‘ജനനായകന്‍’ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അന്തരിച്ചു
തിരുവനന്തപുരം:മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി (79) അന്തരിച്ചു. അര്‍ബുദത്തിന് ചികിത്സയിലിരിക്കെ ബെംഗളൂരുവിലെ ആശുപത്രിയില്‍ ഇന്നു പുലര്‍ച്ചെ 4.25നാണ് ഉമ്മന്‍ ചാണ്ടിയുടെ അന്ത്യം. അദ്ദേഹത്തിന്റെ മകന്‍ ചാണ്ടി ഉമ്മന്‍ മരണ വാര്‍ത്ത സ്ഥിരീകരിച്ച് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിട്ടിട്ടുണ്ട്.
അരനൂറ്റാണ്ടിലേറെ നിയമസഭാംഗമായിരുന്ന ഉമ്മന്‍ചാണ്ടിയുടെ പേരിലാണ് ഏറ്റവും കൂടുതല്‍ കാലം നിയമസഭാ സാമാജികനായിരുന്നതിന്റെ റെക്കോര്‍ഡ്. 1970 മുതല്‍ 2021 വരെ പുതുപ്പള്ളിയില്‍ നിന്നു തുടര്‍ച്ചയായി പന്ത്രണ്ട് തവണയാണ് നിയമസഭയിലെത്തിയത്. രണ്ടു തവണയായി ഏഴു വര്‍ഷം മുഖ്യമന്ത്രിയായിരുന്നു. തൊഴില്‍, ആഭ്യന്തരം, ധനകാര്യം എന്നീ വകുപ്പുകളുടെ മന്ത്രിയായും പ്രതിപക്ഷ നേതാവായും പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവും എഐസിസി ജനറല്‍ സെക്രട്ടറിയുമാണ്. ഭാര്യ: കനറാ ബാങ്ക് മുന്‍ ഉദ്യോഗസ്ഥ മറിയാമ്മ. മക്കള്‍: മറിയം ഉമ്മന്‍, അച്ചു ഉമ്മന്‍, ചാണ്ടി ഉമ്മന്‍.
1943 ഒക്ടോബര്‍ 31 ന് പുതുപ്പള്ളി കരോട്ട് വള്ളക്കാലില്‍ കെ.ഒ.ചാണ്ടിയുടെയും ബേബി ചാണ്ടിയുടെയും മകനായി കോട്ടയം ജില്ലയിലെ കുമരകത്താണ് ഉമ്മന്‍ ചാണ്ടി ജനിച്ചത്. മുത്തച്ഛന്‍ വി.ജെ.ഉമ്മന്‍ തിരുവിതാംകൂറിലെ ആദ്യ നിയമസഭയായ ട്രാവന്‍കൂര്‍ ലെജിസ്ലേറ്റീവ് കൗണ്‍സിലില്‍ അംഗമായിരുന്നു. പുതുപ്പള്ളി എംഡി സ്‌കൂള്‍, സെന്റ് ജോര്‍ജ് ഹൈസ്‌കൂള്‍, കോട്ടയം സിഎംഎസ്. കോളജ്, ചങ്ങനാശേരി എസ്ബി കോളജ്, എറണാകുളം ലോ കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.
സ്‌കൂള്‍കാലത്ത് അഖിലകേരള ബാലജനസഖ്യത്തിന്റെ സംസ്ഥാന പ്രസിഡന്റായിരുന്നു. അക്കാലത്തു തന്നെ കെഎസ്യുവിലൂടെ സംഘടനാ പ്രവര്‍ത്തനമാരംഭിച്ചു. കെഎസ്യുവിന്റെ പ്രസിദ്ധമായ ഒരണ സമരകാലത്ത് സമരങ്ങള്‍ക്കു നേതൃത്വം നല്‍കി. 1962 ല്‍ കെഎസ്യു കോട്ടയം ജില്ലാ സെക്രട്ടറിയായി. 65 ല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും 67 ല്‍ സംസ്ഥാന പ്രസിഡന്റുമായി. 69 ല്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.
