പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കാന്‍ പുതുതായി 97 അധിക ബാച്ചുകള്‍
തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കാന്‍ പുതുതായി 97 അധിക ബാച്ചുകള്‍ അനുവദിച്ച് സര്‍ക്കാര്‍. വിദ്യാഭ്യാസ വകുപ്പിന്റെ ശുപാര്‍ശ മന്ത്രിസഭാ യോഗം അംഗീകരിക്കുകയായിരുന്നു. 97ല്‍ 57 ബാച്ചും സര്‍ക്കാര്‍ സ്‌കൂളിലാണെന്നു പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി അറിയിച്ചു.
പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി ഏറ്റവും കൂടുതല്‍ നേരിടുന്ന മലബാറിലാണു അധിക ബാച്ചുകള്‍ ഏറെയും അനുവദിച്ചത്. മലപ്പുറം ജില്ലയില്‍ 53 പുതിയ ബാച്ചുകള്‍ തുടങ്ങും. കാസര്‍കോട് 15, കോഴിക്കോട് 11, കണ്ണൂര്‍ 10, പാലക്കാട് 4, വയനാട് 4 എന്നിങ്ങനെയാണ് മറ്റു ജില്ലകളില്‍ അനുവദിച്ച താല്‍ക്കാലിക ബാച്ചുകള്‍. സംസ്ഥാനത്ത് ഒന്നാംവര്‍ഷ ഹയര്‍ സെക്കന്‍ഡറി പ്രവേശനത്തിന്റെ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിനുശേഷം വടക്കന്‍ ജില്ലകളില്‍ കൂടുതല്‍ അധിക ബാച്ചുകള്‍ അനുവദിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു
മികച്ച നിലയില്‍ പരീക്ഷ പാസായിട്ടും പ്ലസ് വണിന് പ്രവേശനം ലഭിക്കാതെ ആയിരക്കണക്കിനു വിദ്യാര്‍ഥികളാണു മലബാറില്‍ പുറത്തുനില്‍ക്കുന്നത്. നടപടിയാവശ്യപ്പെട്ട് മുസ്ലിം ലീഗ് ഉള്‍പ്പെടെയുള്ള കക്ഷികള്‍ പ്രതിഷേധത്തിലാണ്. വിഷയത്തില്‍ സ്പീക്കര്‍ എ.എന്‍.ഷംസീറിനെ വേദിയിലിരുത്തി സര്‍ക്കാരിനെതിരെ സുപ്രീം കോടതി മുന്‍ ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു രൂക്ഷവിമര്‍ശനം ഉയര്‍ത്തിയിരുന്നു.
Your comment?