കടമ്മനിട്ട മൗണ്ട് സയന്‍ ലോ കോളജിനെതിരേ കര്‍ശന നടപടിയുമായി എംജി യൂണിവേഴ്സിറ്റി സിന്‍ഡിക്കേറ്റ്: പ്രിന്‍സിപ്പാളിനെ നീക്കാന്‍ ശിപാര്‍ശ: അഫിലിയേഷന്‍ പുനഃപരിശോധിക്കാനും തീരുമാനം
പത്തനംതിട്ട: കടമ്മനിട്ട മൗണ്ട് സയന്‍ ലോകോളജില്‍ അധ്യാപകരുടെ നിയമനത്തിലും വിദ്യാര്‍ഥികളെ പരീക്ഷയ്ക്ക് ഇരുത്തിയതിലും അടിമുടി ചട്ടലംഘനം നടന്നുവെന്ന് എം.ജി യൂണിവേഴ്സിറ്റി സിന്‍ഡിക്കേറ്റ് കണ്ടെത്തി. ഈ സാഹചര്യത്തില്‍ പ്രിന്‍സിപ്പാളിനെ നീക്കം ചെയ്യാന്‍ കോളജ് മാനേജര്‍ക്ക് നിര്‍ദേശം നല്‍കി. കോളജിന്റെ അഫിലിയേഷന്‍ പുനഃപരിശോധിക്കുവാനും തീരുമാനിച്ചിട്ടുണ്ട്. തുടരന്വേഷണത്തിന് ഏകാംഗ കമ്മിഷനെയും നിയോഗിച്ചു. വിവിധ വിദ്യാര്‍ഥികള്‍ നല്‍കിയ പരാതിയിന്മേല്‍ അന്വേഷണം നടത്തിയ അന്വേഷണ കമ്മിഷന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സിന്‍ഡിക്കേറ്റിന്റെ തീരുമാനം.
അപാകതകള്‍ പരിഹരിച്ച് യൂണിവേഴ്സിറ്റി മാനദണ്ഡ പ്രകാരം അധ്യാപക നിയമനം നടത്തി പട്ടിക യൂണിവേഴ്സിറ്റിയില്‍ ഹാജരാക്കണം. ജെയസണ്‍ ജോസഫ് സാജന്‍ എന്ന വിദ്യാര്‍ഥിയുടെ പുറത്താക്കല്‍ നടപടി പിന്‍വലിച്ച് തുടര്‍ പഠനത്തിന് അവസരം നല്‍കണം. തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ജയ്സണ്‍ വരുത്തിയ പാകപ്പിഴക്കുള്ള ശിക്ഷയായി പുറത്തു നിര്‍ത്തിയ കാലഘട്ടം പരിഗണിക്കണം. പരാതിക്കാരില്‍ ചിലരുടെ മൊഴി ഇതു വരെ രേഖപ്പെടുത്താത്ത സാഹചര്യത്തില്‍ തുടരന്വേഷണത്തിന് ഏകാംഗ കമ്മിഷനായി ഡോ. ബിജു പുഷ്പനെ നിയമിച്ചു.
മതിയായ ഹാജര്‍ ഇല്ലാത്ത വിദ്യാര്‍ഥികളില്‍ ചിലരെ പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ അനുവദിച്ചത് റദ്ദാക്കാന്‍ പരീക്ഷാ വിഭാഗത്തിന് നിര്‍ദേശം നല്‍കും. സര്‍വകലാശാല നിഷ്‌കര്‍ഷിക്കുന്ന യോഗ്യത ഇല്ലാത്ത അധ്യാപകരെ നിയമിക്കുകയും അര്‍ഹതയില്ലാത്ത വിദ്യാര്‍ഥികളെ പരീക്ഷ എഴുതാന്‍ അനുവദിക്കുകയും വഴി സര്‍വകലാശാല അഫിലിയേഷന്‍ ചട്ടങ്ങളുടെ ലംഘനം നടത്തിയതിനാല്‍ അഫിലിയേഷന്‍ പുനഃപരിശോധിക്കും. ഹാജര്‍ കുറവുള്ള വിദ്യാര്‍ഥികളെ നിയമ വിരുദ്ധമായി പരീക്ഷ എഴുതാന്‍ അനുവദിച്ച കോളജ് പ്രിന്‍സിപ്പാളിനെ തല്‍സ്ഥാനത്ത് നിന്ന് നീക്കുന്നതിന് മാനേജര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്.
Your comment?