1970 ല്‍, 27 ാം വയസ്സില്‍ പുതുപ്പള്ളിയില്‍നിന്ന് ആദ്യമായി നിയമസഭയിലെത്തി. സിപിഎമ്മിന്റെ സിറ്റിങ് സീറ്റായിരുന്ന പുതുപ്പള്ളിയില്‍ അന്നത്തെ എംഎല്‍എ ഇ.എം. ജോര്‍ജിനെയാണ് പരാജയപ്പെടുത്തിയത്. പിന്നീട് ഇന്നുവരെ ഉമ്മന്‍ ചാണ്ടി പുതുപ്പള്ളി മണ്ഡലത്തില്‍ അജയ്യനായി തുടര്‍ന്നു. 1977 ല്‍ ആദ്യ കരുണാകന്‍ മന്ത്രിസഭയില്‍ തൊഴില്‍ മന്ത്രിയായി. 82 ല്‍ ആഭ്യന്തരമന്ത്രിയും 91 ല്‍ ധനമന്ത്രിയുമായി. 1982 മുതല്‍ 86 വരെയും 2001 മുതല്‍ 2004 വരെയും യുഡിഎഫ് കണ്‍വീനറായിരുന്നു. 2004 ല്‍ എ.കെ.ആന്റണി മുഖ്യമന്ത്രിസ്ഥാനം രാജിവച്ചതിനെത്തുടര്‍ന്ന് ആദ്യമായി മുഖ്യമന്ത്രിയായ ഉമ്മന്‍ ചാണ്ടി 2011 ല്‍ വീണ്ടും മുഖ്യമന്ത്രിപദത്തിലെത്തി. 2006 മുതല്‍ 2011 വരെ പ്രതിപക്ഷ നേതാവുമായിരുന്നു.
തന്ത്രജ്ഞനായ രാഷ്ട്രീയക്കാരനെന്ന് അനുയായികളും എതിരാളികളും ഒരുപോലെ വിശേഷിപ്പിക്കുമ്പോഴും ജനങ്ങള്‍ക്കിടയില്‍ ജീവിക്കുന്ന നേതാവ് എന്നു വിളിക്കപ്പെടാനായിരുന്നു ഉമ്മന്‍ചാണ്ടിക്ക് ഇഷ്ടം. രാഷ്ട്രീയ വ്യത്യാസമില്ലാതെ ആര്‍ക്കും ഏതുനേരത്തും സമീപിക്കാവുന്ന നേതാവായിരുന്നു അദ്ദേഹം. രാഷ്ട്രീയ വിവാദങ്ങളുടെയും ആരോപണങ്ങളുടെയും കൊടുങ്കാറ്റുകളിലും അദ്ദേഹത്തെ ഉലയാതെ നിര്‍ത്തിയത് ജനപിന്തുണയിലുള്ള വിശ്വാസമായിരുന്നു.
ജനങ്ങളാണ് തന്റെ പ്രഥമപരിഗണനയെന്ന് ആവര്‍ത്തിച്ചിരുന്നതിന്റെ പ്രത്യക്ഷതെളിവായിരുന്നു മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹം ആവിഷ്‌കരിച്ച ജനസമ്പര്‍ക്കപരിപാടി. അതിനുള്ള അംഗീകാരമായി യുഎന്നിന്റെ പുരസ്‌കാരവുമെത്തി. വിഴിഞ്ഞം തുറമുഖം, കൊച്ചി മെട്രോ, കണ്ണൂര്‍ വിമാനത്താവളം എന്നിവയടക്കമുള്ള വികസന പദ്ധതികളിലും ഉമ്മന്‍ ചാണ്ടിയുടെ കയ്യൊപ്പുണ്ട്.
Your comment?