങളെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ഹര്‍ത്താല്‍ വിജയിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് തൊടുപുഴ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നഗരത്തില്‍ പ്രകടനം നടത്തി. തുടര്‍ന്നുനടന്ന സമ്മേളനം ഡി.സി.സി.പ്രസിഡന്റ് സി.പി. മാത്യു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് പി.ജെ. അവിര അധ്യക്ഷത വഹിച്ചു. എന്‍.ഐ. ബെന്നി, ചാര്‍ളി ആന്റണി, ടി.ജെ. പീറ്റര്‍, ജോസ് ഓലിയില്‍, ജോയി മൈലാടി, ജാഫര്‍ഖാന്‍ മുഹമ്മദ്, മനോജ് കോക്കാട്ട്, ടോണി തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.
Your comment?