ജ്വല്ലറിയില്‍ പോകാതെ സ്വര്‍ണം എടിഎമ്മില്‍ നിന്ന് എടുക്കാം
ആവശ്യക്കാര്‍ക്ക് ഏതു സമയവും പണം ലഭിക്കുന്ന സംവിധാനമാണ് ഓട്ടമേറ്റഡ് ടെല്ലര്‍ മെഷീന്‍ (എടിഎം). എന്നാല്‍, എടിഎമ്മില്‍ നിന്ന് ഇപ്പോള്‍ സ്വര്‍ണവും എടുക്കാമെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഗോള്‍ഡ്സിക്ക എടിഎം ആണ് ഇന്ത്യയിലെ ആദ്യത്തെ ഗോള്‍ഡ് എടിഎമ്മും ലോകത്തിലെ ആദ്യത്തെ തത്സമയ ഗോള്‍ഡ് എടിഎമ്മും അവതരിപ്പിച്ചത്.
ഉപഭോക്താക്കള്‍ക്ക് ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് ഗോള്‍ഡ് എടിഎമ്മില്‍ നിന്ന് പണം പോലെ സ്വര്‍ണ നാണയങ്ങള്‍ പിന്‍വലിക്കാം. ഹൈദരാബാദിലെ ബേഗംപേട്ടില്‍ അടുത്തിടെയാണ് ഗോള്‍ഡ് എടിഎം തുടങ്ങിയത്. സ്വര്‍ണ വിതരണ കമ്പനിയായ ഗോള്‍ഡ്സിക്ക പ്രൈവറ്റ് ലിമിറ്റഡ്, സാങ്കേതിക പിന്തുണയ്ക്കായി ഹൈദരാബാദ് ആസ്ഥാനമായുള്ള സ്റ്റാര്‍ട്ടപ്പായ M/s ഓപ്പണ്‍ക്യൂബ് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡുമായി സഹകരിച്ച് ഡിസംബര്‍ 3 നാണ് ആദ്യത്തെ ഗോള്‍ഡ് എടിഎം സ്ഥാപിച്ചത്. ജ്വല്ലറിയില്‍ പോകാതെ തന്നെ സ്വര്‍ണം വാങ്ങാന്‍ സഹായിക്കുന്ന ഗോള്‍ഡ് എടിഎം വൈകാതെ കൂടുതല്‍ നഗരങ്ങളില്‍ വരുമെന്നാണ് റിപ്പോര്‍ട്ട്.
ഗോള്‍ഡ് എടിഎം മുഴുവന്‍ സമയവും പ്രവര്‍ത്തിക്കും. വിപണിയിലെ ഏറ്റവും കുറഞ്ഞ നിരക്കില്‍ സ്വര്‍ണം വാങ്ങാന്‍ കഴിയും. ഈ എടിഎമ്മിന് 5 കിലോഗ്രാം സ്വര്‍ണം വരെ സൂക്ഷിക്കാനുള്ള ശേഷിയുണ്ട്. കൂടാതെ 0.5 ഗ്രാം മുതല്‍ 100 ഗ്രാം വരെ അളവില്‍ എട്ട് ഓപ്ഷനുകളിലായി സ്വര്‍ണം വാങ്ങാം. ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ കൂടാതെ സ്വര്‍ണം വാങ്ങാന്‍ ഉപയോഗിക്കാവുന്ന പ്രീപെയ്ഡ്, പോസ്റ്റ്‌പെയ്ഡ് സ്മാര്‍ട് കാര്‍ഡുകളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.
ഗോള്‍ഡ് എടിഎമ്മുകളില്‍ നിന്ന് ലഭിക്കുന്ന എല്ലാ സ്വര്‍ണ കറന്‍സികളും 24 കാരറ്റ് സ്വര്‍ണമാണ്. ഇത് ഏറ്റവും ശുദ്ധമായ സ്വര്‍ണമായി കണക്കാക്കപ്പെടുന്നു. കൂടാതെ, വിപണിയിലെ മാറ്റങ്ങളെക്കുറിച്ച് ഉപഭോക്താക്കളെ അറിയിക്കുന്നതിന് നിലവിലെ സ്വര്‍ണ വിലയും എടിഎമ്മില്‍ പ്രദര്‍ശിപ്പിക്കുന്നു. സ്വര്‍ണ നാണയങ്ങള്‍ 0.5 ഗ്രാം മുതല്‍ 100 ഗ്രാം വരെ തൂക്കങ്ങളില്‍ ലഭ്യമാണ്. എന്നാല്‍ 0.5 ഗ്രാമില്‍ താഴെയോ 100 ഗ്രാമില്‍ കൂടുതലോ ആര്‍ക്കും വാങ്ങാന്‍ കഴിയില്ലെന്നും കമ്പനി വക്താവ് പറഞ്ഞു.
Your comment?