യുവതാരനിരയെ ചേര്‍ത്തു നിര്‍ത്തി ഇന്ന് ‘അമ്മ’യുടെ ജനറല്‍ ബോഡി യോഗം
കൊച്ചി: യുവതാരനിരയെ ചേര്‍ത്തു നിര്‍ത്തി ഇന്ന് ‘അമ്മ’യുടെ ജനറല്‍ ബോഡി യോഗം. രാവിലെ 10നു ഗോകുലം പാര്‍ക്കിലാണു താരസംഘടനയുടെ യോഗം. 498 അംഗങ്ങളാണ് അമ്മയിലുള്ളത്. ഇതില്‍ 253 നടന്മാരും 245 നടിമാരുമുണ്ട്. 300 പേരെങ്കിലും ഇന്നത്തെ യോഗത്തിനെത്തുമെന്നു കരുതുന്നു. ഏറെക്കാലത്തെ ഇടവേളയ്ക്കു ശേഷം ജയഭാരതിയുള്‍പ്പെടെ പ്രമുഖ താരങ്ങള്‍ യോഗത്തിനെത്തുന്നുണ്ട്. പിണക്കം മാറി സംഘടനയില്‍ തിരിച്ചെത്തിയ സുരേഷ് ഗോപിയെയും പ്രതീക്ഷിക്കുന്നു.
ധ്യാന്‍ ശ്രീനിവാസന്‍, കല്യാണി പ്രിയദര്‍ശന്‍, കോട്ടയം രമേഷ് തുടങ്ങി 8 പേര്‍ക്കാണ് അടുത്തിടെ അമ്മ അംഗത്വം നല്‍കിയത്. 18 പേരുടെ അപേക്ഷയില്‍ എക്‌സിക്യൂട്ടീവ് തീരുമാനവും ഇന്നു പ്രഖ്യാപിക്കും. സിനിമയില്‍ ‘നിത്യ തലവേദന’ സൃഷ്ടിക്കുന്ന ചില യുവതാരങ്ങളും അപേക്ഷ അയച്ചു കാത്തിരിക്കുന്നുണ്ട്. അവരുടെ കാര്യത്തില്‍ ജനറല്‍ ബോഡിതന്നെ വിഷയം ചര്‍ച്ച ചെയ്‌തേക്കും.
സൈബര്‍ ലോകത്ത് അമ്മയിലെ അംഗങ്ങള്‍ വലിയ ആക്രമണം നേരിടുന്നതു സംഘടന ചര്‍ച്ച ചെയ്യും. വനിതാ അംഗങ്ങള്‍ക്കെതിരെ മോശം പരാമര്‍ശങ്ങള്‍ ചിലര്‍ സമൂഹമാധ്യമങ്ങളിലൂടെ നടത്തുന്നതു ശക്തമായി നേരിടുന്ന കാര്യവും സമൂഹമാധ്യമങ്ങളിലൂടെ സ്ഥിരമായി സിനിമാ വിമര്‍ശനം നടത്തുന്ന യുവാവ് അമ്മ പ്രസിഡന്റിനെതിരെ പരസ്യമായി ആക്ഷേപം നടത്തിയ സംഭവവും ചര്‍ച്ചയാകും.
ഇതാദ്യമായി അമ്മയുടെ സമ്മേളനത്തിന്റെ സൈബര്‍ ടെലികാസ്റ്റ് അവകാശം 10 ലക്ഷം രൂപയ്ക്ക് ഒരു കമ്പനി നേടി. സമ്മേളന ഹാളിലെ ചര്‍ച്ച ഒഴികെയുള്ള കാര്യങ്ങള്‍ ഈ കമ്പനിയുടെ ചാനല്‍ വഴി ടെലികാസ്റ്റ് ചെയ്യും.
കഴിഞ്ഞ സമ്മേളനത്തിനു ശേഷം വിടവാങ്ങിയ മുന്‍ പ്രസിഡന്റ് ഇന്നസന്റ്, പ്രതാപ് പോത്തന്‍, കാര്യവട്ടം ശശികുമാര്‍, മിഗ്ദാദ്, കൊച്ചുപ്രേമന്‍, കാലടി ജയന്‍, മാമുക്കോയ, ടി.പി. പ്രതാപന്‍, പൂജപ്പുര രവി എന്നിവര്‍ക്ക് ആദരാഞ്ജലിയര്‍പ്പിക്കും. 117 പേര്‍ക്കാണ് അമ്മയുടെ കൈനീട്ട പദ്ധതിയില്‍ പ്രതിമാസം 5,000 രൂപ വീതം നല്‍കുന്നത്. അംഗങ്ങള്‍ക്ക് 5 ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയും നിലവിലുണ്ട്.
Your comment?