‘ലോണ്‍ ആപ്പ് ഏജന്റുമാര്‍ ബ്ളാക്ക് മെയില്‍ ചെയ്തു; നഗ്‌നചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് കുടുംബാംഗങ്ങള്‍ക്ക് അയച്ചു’
ബെംഗളൂരു: വായ്പ തിരിച്ചടയ്ക്കാത്തതിനെ തുടര്‍ന്ന്, ചൈനീസ് വായ്പാ ആപ്പിന്റെ ഏജന്റുമാര്‍ തന്റെ മകനെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായി ആത്മഹത്യ ചെയ്ത മലയാളി എന്‍ജിനീയറിങ് വിദ്യാര്‍ഥി തേജസിന്റെ പിതാവ്. മകന്റെ നഗ്‌ന ചിത്രങ്ങള്‍ കുടുംബാംഗങ്ങള്‍ക്ക് അയച്ചു. പണം തിരികെ നല്‍കാമെന്ന് ഏജന്റുമാര്‍ക്ക് ഉറപ്പു നല്‍കിയിരുന്നതായും തേജസിന്റെ പിതാവ് ഗോപിനാഥ് നായര്‍ പറഞ്ഞു.
”നഗ്‌നചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് കുടുംബാംഗങ്ങള്‍ക്ക് അയയ്ക്കുമെന്നു പറഞ്ഞ് അവര്‍ എന്റെ മകനെ ഭീഷണിപ്പെടുത്തി. ചില ചിത്രങ്ങള്‍ അവര്‍ കുടുംബാംഗങ്ങള്‍ക്ക് അയച്ചു. പണം തിരികെ നല്‍കാമെന്ന് ഞാന്‍ അവരോടു പറഞ്ഞിരുന്നു. പക്ഷേ,അവര്‍ ചൊവ്വാഴ്ച വൈകിട്ട് 6.20 വരെ അവനെ വിളിച്ചുഭീഷണി തുടര്‍ന്നു. ഇതാണ് അവനെ ആത്മഹത്യയിലേക്കു നയിച്ചത്. ഞങ്ങള്‍ക്കു ഞങ്ങളുടെ മകനെ നഷ്ടമായി.”- ഗോപിനാഥ് നായര്‍ പറഞ്ഞു.
ചൈനീസ് വായ്പാ ആപ്പായ ‘സ്ലൈസ് ആന്റ് കിസി’ല്‍ നിന്ന് തേജസ് ലോണെടുത്തിരുന്നു. എന്നാല്‍ വായ്പാതുക തിരിച്ചടയ്ക്കാന്‍ തേജസിനു സാധിച്ചില്ല. ”അമ്മേ, അച്ഛാ മാപ്പ്. ഇതല്ലാതെ എനിക്കു വേറെ വഴിയില്ല. എന്റെ പേരില്‍ എടുത്ത മറ്റു വായ്പകളും തിരിച്ചടയ്ക്കാന്‍ എനിക്കു സാധിച്ചില്ല. ഇതാണെന്റെ അന്തിമ തീരുമാനം. ഗുഡ്‌ബൈ.”- എന്നായിരുന്നു തേജസ് ആത്മഹത്യാ കുറിപ്പില്‍ കുറിച്ചത്. ബെംഗളൂരു ജാലഹള്ളിയിലെ വീട്ടില്‍ ചൊവ്വാഴ്ച വൈകിട്ടാണ് എന്‍ജിനീയറിങ് വിദ്യാര്‍ഥിയായ തേജസിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. യെലഹങ്കയിലെ നിറ്റെ മീനാക്ഷി കോളജിലെ അവസാന വര്‍ഷ മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിയാണ് തേജസ് നായര്‍. 3 വായ്പ ആപ്പുകളില്‍ നിന്നായി തേജസ് വീട്ടുകാര്‍ അറിയാതെ വായ്പ എടുത്തിരുന്നു. വായ്പ തിരിച്ചടവ് മുടങ്ങിയതോടെ ആപ് കമ്പനിക്കാര്‍ ഫോണില്‍ സ്ഥിരമായി ഭീഷണിപ്പെടുത്തിയിരുന്നതായി സുഹൃത്തുക്കള്‍ ആരോപിച്ചു.
Your comment?