ചന്ദ്രയാന്‍-3 അവസാനഘട്ടത്തില്‍; പ്രൊപ്പല്‍ഷന്‍ മൊഡ്യൂള്‍ ലാന്‍ഡര്‍ വേര്‍പിരിയല്‍ വിജയകരമായി
ചെന്നൈ: ചന്ദ്രയാന്‍ 3 ദൗത്യത്തിന്റെ സുപ്രധാന ഘട്ടമായ പ്രൊപ്പല്‍ഷന്‍ മൊഡ്യൂള്‍ – ലാന്‍ഡര്‍ വേര്‍പിരിയല്‍ വിജയകരമായി പൂര്‍ത്തീകരിച്ചു. വിക്രം ലാന്‍ഡറും റോവറും ഉള്‍പ്പെടുന്ന ലാന്‍ഡര്‍ മൊഡ്യൂള്‍ ചന്ദ്രന്റെ ഉപരിതലത്തോട് അടുപ്പിച്ചുനിര്‍ത്തുന്ന പ്രക്രിയ ഉടന്‍ തുടങ്ങും. താഴ്ന്ന ഭ്രമണപഥത്തിലെത്തിക്കാന്‍ ലാന്‍ഡറിന്റെ വേഗം കുറയ്ക്കുന്ന ‘ഡി-ബൂസ്റ്റ്’ പ്രക്രിയ ഇന്നു വൈകിട്ട് 4നു തുടങ്ങും. താഴ്ന്ന ഭ്രമണപഥത്തില്‍ പേടകത്തിന് ചന്ദ്രനോടുള്ള ഏറ്റവും കുറഞ്ഞ ദൂരം 30 കിലോമീറ്ററും കൂടിയ ദൂരം 100 കിലോമീറ്ററുമായിരിക്കും. തുടര്‍ന്ന് 23നാണ് ചന്ദ്രന്റെ ദക്ഷിണ ധ്രുവമേഖലയില്‍ പേടകം സോഫ്റ്റ് ലാന്‍ഡ് (നിയന്ത്രിത ലാന്‍ഡിങ്) ചെയ്യുന്നത്.
വേഗം കുറയ്ക്കാന്‍ ചന്ദ്രയാന്‍ 3ല്‍ നാലു ത്രസ്റ്റര്‍ എന്‍ജിനുകളുണ്ട്. രണ്ടു ത്രസ്റ്ററുകള്‍ ഒരേസമയം പ്രവര്‍ത്തിച്ചു വേഗം കുറയ്ക്കും. ലാന്‍ഡര്‍ ചന്ദ്രോപരിതലത്തിന് 800 മീറ്റര്‍ ഉയരത്തില്‍ ത്രസ്റ്ററുകളുടെ സഹായത്തോടെ അല്‍പനേരം അന്തരീക്ഷത്തില്‍ നിശ്ചലമായി നില്‍ക്കും. പിന്നീട് സെക്കന്‍ഡില്‍ 1-2 മീറ്റര്‍ വേഗത്തില്‍ താഴെയിറങ്ങും. കഴിഞ്ഞ ദൗത്യത്തില്‍ ഇല്ലാതിരുന്ന ലേസര്‍ ഡോപ്ലര്‍ വെലോസിറ്റി മീറ്റര്‍ ഇത്തവണ ലാന്‍ഡറിന്റെ പ്രവേഗം കൃത്യമായി നിശ്ചയിക്കും. 23നു വൈകിട്ട് 5.47നു ലാന്‍ഡര്‍ ചന്ദ്രനില്‍ ഇറങ്ങും.
തുടര്‍ന്ന് വാതില്‍ തുറന്ന്, 6 ചക്രങ്ങളുള്ള റോവര്‍, റാംപ് വഴി ചന്ദ്രോപരിതലത്തില്‍ ഇറങ്ങും. ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ സഞ്ചരിക്കാന്‍ റോവറിനു കഴിയും. ചന്ദ്രനിലെ മണ്ണിന്റെ (റിഗോലിത്ത്) സാംപിള്‍ ശേഖരിച്ച് പഠനം നടത്തുന്നത് റോവറാണ്. ഇതുള്‍പ്പെടെ വിവരങ്ങള്‍ ചന്ദ്രയാന്‍ 3ല്‍നിന്നു ബെംഗളൂരുവിലെ ഇസ്ട്രാക്ക് ഗ്രൗണ്ട് സ്റ്റേഷന്‍ ശേഖരിക്കും.
Your comment?