ഓണം ബംപര്‍ അടക്കമുള്ള സംസ്ഥാന ഭാഗ്യക്കുറി ടിക്കറ്റുകളുടെ സെറ്റ് വില്‍പന വ്യാപകം
തിരുവനന്തപുരം: ഓണം ബംപര്‍ അടക്കമുള്ള സംസ്ഥാന ഭാഗ്യക്കുറി ടിക്കറ്റുകളുടെ സെറ്റ് വില്‍പന വ്യാപകം. ഇതു കാരണം ഭാഗ്യം ചിലരിലേക്കു മാത്രം ഒതുങ്ങുന്നു. ഭാഗ്യക്കുറി വകുപ്പാകട്ടെ ഇതു കണ്ടില്ലെന്നു നടിച്ച് സെറ്റ് വില്‍പനയെ പ്രോത്സാഹിപ്പിക്കുകയുമാണ്. പരമാവധി പേര്‍ക്ക് സമ്മാനങ്ങള്‍ നല്‍കുന്നതിനു വേണ്ടിയാണ് സെറ്റ് വില്‍പനയ്ക്ക് ഭാഗ്യക്കുറി വകുപ്പ് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ടിക്കറ്റുകള്‍ സെറ്റാക്കി വില്‍ക്കുന്ന ഏജന്‍സികള്‍ക്കെതിരെ ലോട്ടറി വകുപ്പ് കര്‍ശന നടപടിയെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഇപ്പോള്‍ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് പരമാവധി വരുമാനം ഉറപ്പാക്കാനുള്ള ശ്രമത്തിനിടെ ലോട്ടറി വകുപ്പ് നിയന്ത്രണങ്ങളെല്ലാം കാറ്റില്‍പറത്തുകയാണ്.
അവസാനത്തെ നാലക്കം ഒരേ സംഖ്യ വരുന്ന ടിക്കറ്റുകള്‍ ഒരുമിച്ചു വില്‍ക്കുന്ന രീതിയാണ് ഇപ്പോള്‍ വ്യാപകം. ഇത്തരത്തില്‍ നൂറിലേറെ ടിക്കറ്റുകള്‍ ഒരുമിച്ചു വില്‍ക്കുന്ന ഏജന്‍സികള്‍ വരെയുണ്ട്. നാലക്കം പരസ്യമായി എഴുതി പ്രദര്‍ശിപ്പിച്ചാണ് ടിക്കറ്റ് വില്‍പന. നൂറിലേറെ ടിക്കറ്റുകള്‍ ഒരുമിച്ച് എടുക്കുന്നവര്‍ക്കാണ് മുന്‍ഗണന. മിക്ക നറുക്കെടുപ്പിലും മൂന്നാം സമ്മാനം മുതല്‍ ഏഴാം സമ്മാനം വരെ അവസാനത്തെ നാലക്കം മാത്രം നോക്കിയാണു ലോട്ടറി വകുപ്പു നല്‍കുന്നത്. അതിനാല്‍ എടുക്കുന്ന സെറ്റിന് സമ്മാനമുണ്ടെങ്കില്‍ വന്‍ തുക കൈപ്പറ്റാം.
അടുത്തിടെ കേരള ലോട്ടറിയില്‍ സമ്മാനങ്ങള്‍ വ്യാപകമായി ലഭിക്കുന്നില്ലെന്ന പരാതിക്ക് ഒരു കാരണം സെറ്റ് വില്‍പനയാണ്. ഓണം ബംപര്‍ ലോട്ടറി ടിക്കറ്റിന്റെ ഓരോ സീരീസിലെയും ടിക്കറ്റുകള്‍ ഒരുമിച്ചു വില്‍ക്കുന്ന രീതിയും വ്യാപകമാണ്.
Your comment?